Friday, March 13, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
ബാബു പി  സൈമണ്‍, ഡാളസ്
ബാബു പി സൈമണ്‍, ഡാളസ്
Monday 02 Jun 2025 02.48 PM

വിദ്യാലയത്തിന്റെ മധുരസ്മരണകളില്‍ നിന്ന് പുതിയൊരു ലോകത്തേക്ക്

കാലം എത്ര വേഗമാണ് മാറിയത്. സ്‌കൂള്‍ മുറ്റം വരെ എയര്‍ കണ്ടീഷന്‍ ചെയ്ത കാറില്‍ കുട്ടികള്‍ വന്നിറങ്ങുന്ന ഇന്നത്തെ സുന്ദരമായ കാഴ്ചകള്‍ കാണുമ്പോള്‍, പത്തു പൈസ കൊടുത്ത് ബസ്സിന്റെ പിന്‍വശത്തെ ചവിട്ടുപടിയിലും, കോണിപ്പടിയിലും, തൂങ്ങിക്കിടന്ന് കൃത്യസമയത്ത് സ്‌കൂളിലെത്തുന്ന സാഹസികമായ യാത്ര ഓര്‍ത്തുപോയി.
uploads/news/2025/06/784248/school-students.jpg

ഡാളസ് : അനേകം ഹൃദയസ്പര്‍ശിയായ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട്, നാല് വര്‍ഷത്തെ കോളേജ് പഠനത്തിനും, പന്ത്രണ്ട് വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തിനും ശേഷം, പ്രിയപ്പെട്ട കാമ്പസുകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നു പോകുകയാണ്. ഓരോ രക്ഷിതാവിന്റെയും ഹൃദയത്തില്‍ തങ്ങളുടെ മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഒരു മധുര നൊമ്പരമായി അവശേഷിപ്പിക്കുന്നു. മകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളില്‍ നിന്ന്, അവള്‍ തന്റെ കാമ്പസിനെ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂട്ടുകാരുമൊത്തുള്ള നല്ല ദിനങ്ങളെ അവള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുകയാണ്.ക്ലാസ്സ് മുറിയില്‍ സംസാരിച്ചതിന് അദ്ധ്യാപിക നല്‍കിയ കുഞ്ഞു ശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ മകളുടെ മുഖത്ത് നേരിയ പരിഭവത്തിന്റെ ലാഞ്ചന കാണാം. അവളുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ അറിയാതെ ഓര്‍മ്മകള്‍ പഴയ സ്‌കൂള്‍, കലാലയ കാലഘട്ടങ്ങളിലേക്ക് ഒരു നിമിഷം എത്തിനോക്കി.

