-->
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേക്കു യാത്ര തിരിച്ചു. പലകുറിമാറ്റിവച്ച ദൗത്യം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് പോയത്.
ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ ഉള്‍പ്പെടുന്നതാണു ആക്‌സിയം-4 ദൗത്യം. ദൗത്യത്തിന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ നേതൃത്വം നല്‍കും. ശുഭാംശു ശുക്ല മിഷന്‍ ആയിരുന്നു പൈലറ്റ്. ഹംഗേറിയന്‍ ബഹിരാകാശയാത്രികനായ ടിബോര്‍ കാപുവും പോളണ്ടിലെ സ്‌ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കിയും ദൗത്യത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ മാസം 29 നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീട് പലതവണ മാറ്റിവച്ചു. ജൂണ്‍ 8, 10, 11, 19, 22 എന്നീ തീയതികള്‍ ദൗത്യമുണ്ടാകുമെന്നു പിന്നീട് അറിയിപ്പെത്തി. സാങ്കേതിക പ്രശ്‌നങ്ങളാണു ദൗത്യത്തിനു തിരിച്ചടിയായത്. ശുഭാംശുവും സംഘവും 14 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ചെലവിടും. ദൗത്യത്തില്‍ 60 ലധികം പരീക്ഷണങ്ങളുണ്ടാകും. 31 രാജ്യങ്ങളുടെ സഹകരണമാണ് ഉണ്ടായിരിക്കുന്നത്.
ബഹിരാകാശത്ത് പോകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായിട്ടാണ് ശുഭാഗശു മാറിയത്. അതേസമയം ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരമൊരു ദൗത്യം നടത്തുന്നത്.
ആരോഗ്യം ഭൗമനിരീക്ഷണം, ഭൗതീകശാസ്ത്രം എന്നീവിഭാഗത്തില്‍ വരുന്ന പരീക്ഷണങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ് ആക്‌സിയം 4 ന്റെ പൈലറ്റ്. ഐഎസ്ആര്‍ഒയുടെ വക ഏഴു പരീക്ഷണങ്ങള്‍ ഉണ്ടാകും.