Wednesday, March 11, 2026 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
ധനേഷ് കൃഷ്ണ
Wednesday 03 Sep 2025 09.45 PM

മറ്റൊരു ലോഹിതദാസ്

ധീരന്‍ ഹിറ്റായതോടെ ധീരന്റെ ഛായാഗ്രഹകനായ ഹരികൃഷ്ണന്‍ ലോഹിതദാസും സന്തോഷത്തിന്റെ മൂഡിലാണ്. 30 ഓളം ചെറുസിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച് മോളിവുഡിലേക്ക് പ്രവേശിച്ച ഹരികൃഷ്ണന്‍ ലോഹിതദാസ് നാള്‍വഴികള്‍ ഓര്‍ക്കുന്നു.
uploads/news/2025/09/799131/Harikrishnan.jpg

ഓണത്തിനു മുന്നോടിയായി ഒ.ടി.ടി. യിലും റിലീസായ ധീരന്‍ എന്ന സിനിമ ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്. ധീരന്‍ ഹിറ്റായതോടെ ധീരന്റെ ഛായാഗ്രഹകനായ ഹരികൃഷ്ണന്‍ ലോഹിതദാസും സന്തോഷത്തിന്റെ മൂഡിലാണ്. 30 ഓളം ചെറുസിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച് മോളിവുഡിലേക്ക് പ്രവേശിച്ച ഹരികൃഷ്ണന്‍ ലോഹിതദാസ് നാള്‍വഴികള്‍ ഓര്‍ക്കുന്നു.

ഹരികൃഷ്ണനിലെ ഛായാഗ്രഹകനെ കുറിച്ച് ?

വാക്കുകളും എഴുത്തുമാണ് എന്നില്‍ സ്വതസിദ്ധമായിട്ടുള്ളത്. എന്നാല്‍ കുട്ടിക്കാലംമുതല്‍ എന്റെ മോഹമാണ് സിനിമാട്ടോഗ്രഹി. സെറ്റുകളില്‍ പല സിനിമാട്ടോഗ്രാഫര്‍മാരെ കണ്ടുതന്നെയാണ് ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്. ആഗ്രഹം പോലെ പിന്നീട് സിനിമാട്ടോഗ്രാഫിയെ കുറിച്ച് കൂടുതല്‍ അറിയാനും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് നമ്മള്‍ കാണുന്നതിനേക്കാള്‍ രസകരമായ ഒന്നാണെന്ന് ഛായഗ്രഹണം എന്ന് അറിയുന്നത്. സിനിമാട്ടോഗ്രഫി എന്ന ആഗ്രഹത്തിനുവേണ്ടിയാണ് ഉള്ളിലുള്ള എഴുത്ത് തത്കാലം മാറ്റിവച്ച് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ധീരനിലേക്ക് എത്തിയ സാഹചര്യം ?

ധീരനിലേക്ക് എത്തുന്നത് സംവിധായകന്‍ ദേവദത്ത് ഷാജി എന്ന സുഹൃത്തിലൂടെയാണ്. ഞങ്ങള്‍ മുമ്പ് ചെറുസിനിമകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ സിനിമയെ കുറിച്ച് ചര്‍ച്ചകളും പുതിയ ചിന്തകളും ഉണ്ടായിട്ടുണ്ട്. പിന്നെ ചീയേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനി എന്നെ പോലുള്ള തുടക്കക്കാരന് അവസരം തരാന്‍ തയാറായി. അങ്ങനെ എല്ലാംകൂടി ചേര്‍ന്നുവന്നപ്പോള്‍ ധീരന്റെ ഛായഗ്രഹനായി. ഇതിനുമുമ്പ് പല പ്രൊജക്ടുകളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പ്രളയശേഷം ഒരു ജലകന്യകയാണ് ആദ്യംചെയ്യുന്ന സിനിമ.

കുട്ടിക്കാലത്തെ സിനിമാ സ്വപ്നം ?

