-->
പാലക്കാട്/മലപ്പുറം: തേവലക്കരയില്‍ വിദ്യാര്‍ത്ഥിയും കൊണ്ടോട്ടിയില്‍ വയോധികനും ഷോക്കേറ്റ് മരണമടഞ്ഞ സംഭവത്തില്‍ പാലക്കാട്ടും മലപ്പുറത്തും കെഎസ്ഇബി ഓഫീസിലേക്കും മന്ത്രിയുടെ ഓഫീസിലേക്കും യൂത്ത്‌ലീഗും ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരേ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പാലക്കാട്ടെ ഓഫീസിന് മുന്നിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.
വൈദ്യുതിമന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് ജില്ലാനേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക ബിജെപി ഘടകമാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ചും ജലപീരങ്കി പ്രയോഗിച്ചും പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലേക്കാണ് ബിജെപി ജില്ലാനേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. രണ്ടുതവണ ജലപീരങ്കി പ്രയോഗത്തില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡുകള്‍ തള്ളിയിടാന്‍ ശ്രമിച്ചു.
മലപ്പുറത്ത് ഷോക്കേറ്റ് വയോധികന്‍ മരണമടഞ്ഞ സംഭവത്തില്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന പോലീസുമായി ഉന്തുംതള്ളുമുണ്ടാക്കി. കൊണ്ടോട്ടി കെ.എസ്.ഇ.ബി ഓഫീസിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ വളയുകയും ചെയ്തു. അകത്തുകയറിയ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.