തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആരോപണങ്ങളും തടസ്സവാദങ്ങും തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സത്യവാങ്മൂലത്തില്‍ 200 കോടി വിലവരുന്ന ആസ്തി വെളിപ്പെടുത്തിയില്ലെന്നും പത്രിക തള്ളണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആക്ഷേപമാണ് തള്ളിയത്. തന്റെ പത്രിക വരണാധികാരി സ്വീകരിച്ചത് കോണ്‍ഗ്രസിനെ സങ്കടമായി കാണും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയത് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥനായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ വീടിന്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തില്‍ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിന്റെ റസീറ്റ് ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി.
സത്യവാങ്മൂലത്തില്‍ കള്ളം രേഖപ്പെടുത്തി എന്ന് കാണിച്ച് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ട് ഇന്ന് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത്. നാമനിര്‍ദ്ദേശപത്രികയില്‍ തന്റെ വീടിന്റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെയെന്ന് ബിജെപി രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പ്രതികരിച്ചിരുന്നു.
കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുതെന്നും ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവന്‍കുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 200 കോടിയുടെ അദ്ദേഹം താമസിക്കുന്ന വീടിന്റെ രേഖകള്‍ മറയ്ക്കുകയാണെങ്കില്‍ അദ്ദേഹം വേറെ എന്തെല്ലാം മറച്ചിരിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ ചോദിച്ചു.
പൊതുപ്രവര്‍ത്തകര്‍ സുതാര്യമാകണം. ഈ വിഷയത്തില്‍ പരിമിതികള്‍ ശക്തമായ നിയമനടപടിയുമായി യുഡിഎഫ് മുമ്പോട്ട് കൊണ്ടുപോകും. അദ്ദേഹത്തിന് ആയിരം പ്രോപ്പര്‍ട്ടികള്‍ ഉണ്ടാകട്ടെ എന്തുകൊണ്ടു മറയ്ക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത്തരം വലിയൊരുവിഷയം ഇന്നലെ ചാനലുകള്‍ വലിയരീതിയില്‍ ചര്‍ച്ച ചെയ്തിട്ടും എല്‍ഡിഎഫ് ഏറ്റെടുക്കാത്തതെന്തെന്ന് സംശയം തോന്നുന്നു. നേമത്ത് ബിജെപിയും എല്‍ഡിഎഫും ഉണ്ടാക്കിയിട്ടുള്ള ഡീലിന്റെ ഭാഗമാണ് ഇതെന്നും ശബരീനാഥ് ആരോപിച്ചു. നേമത്ത ബിജെപിയുടെ അക്കൗണ്ട് ഇത്തവണ പൂട്ടുന്നത് കോണ്‍ഗ്രസാണെന്നും ശബരീനാഥന്‍ പറയുന്നു.