സാധാരണ ഒരാളുടെ ബാല്യവും കൗമാരവും തന്നെയാണ് ഉണ്ടായിട്ടുള്ളത്. പിന്നെ അച്ഛന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു ഞാനും അനിയന്‍ വിജയശങ്കറും വീട്ടില് മാത്രം ഇരിക്കുന്നവരാകരുത്. അതുകൊണ്ട് തന്നെ ഊരുതെണ്ടികളെ പോലെയായിരുന്നു. എപ്പോഴും വീടിനു പുറത്തായിരുന്നു. അവധികാലങ്ങളിലെല്ലാം സെറ്റുകളില്‍ ചെല്ലുന്നത് പതിവായിരുന്നു. പണ്ട് അധ്യാപകരൊക്കെ പറയും സിനിമ അല്ല ജീവിതം എന്ന്, പക്ഷേ എനിക്ക് സിനിമ തന്നെയാണ് ജീവിതം. സെറ്റുകളിലുള്ള ജീവിതത്തില്‍നിന്നാകാം സിനിമാകാരനാകണം എന്ന ആഗ്രഹം ഉണ്ടായത്.

uploads/news/2025/09/799131/Harikrishnan-lohi.jpg

സ്‌കൂള്‍, കോളജ്. പഠനകാലം ?

പഠിച്ചുതുടങ്ങുന്നത് ഒരു മലയാളം മീഡിയം സ്‌കൂളില്‍നിന്നാണ്. അച്ഛന് നിര്‍ബന്ധമായിരുന്നു മലയാളം മീഡിയത്തില്‍നിന്ന് പഠിച്ചുതുടങ്ങണം എന്നുള്ളത്. പിന്നീട് ഊട്ടിയിലും എറണാകുളത്തുമായിരുന്നു സ്‌കൂള്‍ പഠനകാലം. എന്റെ ഒരു ആഗ്രഹം ആയിരുന്നു സാധാരണക്കാര്‍ പഠിക്കുന്ന കോളജില് പഠിക്കണമെന്നുള്ളത്. കോയമ്പത്തൂര്‍ സി.എം.എസ്. കോളജിലായിരുന്നു പഠിച്ചത്. പിന്നീട് സിനിമാട്ടോഗ്രഫി പഠിക്കാന്‍ ചെന്നൈ എല്‍.വി. പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഉള്ളിലെ സിനിമ എങ്ങനെ കാണണം എങ്ങനെ ആവണം എന്നെല്ലാം രൂപപ്പെടുത്തിയത് അവിടെത്തെ പഠനവും തുടര്‍ന്നുള്ള സിനിമാ കാണലുമാണ്.

ചെറുസിനിമകള്‍ പിടിച്ചുനടന്ന കാലം ?

മുപ്പതോളം ഷോര്‍ട്ഫിലിമുകളും നിരവധി പരസ്യ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. ഷോര്‍ട് ഫിലിമുകളാണ് എന്റെ ഇഷ്ടമുള്ള മേഖല, അന്നും ഇന്നും ഷോര്‍ട്ഫിലിമുകള്‍ എനിക്ക് ഇഷ്ടമാണ്. ഷോട്ട്ഫിലിമുകളിലൂടെയാണ് ഒരു കഥ പറയാന്‍ എന്നെ സഹായിച്ചിരിക്കുന്നത്. ഒരു ഫോര്‍ട്ട്ഫിലിമില്‍ എങ്ങനെയാണ് ഒരു ചുരുങ്ങിയ സീനുകളില്‍ കഥ പറയുക എന്നുള്ളതാണ്. ഷോര്‍ട്ഫിലിമുകള്‍ ഷൂട്ടുചെയ്യുക എന്നുള്ളത് പണ്ടുതൊട്ടേ എന്റെ ഒരു ആഗ്രമാണ്. തുടര്‍ന്നും സിനിമയക്കുശേഷവും ഷോര്‍ട്ട്ഫിലിമുകള്‍ ഷൂട്ടുചെയ്യണമെന്നാണ് ആഗ്രഹം. ഷോര്‍ട്ട്ഫിലിമുകളിലൂടെ ഉണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിവച്ചത്.