കാലം എത്ര വേഗമാണ് മാറിയത്. സ്‌കൂള്‍ മുറ്റം വരെ എയര്‍ കണ്ടീഷന്‍ ചെയ്ത കാറില്‍ കുട്ടികള്‍ വന്നിറങ്ങുന്ന ഇന്നത്തെ സുന്ദരമായ കാഴ്ചകള്‍ കാണുമ്പോള്‍, പത്തു പൈസ കൊടുത്ത് ബസ്സിന്റെ പിന്‍വശത്തെ ചവിട്ടുപടിയിലും, കോണിപ്പടിയിലും, തൂങ്ങിക്കിടന്ന് കൃത്യസമയത്ത് സ്‌കൂളിലെത്തുന്ന സാഹസികമായ യാത്ര ഓര്‍ത്തുപോയി. മഴയും ഇടിമിന്നലും അരങ്ങു തകര്‍ക്കുമ്പോള്‍ സ്‌കൂളിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ പുറംലോകം കാണാതെ ഒതുങ്ങിക്കൂടുന്ന ഇന്നത്തെ കുട്ടികളെ കണ്ടപ്പോള്‍, മേല്‍ക്കൂരയും, അരമതിലുകളുള്ളതുമായ ക്ലാസ്സ് മുറികളിലിരുന്ന് ആകാശത്തിലെ മാറിമറയുന്ന വര്‍ണ്ണങ്ങള്‍ ആസ്വദിച്ചിരുന്ന കുട്ടി കാലം മനസ്സില്‍ തെളിഞ്ഞു. വിശുദ്ധ സ്‌തേഫാനോസ് പുണ്യാളന്‍ രൂപത്തിന് താഴെ നിര്‍മ്മിച്ചിട്ടുള്ള മതിലിന്മേല്‍ ചുറ്റുമിരുന്ന് , വീട്ടില്‍ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് പങ്കിട്ടെടുത്തതും, ലോകത്തെക്കുറിച്ചുള്ള അറിവുകള്‍ പരസ്പരം കൈമാറിയതും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സ്വപ്നം കണ്ടിരുന്നതും, സത്യസന്ധതയുടെ സുഹൃത്ത് ബന്ധങ്ങള്‍ കെട്ടിപ്പടുത്തതും എല്ലാം അന്ന് സാധാരണമാണെന്ന് തോന്നിയിരുന്നുവെങ്കിലും, അവയെല്ലാം ജീവിതത്തിന് അര്‍ത്ഥം നല്‍കിയ തിരികൊളുത്തുകളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. അന്നത്തെ കൂട്ടുകാരില്‍ പലരും ഇന്ന് എവിടെയാണെന്ന് അറിയില്ല. എന്നാല്‍ ചിലര്‍ രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ് ജനങ്ങളെ സേവിക്കുന്നു, മറ്റുചിലര്‍ ഭക്തി പാത തിരഞ്ഞെടുത്ത് തങ്ങളെ ഏല്‍പ്പിച്ച കുഞ്ഞാടുകളെ പരിപാലിക്കുന്നു. വേറെ ചിലര്‍ അദ്ധ്യാപകരായി അറിവിന്റെ വെളിച്ചം പകരുന്നു, മറ്റു ചിലര്‍ കച്ചവടത്തിന്റെ ലോകത്ത് തങ്ങളുടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തുയര്‍ത്തുന്നു. ചിലര്‍ ഈ ലോകത്തോട് തന്നെ വിടപറഞ്ഞുപോയിരിക്കുന്നു.

സ്‌കൂളിനോട് യാത്ര പറയുന്ന അവസാന ദിനത്തില്‍ കൂട്ടുകാര്‍ പരസ്പരം സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. 'ഒരിക്കലും പിരിയില്ല എന്ന്' അന്ന് ദൃഢമായി പറഞ്ഞവര്‍ എവിടെയാണെന്ന് അറിയാതെ ഇന്നും കാത്തിരിപ്പ് തുടരുന്നു. ശബ്ദഘോഷം നിറഞ്ഞ മുറിയിലേക്ക് പ്രധാന അദ്ധ്യാപകന്റ പ്രവേശനം ഏവരെയും നിശ്ശബ്ദരാക്കി.അദ്ധ്യാപകന്റെ ആ അവസാന ഉപദേശം ഇന്നും മനസ്സില്‍ മായാതെ പതിഞ്ഞു കിടക്കുന്നു: 'ഇന്നുമുതല്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാല്‍ നിങ്ങളുടെ നിദ്ര നഷ്ടപ്പെട്ടേക്കാം. മാതാപിതാക്കളെയും അധ്യാപകരെയും വിശ്വസിച്ചുകൊണ്ട്, ഭാവിയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുക.' ആ ഉപദേശത്തെ ഹൃദയത്തിലേറ്റിയ ഏവരേയും ഇന്ന് സന്തോഷത്തോടെ കാണാന്‍ സാധിക്കുന്നു.

പ്രിയ ബിരുദധാരികളെ, നിങ്ങളോടൊരൊറ്റ വാക്ക്: നല്ലൊരു നാളെയെ സ്വപ്നം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. അവസരങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍, ഭാവിയെക്കുറിച്ചുള്ള ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ , ഈശ്വരന്‍ നിങ്ങളെ സഹായിക്കട്ടെ. നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍!

ബാബു പി സൈമണ്‍, ഡാളസ്

Ads by Google
ബാബു പി  സൈമണ്‍, ഡാളസ്
ബാബു പി സൈമണ്‍, ഡാളസ്
Monday 02 Jun 2025 02.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW