-->
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കേ മലയോര ജനതയെ ലക്ഷ്യമാക്കിയുള്ള ബില്ലുകളുമായി സംസ്ഥാന സര്‍ക്കാര്‍. നാട്ടിലിറങ്ങുന്ന കാട്ടമൃഗങ്ങളെ കൈകാര്യം ചെയ്യല്‍, ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കല്‍, വനംകേസുകള്‍ തുടങ്ങിയവയെല്ലാം പരിഗണിക്കുന്നുണ്ട്.
ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. മലയോര ജനതയെ ലക്ഷ്യമിട്ടുള്ള ബില്ലിന് പക്ഷേ കേന്ദ്രനിയമം തടസ്സമാകുമോ എന്ന ആശങ്കയുമുണ്ട്.
വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. കേന്ദ്ര നിയമമുള്ളതിനാല്‍ ഇത് നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം.
അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്‍, സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്‍, വനം കേസുകളുടെ ഒത്തുതീര്‍പ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി, ഇക്കോ ടൂറിസം എന്നിവയും മന്ത്രിസഭായോഗം പരിഗണിക്കും. ഈ സഭാ സമ്മേളനത്തില്‍ തന്നെ ഇതെല്ലാം അവതരിപ്പിക്കാനാണ് നീക്കം.