Thursday, March 12, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 08.47 AM

വി.സി. പിരിച്ചുവിട്ട മീറ്റിംഗില്‍ പങ്കെടുത്തു ; കേരളാസര്‍വകലാശാലയില്‍ ജോ. റജിസ്ട്രാര്‍ക്ക് എതിരേ നടപടിക്ക് സാധ്യത

uploads/news/2025/07/789868/kerala-university.jpg

തിരുവനന്തപുരം: കേരളാസര്‍വകലാശാലയില്‍ സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന പോരിന്റെ ഭാഗമായി ജോയിന്റ റജിസ്ട്രാര്‍ക്ക് എതിരേ നടപടിക്ക് സാധ്യത. വി.സി. പിരിച്ചുവിട്ട മീറ്റിംഗില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന്റെ ഇടപെടൽ ചട്ടവിരുദ്ധം എന്ന് വിലയിരുത്തിയാണ് താത്കാലിക വി സി സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി അടിയന്തര സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കിയിരുന്നു. യോഗം പിരിച്ചുവിട്ട് താന്‍ ഇറങ്ങിപ്പോന്നശേഷം കൈക്കൊണ്ട തീരുമാനത്തിനു സാധുതയില്ലെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച, വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. സിസാ തോമസിന്റെ പ്രതികരണം.

വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ചുമതല ഇന്നലെ വൈകുന്നേരം 4.30 ന് ഏറ്റെടുത്തിരുന്നു. സിന്‍ഡി ക്കേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. രജിസ്ട്രാറെ നിയമിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും വി.സിയുടെ തീരുമാനം ചട്ടങ്ങള്‍ മറികടന്നാ ണെന്നും ചൂണ്ടിക്കാട്ടിയാണ് യോഗം സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍, രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്യണമെന്ന അനില്‍കു മാറി ന്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. വി.സി. മോഹന്‍ കുന്നുമ്മല്‍ വിദേശപര്യടനത്തിലായതിനാലാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി. ഡോ. സിസാ തോമസിനു പകരം ചുമതല നല്‍കിയത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം ഡോ. സിസാ തോമസ് അംഗീകരിച്ചില്ല. ആ വിഷയം അജന്‍ഡയില്‍ ഇല്ലെന്നായിരുന്നു മറുപടി.

താന്‍ യോഗം പിരിച്ചുവിട്ടശേഷമുള്ള തീരുമാനത്തിനു നിയമസാധുതയില്ലെന്നും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്നും സിസാ തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു. അധ്യക്ഷ യോഗം അവസാനിപ്പിച്ചശേഷം നടന്നത് കുശലാന്വേഷണം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ വിവാദം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് പ്രത്യേകസമിതിയെ നിയോഗിച്ചു. അഡ്വ. ജി. മുരളീധരന്‍, ഡോ നസീബ് എന്നിവരാണ് സമിതി അംഗങ്ങള്‍.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW