Monday, March 23, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 09.54 AM

പ്രണയപ്പകയില്‍ വ്യാജ ബോംബ് ഭീഷണി; 12 സംസ്ഥാനങ്ങളിലായി 21 ഭീഷണികള്‍ ; കുടുങ്ങിയത് ചെന്നൈയില്‍ റോബോട്ടിക്‌സ് എഞ്ചിനീയര്‍

uploads/news/2025/06/787875/engineer.jpg

ചെന്നൈ/അഹമ്മദാബാദ്: പ്രണയപ്പകയുടെ പേരില്‍ സഹപ്രവര്‍ത്തകനെ കുടുക്കാന്‍ വ്യാപകമായി വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയും റോബോട്ടിക്‌സ് എന്‍ജിനീയറുമായ റെനെ ജോഷില്‍ഡ(30)യെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

റെനെയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിന്റെ പേരില്‍ ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ചാണ് വ്യാജബോംബ് ഭീഷണിസന്ദേശങ്ങള്‍ അയച്ചിരുന്നത്. ദിവിജിനെ വിവാഹം കഴിക്കാന്‍ റെനെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരില്‍ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രണയപ്പകയുമായി റെനെ ഇറങ്ങിത്തിരിച്ചത്.

ദിവിജിനെ കള്ളക്കേസില്‍ കുടുക്കാനാണ് ഇയാളുടെ പേരില്‍ വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് കണ്ടെത്തി. 12 സംസ്ഥാനങ്ങളിലെ 21 സ്ഥലങ്ങളിലാണ് ഇവര്‍ വ്യാജബോംബ് ഭീഷണിസന്ദേശങ്ങള്‍ മുഴക്കിയത്. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണെന്ന വ്യജേനെയായിരുന്നു ഭീഷണിസന്ദേശങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍, ഗുജറാത്തിലെ സ്‌കൂളിലേക്ക് അയച്ച ഭീഷണി സന്ദേശത്തിലെ പരാമര്‍ശമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 2023-ല്‍ അഹമ്മദാബാദിലുണ്ടായ പീഡനത്തില്‍ ദിവിജിനു പങ്കുണ്ടെന്ന് ഇ-മെയിലില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ കേസ് പോലീസിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനാണ് ബോംബ് ഭീഷണിയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് റെനെ കുടുങ്ങിയത്. ഡിജിറ്റല്‍ തെളിവുകള്‍ വഴിയാണ് അന്വേഷണം റെനെയിലേക്ക് എത്തിയത്. ഗുജറാത്തിനു പുറമേ, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഇവര്‍ വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം, വിമാനദുരന്തമുണ്ടായ അഹമ്മദാബാദിലെ ബി.ജെ. മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ വ്യാജഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്.

താന്‍ പിടിക്കപ്പെടാതിരിക്കാനായി വി.പി.എന്നുകള്‍(വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍), വ്യാജ ഫോണ്‍ നമ്പറുകള്‍, സ്പൂഫ് ചെയ്ത ഇമെയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയ നൂതന സൈബര്‍ സാങ്കേതികവിദ്യകള്‍ പ്രതി ഉപയോഗിച്ചിരുന്നു. ഇതിനുപുറമേ, ഏകദേശം 80 വ്യാജ ഫോണ്‍ നമ്പറുകളില്‍നിന്ന് നൂറുകണക്കിന് വ്യാജ സന്ദേശങ്ങളും ഇമെയിലുകളും ഇവര്‍ അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Ads by Google
Wednesday 25 Jun 2025 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW