-->
തിരുവനന്തപുരം: നാടകീയരംഗങ്ങള്‍ അരങ്ങേറുന്ന കേരളാസര്‍വകലാശാലയില്‍ ഫയല്‍നീക്കം പ്രതിസന്ധിയില്‍. പുതിയതായി വി.സി. ചുമതലപ്പെടുത്തിയ മിനികാപ്പന് ഇ ഫയലിന്റെ അക്‌സസ് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനില്‍ക്കുകയാണ്. രജിസ്ട്രാര്‍ അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ നോക്കില്ലെന്ന് നിലപാട് എടുത്തിരിക്കുന്ന വി.സി. ഇ ഫയല്‍ സിസ്റ്റത്തിന്റെ അഡ്മിന്‍ അക്‌സസ് മിനി കാപ്പന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഫയലുകള്‍ മിനികാപ്പന് തന്നെ നല്‍കണമെന്ന ജോയന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായിട്ടാണ് സൂചന.
നേരത്തേ അനില്‍കുമാര്‍ ഈ ഫയലുകള്‍ വഴി വി.സി.യ്ക്ക് അയച്ച ഫയലുകള്‍ അദ്ദേഹം നോക്കിയിരുന്നില്ല. അതേസമയം താന്‍ നിയോഗിച്ച റജിസ്റ്റാര്‍ മിനികാപ്പന്‍ അയച്ച 25 ഫയലുകള്‍ നോക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ അനില്‍കുമാറിനെ ഒഴിവാക്കാന്‍ തനിക്ക് നേരിട്ട് ഫയല്‍ അയയ്ക്കാന്‍ ജോ. രജിസ്റ്റാര്‍മാര്‍ക്ക് വി.സി.നിര്‍ദേശം നല്‍കിയിരുന്നെങ്കിലൂം അവര്‍ അയച്ച ഫയലുകള്‍ വി.സി. അംഗീകരിച്ചില്ല. പകരം മിനികാപ്പന്‍വഴി തനിക്ക് ഫയലുകള്‍ അയച്ചാല്‍ മതിയെന്ന നിലപാടാണ് വി.സി. എടുത്തിരിക്കുന്നത്.
ഇ ഫയലിംഗിന്റെ അഡ്മിന്‍ അക്‌സസ് മിനികാപ്പന് നല്‍കണമെന്ന നിലപാടിലാണ് വി.സി. അതിനിടയില്‍ സര്‍വകലാശാലയ്ക്ക് ഇ ഫയലിംഗ് നല്‍കുന്ന സര്‍വീസ് പ്രൊവൈഡര്‍മാരെ മാറ്റാനും വി.സി. ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. കെല്‍ട്രോണാണ് സര്‍വീസ് പ്രൊവൈഡര്‍. ഇത് സാങ്കേതിക സര്‍വകലാശാലയ്ക്ക് നല്‍കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് വിവരം. അതേസമയം താല്‍ക്കാലിക വൈസ് ചാന്‍സലര്‍ മോഹന്‍കുന്നുമ്മേല്‍ സര്‍വകലാശാലയില്‍ ഇതുവരെ എത്തിയിട്ടില്ല. വി.സി.യ്ക്ക് എതിരേ പ്രതിഷേധം തുടരാനാണ് എസ്എഫ്‌ഐ ഉദ്ദേശിക്കുന്നത്.