സംവിധാനം, എഴുത്ത്, അഭിനയം ?

മുഖ്യമായും ഫോക്കസ് ചെയ്യുന്നത് ഛായാഗ്രഹണം തന്നെയാണ്. സംവിധാനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എന്റെ പ്ലസ് ടു പഠനക്കാലത്ത് അഭിനയത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പിന്നീട് ചെറിയ രീതിയില്‍ അഭിനയിക്കാനൊക്കെ പോയിട്ടുണ്ട്. ഇപ്പോള്‍ തത്കാലം അഭിനയത്തെ കുറിച്ച് ചിന്തിട്ടില്ല. അഭിനയിക്കില്ല എന്ന് പറയുന്നില്ല. പിന്നെ എനിക്ക് എന്റെ സ്വകാര്യ ജീവിതം വളരെ പ്രാധാനപ്പെട്ടതാണ്. ഛായാഗ്രഹണത്തോടൊപ്പം ആഗ്രമുള്ളത് എഴുത്താണ്. വളരെ കാലമായി നിര്‍ത്തിവച്ച എഴുത്ത് തുടരാന്‍ ആഗ്രഹമുണ്ട്. അതിന്റെ സ്‌ക്രീനിന് വേണ്ടിയുള്ള എഴുത്ത് നടക്കുന്നുണ്ട്. അത് നല്ല രീതിയില്‍ പോകുന്നു. ഒരു റൈട്ടര്‍-സിനിമാട്ടോഗ്രാഫര്‍ എന്ന ലേബലില്‍ സ്‌ക്രീനില്‍ എന്റെ പേര് കാണാന്‍ ആഗ്രഹിക്കുന്നു.

ഛായാഗ്രഹണപഠനം, പരിശീലന കാലം ?

ഛായാഗ്രഹണം പഠിച്ചത് ചെന്നൈ എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയിലായിരുന്നു. 2011-13 ബാച്ചായിരുന്നു. വേണു സാറിന്റെ കൂടെയും ജോമോന്‍ ടി ജോണ്‍, ഗിരീഷ് ഗംഗാധരന്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരുടെ കൂടെയെല്ലാം വര്‍ക്കുചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് സെറ്റ് എക്‌സ്പീരിയന്‍സ് ഉള്‍പ്പെടെയുള്ള കുറേ കാര്യങ്ങള്‍ പഠിക്കാനായി. പിന്നീട് ഷോര്‍ട്ഫിലിമുകള്‍ ചെയ്തും ഛായാഗ്രഹണത്തിന്‍റെ പരിശീലനം നേടി.

ഹരികൃഷ്ണന്‍ എന്ന ഛായാഗ്രഹകന്‍ കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നത് എങ്ങനെയാണ് ?

സ്‌ക്രീന്‍പ്ലേയും പിന്നെ സംവിധായകന്റെ കാഴ്ചപ്പാടുകളുമാണ് ഞാന്‍ പകര്‍ത്തിയിട്ടുള്ളത്. ഇങ്ങനെയൊരു ഷോട്ട് വേണം എന്നതിനു പകരം അത് എങ്ങനെ വീക്ഷിക്കണം എന്നാണ് നോക്കിയിട്ടുള്ളത്. അത് ഏറ്റവും ലളിതമായ രീതിയില്‍ ഒപ്പിയെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യമാണെങ്കില്‍ സ്‌റ്റൈലീഷായും പകര്‍ത്താറുണ്ട്. എങ്ങനെയാണ് കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നു എന്ന് ചോദിച്ചാല്‍ 'ക്യാരക്ടര്‍ ജെനുവിനിറ്റി' ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നടന്‍ ചോദിക്കുന്നതുപോലെ ഒരു കഥാപാത്രത്തിന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഞാന്‍ ചോദിച്ചറിയാറുണ്ട്. വെറുതെ ആ കഥാപാത്രത്തെ ഒപ്പിയെടുക്കാതെ കഥാപാത്രം മനസിലേക്ക് ഏറ്റെടുക്കാറുണ്ട്. കഥാപാത്രം മോള്‍ഡ് ചെയ്ത് എടുക്കാന്‍, കഥാപാത്രത്തിന്റെ ഭാവത്തിനും വേഷത്തിനും അനുസരിച്ച് ലൈറ്റ് ക്രമീകരിക്കാനും ഡീറ്റെയില്‍സ് അറിയുന്നത് നല്ലതാണെന്ന് ഞാന്‍ മനസിലാക്കുന്നു.

uploads/news/2025/09/799131/Dheeran.jpg

അച്ഛന്റെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട മൂന്നുസിനിമകള്‍ ?

അച്ഛന്‍ എഴുതിയ മൂന്ന് സിനിമകള്‍ ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നത് അച്ഛന്‍ എഴുതി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയും അച്ഛന്‍ എഴുതിയ അമരവും കൗരവരുമാണ്. അതിന് കാരണം എന്നില്‍ ഡോമിനന്റ് ആയി നില്‍ക്കുന്ന വികാരം പറയുന്ന സിനിമകളായത് കൊണ്ടാണ്. ഫാദര്‍ഹുഡ് എന്‍ജോയ് ചെയ്യുന്ന സമയംകൂടി ആയതുകൊണ്ടാണ് ഈ സിനിമകള്‍ ഇപ്പോള്‍ എടുത്ത് പറഞ്ഞത്.

മലയാളത്തില്‍ ഹരികൃഷ്ണനെ സ്വാധീനിച്ച സിനിമകള്‍ ?

കാണുന്ന സിനിമകളെല്ലാം സ്വാധീനിക്കാറുണ്ട്, ചിലപ്പോള്‍ എങ്ങനെ ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനൊക്കെ ആയിരിക്കും ആ സ്വാധീനം. താഴ് വാരം വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. അതുപോലെ മഹേഷിന്റെ പ്രതികാരം. അച്ഛന്‍റെ സിനിമകള്‍ പൊതുവെ എടുത്ത് പറയുന്നില്ല. എന്റെ ഇമോഷന്‍ അനുസരിച്ച് അപ്പോഴത്തെ ഫീലിങ്ങ് അനുസരിച്ച് ഏതെങ്കിലും സിനിമയിലേക്ക് ഞാന്‍ ചെന്നെത്തും. കഥാപാത്ര സൃഷ്ടിക്കായി അച്ഛന്റെ സിനിമകള്‍ തിരിഞ്ഞുനോക്കാറുണ്ട്

അച്ഛന്‍ തിരക്കഥ എഴുതുന്നത് കണ്ടിട്ടുണ്ടോ ?

അച്ഛന്റെ എഴുത്തു മുറികളില്‍ ഞങ്ങള്‍ വന്നിരുന്നിട്ടുണ്ട്. പക്ഷേ ആ കാഴ്ചാമണ്ഡലങ്ങളില്‍വന്ന് ബുദ്ധിമുട്ടിക്കാതെയാണ് ഇരുന്നിട്ടുള്ളത്. കുട്ടികളായിരുന്ന കാലത്ത് കട്ടിലിന്റെ അടിയിലിരുന്ന് അച്ഛന്‍ എഴുന്നത് നോക്കിയിരിക്കും. അച്ഛന്‍ അഭിനയിച്ചുകൊണ്ടാണ് എഴുതുക. അതുകൊണ്ട് തന്നെ ആ മുറിക്കകത്ത് കഥാപാത്രങ്ങള്‍ വന്നുപോകുന്ന പ്രതീതിപോലെയാണ്.

