-->
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പുതിയ പ്രതീകമാണെന്നും ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും കേരളത്തിന് ഇതില്‍ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും തങ്ങളുടെ രാഷ്ട്രീയം പറഞ്ഞു.
മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടങ്ങിയത്. എല്ലാവര്‍ക്കും നമസ്‌ക്കാരമെന്നും ശ്രീ പത്മനാഭന്റെ മണ്ണില്‍ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും പറഞ്ഞ പ്രധാനമന്തി മലയാളത്തില്‍ തന്നെയാണ് പ്രസംഗം അവസാനിപ്പിച്ചതും. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങള്‍ക്കും ഇടയില്‍ വിഴിഞ്ഞം ഡീപ്പ് വാട്ടര്‍ സീപോര്‍ട്ട് വലിയ സാധ്യത തുറക്കുമെന്നും പറഞ്ഞു. വിഴിഞ്ഞം പുതിയ വികസനത്തിന്റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തുമെന്നും പറഞ്ഞു.
വിഴിഞ്ഞം പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കുടിയാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കമ്യുണിസ്റ്റ് മന്ത്രിയില്‍ നിന്നു തന്നെ സ്വകാര്യപങ്കാളിത്തത്തെക്കുറിച്ച് കേട്ടത് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. ഇന്ത്യാസഖ്യത്തില്‍ പെടുന്ന മുഖ്യമന്ത്രിയും ശശി തരൂരും ഇവിടെയുണ്ടെന്നും ഇത് പലരുടേയും ഉറക്കം കെടുത്തുമെന്നും പറഞ്ഞു.
കാര്യമായി രാഷ്ട്രീയം പറയാതിരുന്ന പ്രധാനമന്ത്രി പക്ഷേ വികസന കാര്യത്തില്‍ കമ്യൂണിസ്റ്റുകളുടെ നയവ്യതിയാനത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിച്ചു. വികസനകാര്യത്തില്‍ പൊതു-സ്വകാര്യമേഖലകളുടെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനം ഗുണകരമാകുമെന്നും പറഞ്ഞു. സ്വാഗത പ്രസംഗത്തില്‍ അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രിയുടെ വാക്കുകള്‍ പ്രത്യേകമായി പരാമര്‍ശിക്കാനും മറന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുത്തു.
പിണറായി വിജയന്റെയും എല്‍ഡിഎഫിന്റെയും ഇഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം പദ്ധതിയെന്ന് സ്വാഗതപ്രസംഗത്തില്‍ വി.എന്‍. വാസവന്‍ വ്യക്തമാക്കിയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും അദാനിയുടേയും പങ്കാളിത്തമാണ് പദ്ധതി സാധ്യമാക്കിയതെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേരളാഗവര്‍ണര്‍ ആര്‍ലേക്കറും പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററിലായിരുന്നു മടങ്ങിയത്.