കോട്ടയം: പാലായില്‍ ബിജെപി-യുഡിഎഫ് ഡീലെന്നും ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞതിന് കാരണം അതാണെന്നും കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി നടത്തിയ ആരോപണത്തിന് മറുപടിയുമായി പാലാ നഗരസഭാംഗം ബിജു പുളിക്കണ്ടം. ബിജെപി യുഡിഎഫ് ഡീല്‍ ആരോപണം നടത്തുന്ന ജോസ് കെ മാണിക്ക് വേണ്ടി പണ്ട് കെ.എം. മാണി രാജ്യസഭാംഗം ആയിരുന്നു സുരേഷ്‌ഗോപിയുടെ ദയാ ദാക്ഷിണ്യം തേടിയയാളാണെന്നും അന്ന് തന്നെ കേരളാകോണ്‍ഗ്രസുകാര്‍ നന്ദികൊണ്ട് പൊതിഞ്ഞതാണെന്നും പറഞ്ഞു.
ഒരു പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുവരെ ഒരു മാധ്യമങ്ങള്‍ക്ക് മുന്നിലും വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യം പറയുന്നതെന്ന മുഖവുരയോടെയാണ് സംഭവം പറഞ്ഞത്. കെ.എം. മാണി പുറത്തുപോയ ഒരു സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസും യുഡിഎഫില്‍ നിന്നും പുറത്ത് പോയ സമയത്ത് ജോസ് കെ. മാണി ഒരു കര്‍ഷക സമരം തുടങ്ങി. റബ്ബര്‍വിലയിടിവില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചായിരുന്നു നടപടി. സമരം ഏറ്റെടുക്കാന്‍ ഏതെങ്കിലും മുന്നണി വരുമെന്നും പ്രശ്‌നം തൊട്ടടുത്ത ദിവസം തന്നെ പരിഹരിക്കപ്പെടുമെന്നും കരുതിയിരുന്നത്. എന്നാല്‍ മൂന്ന് ദിവസം സമരം മുമ്പോട്ട് പോയി. ജോസ്‌കെ മാണി പട്ടിണി കിടക്കുന്നത് കെ.എം. മാണിക്ക് ആധിയായി.
യുഡിഎഫില്‍ നിന്നും പുറത്താകുകയും എല്‍ഡിഎഫ് ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ കേരളാകോണ്‍ഗ്രസ് ഒറ്റപ്പെട്ടുപോയി. വിഷയങ്ങള്‍ മാധ്യമങ്ങളും ശ്രദ്ധിക്കാതെ വാര്‍ത്തയാകാത്ത സാഹചര്യത്തില്‍ സമരംകൈവിട്ടുപോകുമേ എന്ന് ആധി കയറിയ കെ.എം. മാണി തന്നെ വിളിച്ച് പ്രശ്‌നം പരിഹരിക്കാനും സംഭവത്തിന് വേണ്ടത്ര ശ്രദ്ധകിട്ടാനും നിരാഹാരം അവസാനിപ്പിക്കാനുമായി അവസരം ഒരുക്കാന്‍ സുരേഷ്‌ഗോപിയെ കൊണ്ടുവരാനും സംഭവം കളറാക്കാനും ആവശ്യപ്പെടുകയായിരുന്നെന്ന് ബിജു പുളിക്കന്‍ പറഞ്ഞു.
ഈ സമയത്ത് സുരേഷ്‌ഗോപി ബിജെപിയുടെ രാജ്യസഭാംഗം ആയിരുന്നു. കെ.എം. മാണിയുടെ ആവശ്യപ്രകാരം താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ്‌ഗോപിയെ കോട്ടയത്തേക്ക് വിളിച്ചു വരുത്തി ജോസ്‌കെ. മാണിയുടെ സമരപ്പന്തലില്‍ എത്തിക്കുകയും സുരേഷ്‌ഗോപി അവിടെ ഗംഭീര പ്രസംഗം നടത്തുകയും മാധ്യമങ്ങള്‍ ഒരു വലിയ വാര്‍ത്തയാക്കി സമരം ജോസ്‌കെ. മാണി അവസാനിപ്പിക്കുകയും ആയിരുന്നു. ഇതിന് പിന്നാലെ പ്രശ്‌നം അവസാനിച്ചതിനെ തുടര്‍ന്ന് തന്നെ കേരളാകോണ്‍ഗ്രസുകാര്‍ വിളിച്ച് നന്ദി പറയുകയും ചെയ്തതായി പറഞ്ഞു. ആ ജോസ്‌കെ മാണിയാണ് ഇപ്പോള്‍ പാലായില്‍ യുഡിഎഫ് ബിജെപി ഡീല്‍ ആരോപിക്കുന്നതെന്നും പറഞ്ഞു.
പാലായില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നായിരുന്നു നേരത്തേ ജോസ്‌കെ മാണി നടത്തിയ ആരോപണം. പാലായില്‍ മുന്‍കാലങ്ങളില്‍ ബിജെപിയ്ക്ക് 24,000 വോട്ട് ലഭിച്ചിരുന്നതാണ്. എന്നാല്‍ 2021 ല്‍ അത് 10,000 മായി കുറഞ്ഞു. അതു ഡീലായിരുന്നെന്നും പാലായ്ക്ക് സമീപമുള്ള ചില പഞ്ചായത്തുകളിലും യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിച്ചെന്നും ബിജെപിയുമായി യുഡിഎഫിന് ഇത്തരം ചില ഡീലുകള്‍ ഉണ്ടെന്നായിരുന്നു നേരത്തേ ജോസ്‌കെ. മാണി നടത്തിയ ആരോപണം.