അച്ഛന്‍ ചെറിയ മുറിയിലേക്ക് ഒതുങ്ങി ഇരുന്നാണ് എഴുതുറുള്ളത്. എറെകുറെ ഷൂട്ടിങ്ങിനോടൊപ്പം തന്നെയാണ് തിരക്കഥാ രചന നടക്കാറുള്ളത്. അച്ഛന് ഒരു ചിന്താകാലം ഉണ്ട്. എഴുത്തിനു മുമ്പ് ഇതെല്ലാം രൂപപ്പെടുന്ന കാലം. അപ്പോ നിശബ്ദനായിരിക്കും. കൂടുതലും ചിന്തയില്‍ തന്നെയായിരിക്കും. ആ സമയത്തൊന്നും യാത്രയോ വാഹനമോടിക്കുകയോ ചെയ്യാറില്ല.

എഴുത്തുമുറിക്ക് അകത്ത് ഒരു ഡിവൈന്‍ ഫീലിങ് ആണ്. അചഛന്‍ പറയുന്നതുപോലെ അച്ഛന്‍ ഇതൊന്നും തന്നെ എഴുതുന്നതല്ല, അച്ഛനിലൂടെ എഴുതപ്പെടുന്നതാണ്. ഒരു ഡിവൈന്‍ എനര്‍ജി ഇതിലൂടെ പ്രവര്‍ത്തിക്കുന്നു, അത്രതന്നെ. അതുപോലെ എഴുതണമെങ്കില്‍ ഇമോഷ്ണല്‍ കണക്ഷനും , അനുവഭങ്ങളും വേണം. എഴുത്തുമുറിയിലേക്ക് ഞാനും അനിയനും ചെല്ലുന്ന സമയത്ത് 'അച്ഛനെ ബുദ്ധിമുട്ടിപ്പിക്കല്ലേ' യെന്ന് അമ്മ പറയും. അച്ഛന്റെ എഴുത്തുമുറി രസകരമായ അനുഭവമാണ്.

അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ഓണം ഓര്‍മ ?

എല്ലാ ആഘോഷങ്ങളും ആഘോഷിക്കേണ്ടതാണ് ഓണമായാലും വിഷുവായാലും ആഘോഷിക്കേണ്ടതു തന്നെ എന്നുള്ളതാണ് അച്ഛന്റെ നിലപാട്. ഇന്നത്തെ ആഘോഷം ഇന്ന് ആഘോഷിക്കണം, നാളെ നമ്മള്‍ ഉണ്ടോ എന്ന് അറിയില്ലല്ലോ, ആഘോഷങ്ങള്‍ അച്ഛന്‍ അടുത്ത പ്രാവശ്യത്തേക്ക് മാറ്റിവയ്ക്കാറില്ല. ഓണക്കാലത്ത് ഒരുമിച്ചുണ്ടാകും, ചിലപ്പോള്‍ വീട്ടിലായിരിക്കും, അല്ലെങ്കില്‍ യാത്രയിലോ സെറ്റിലോ ആയിരിക്കും , എവിടെ ആയാലും ഓണത്തിനു ഒരുമിച്ചായിരിക്കും. ഓണം ആചാരത്തിനും ചടങ്ങിനും അപ്പുറം എല്ലാവരും ഒത്തുകൂടുക, ഒരുമിച്ചുണ്ടാകുന്നത് സന്തോഷമുള്ള കാര്യമല്ലേ. അതുകൊണ്ട് ഓണത്തിനു ഞങ്ങള്‍ എപ്പോഴും ഒരുമിച്ച് ആയിരിക്കും.

ധനേഷ് കൃഷ്ണ

Ads by Google
ധനേഷ് കൃഷ്ണ
Wednesday 03 Sep 2025 09.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW