-->
തിരുവനന്തപുരം: അവഗണനയെ തുടര്‍ന്ന് സമരം ശക്തമാക്കിയ ആശമാരുടെ ആവശ്യങ്ങളില്‍ ഒരെണ്ണം അംഗീകരിച്ച് സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാരിന്റെ പുതിയ തീരുമാനം സമര വിജയമെന്ന് ആശമാര്‍ പ്രതികരിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് ഉപരോധസമരം നടത്തി ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.
അതേസമയം സമരം ചെയ്യുന്ന ആശമാരുടെ ഓണറേറിയും സര്‍ക്കാര്‍ നല്‍കിയില്ല. ഫെബ്രുവരിയില്‍ ഒമ്പത് ദിവസം ജോലി ചെയ്തതിന്റെ ഓണറേറിയമാണ് നല്‍കാതിരുന്നത്. ആശമാര്‍ ഇന്ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ വാഹന പരിശോധനയടക്കമുള്ള സുരക്ഷാനടപടികളും കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ച് പ്രതിരോധം പോലീസ് ശക്തമാക്കുകയും ചെയ്തിരുന്നു.
സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെയും സമരത്തില്‍ നിന്നും പിന്നോട്ടില്ല എന്നതാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്. ഇതിനകം സമരം 36 ദിവസം പിന്നിട്ടിരിക്കുകയാണ്. എം.ജി. റോഡ് സ്തംഭിപ്പിച്ചാണ് ആശാമര്‍ റോഡില്‍ ഇറങ്ങി സമരം ചെയ്യുന്നത്.