തിരുവനന്തപുരം: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയില്‍ വിദ്വേഷപരാമര്‍ശം ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആര്‍ക്കുമെതിരേ ഗോപാലകൃഷ്ണന്‍ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് വിദ്വേഷപരാമര്‍ശമാണെന്ന് കരുതുന്നുമില്ലെന്നും ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ വന്നാല്‍ നല്ലതല്ലേ എന്നാണ് ചോദിച്ചതെന്നും പ്രതികരിച്ചു.
ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടക്കുമ്പോഴും ഗുരുവായൂരില്‍ പണം നഷ്ടമാകുമ്പോഴും ഹിന്ദുവായ ഒരു എംഎല്‍എ വരേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. വത്തിക്കാനിലെ സെനറ്റില്‍ മറ്റൊരു മതക്കാരനെ എംപിയാക്കാന്‍ സമ്മതിക്കുമോ എന്നും മെക്കയില്‍ ഒരു ഹിന്ദുവിനെ എംപിയാക്കുമോ എന്നും ചോദിച്ചു. ഹിന്ദുക്ഷേത്രം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു ഹിന്ദു ജനപ്രതിനിധി വരണമെന്ന് പറയുന്നത് എങ്ങിനെയാണ് വിദ്വേഷപ്രസംഗമാകുന്നതെന്നും ചോദിച്ചു. മുസ്‌ളീം ലീഗിന്റെ കെഎം ഷാജി മതമാണ് മതമാണ് മതമാണ് എന്ന് പറയുമ്പോള്‍ ഈ പ്രശ്‌നമില്ലല്ലോ.
ബിജെപി മതം പറയുമ്പോള്‍ വിദ്വേഷ പരാമര്‍ശവും മറ്റുള്ളവര്‍ മതം പറയുമ്പോള്‍ മതേതരത്വം എന്നും ബിജെപി പറയുമ്പോള്‍ വിദ്വേഷപ്രസംഗവും എന്നു പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇതു രണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും പറഞ്ഞു.
ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണത്തില്‍ ഒരു വിദ്വേഷപരാമര്‍ശവും ഇല്ലെന്നും മറ്റുള്ളവര്‍ മതമാണ്...മതമാണ്...മതമാണ് എല്ലാമെന്ന് പറഞ്ഞാല്‍ അത് സെക്യുലറിസവും ബിജെപി നേതാക്കള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ഹേറ്റ് സ്പീച്ചുമാകുന്നത് എങ്ങിനെയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരേ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി എത്തിയിരുന്നു.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.