-->
കൊച്ചി: അപകടമുണ്ടായ സിങ്കപ്പുര്‍ കപ്പല്‍ 'വാന്‍ഹായ് 503' ദൗത്യ സംഘത്തിന്റെ നിയന്ത്രണത്തില്‍. കപ്പലിലെ തീ ഏറെക്കുറെ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഹെലികോപ്റ്ററില്‍നിന്ന് തീകെടുത്തുന്ന രാസവസ്തുക്കള്‍ കപ്പലില്‍ വിതറി. കപ്പലില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വിദഗ്ധസംഘം വടം കെട്ടി ടഗുമായി ബന്ധിപ്പിച്ചു. കപ്പലിനെ വലിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുന്ന ജോലി നിര്‍വഹിക്കുന്നത് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'സമുദ്ര പ്രഹരി'യാണ്.
രാസവസ്തുക്കള്‍ അടങ്ങിയ കപ്പല്‍ തീരത്തുനിന്ന് പരമാവധി അകലേക്ക് കൊണ്ടുപോയി സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. തീ പൂര്‍ണമായി അണഞ്ഞുകഴിഞ്ഞാല്‍ കപ്പലില്‍ അവശേഷിക്കുന്ന കണ്ടെയ്‌നറുകള്‍ നീക്കാമെന്നാണ് പ്രതീക്ഷ. കപ്പലില്‍നിന്ന് കടലിലേക്ക് വീണ 24 കണ്ടയ്‌നറുകളില്‍ ചിലത് രണ്ടോ മൂന്നോ ദിവസത്തിനകം തീരത്തടിയും. കടലില്‍ 15 കണ്ടയ്‌നറുകള്‍ ഒഴുകുന്നതായി നാവികസേനയുടെ ഡോണിയര്‍ വിമാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഭാരം കുറഞ്ഞ ചരക്കുകളാണെന്നാണ് സൂചന.
കപ്പലില്‍ ആകെ 1754 കണ്ടെയ്‌നറുകളാണ് ഉള്ളത്. കാണാതായ ഭാരമുള്ള കണ്ടയ്‌നറുകള്‍ 1000 മീറ്റര്‍ ആഴത്തിലുള്ള കടലിന്റെ അടിത്തട്ടിലാണെന്നും ഇവ വീണ്ടെടുക്കുക പ്രയാസകരമാണെന്നും തീര സംരക്ഷണ സേനാംഗങ്ങള്‍ വ്യക്തമാക്കുന്നു. 1083 കണ്ടെയ്‌നറുകള്‍ കപ്പലിന്റെ ഉള്‍ഭാഗത്താണ്. 143 കണ്ടെയ്‌നറുകളില്‍ വേഗത്തില്‍ കത്തുന്ന സ്‌ഫോടകശേഷിയുള്ള പദാര്‍ഥങ്ങളാണ്. കപ്പലില്‍ 1,22,128 ടണ്‍ ഇന്ധനമുണ്ട്. 240 ടണ്‍ ഡീസലും. ഇവയില്‍ തീ പടരാതെ കാത്തതും നേട്ടമായി.
കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ വന്‍ രക്ഷാ സന്നാഹമാണ് കപ്പലിനു ചുറ്റുമുള്ളത്. ഇന്ത്യന്‍ തീരത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ രക്ഷാദൗത്യമാണ് പൂര്‍ത്തിയായി വരുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സചേത്, സമര്‍ഥ്, വിക്രം എന്നിവയാണ് വെള്ളം ചീറ്റി തീയണയ്ക്കുന്നത്. ബേപ്പൂര്‍ തുറമുഖത്തുനിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ അപകടം ഉണ്ടായത്. പിന്നീട് 44 നോട്ടിക്കല്‍ മൈല്‍ കൂടി കപ്പല്‍ ഒഴുകിപ്പോയി. കടലില്‍ ആയിരം മീറ്റര്‍ ആഴമുള്ള സ്ഥലത്താണ് കപ്പല്‍. അപകടം നടന്ന 80 മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോഴാണ് കപ്പല്‍ നിയന്ത്രണത്തില്‍കൊണ്ടുവരാന്‍ സാധിച്ചത്.
'വാന്‍ഹായ്' കപ്പലില്‍ അവശേഷിക്കുന്ന തീ കെടുത്താന്‍ പ്രയോഗിച്ചത് 2600 കിലോഗ്രാം രാസപദാര്‍ഥം. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡി.സി.പി) ആണ് ഇതിനുപയോഗിച്ചത്. വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിലേക്ക് ഡി.സി.പിയുടെ ചെറിയ ബാഗുകള്‍ വിതറുകയായിരുന്നു. ജലം ഉപയോഗിച്ച് തീ കെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
കേരള തീരത്ത് കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലര്‍ന്ന് മത്സ്യത്തൊഴിലാളികളും മത്സ്യംകഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, തീരദേശസേന ഐ.ജി. എന്നിവര്‍ കപ്പല്‍ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി.
അടുത്ത മാസം കോഴിക്കോട്ടു നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. അഴീക്കല്‍ തീരത്ത് നിന്നും 81 കിലോമീറ്റര്‍ അകലെ കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വായുമലിനീകരണം സംഭവിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി പയ്യാമ്പലത്ത് ഉപകരണങ്ങള്‍ സ്ഥാപിച്ചു.
തീപിടിച്ച കപ്പലില്‍ മാരക വിഷവസ്തുക്കളുള്ളതിനാല്‍ ഇവ കത്തിയുണ്ടാകുന്ന വിഷം വായുവില്‍ കലര്‍ന്നിട്ടുണ്ടോ എന്ന പരിശോധിക്കാനും തുടര്‍ പരിശോധനയ്ക്കുമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉപകരങ്ങള്‍ സ്ഥാപിച്ചത്. ആദ്യദിവസത്തെ പരിശോധനയില്‍ കണ്ണൂര്‍ തീരത്തേക്ക് വിഷവാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും.