കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 മെയ്മാസം 10 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ യാതൊരു പ്രകോപനം ഇല്ലാതിരുന്നിട്ടും കത്രികയ്ക്ക് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി. വിനോദാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ആറുമാസം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ശിക്ഷ വരുന്നത്. സംഭവം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് നിര്‍ണ്ണായകമായ വിധി വന്നിരിക്കുന്നത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരമാവധിശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടില്‍ ബഹളം വെച്ച കുടുവട്ടൂര്‍ സ്വദേശി സന്ദീപിനെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴായിരുന്നു വന്ദന സന്ദീപില്‍ നിന്നുള്ള കുത്തേറ്റ് മരിച്ചത്.
മുറിവില്‍ മരുന്ന് വയ്ക്കാനായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപ് അപ്രതീക്ഷിതമായി അക്രമാസക്തനാകുകയും മുന്നില്‍ കണ്ട സര്‍ജിക്കല്‍ കത്രിക എടുത്ത് പോലീസുകാരെയൂം കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. ഭീതിയില്‍ എല്ലാവരും ഓടിമാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന് അവിടെ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
ഡ്രസിംഗ് റൂമില്‍ നിന്നും പുറത്തേക്ക് ഓടാന്‍ ശ്രമിച്ച വന്ദനയെ തടഞ്ഞുനിര്‍ത്തി നെഞ്ചിലും കഴുത്തിലും മുതുകിലുമായി കുത്തി പരിക്കേല്‍പ്പിക്കുകയും വന്ദന ഒടുവില്‍ മരണമടയുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കലാണ് ഹാജരായത്. കേസില്‍ തനിക്ക് മാനസീകരോഗം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പ്രതി ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയിരുന്നതായും മാനസീകരോഗം ഉണ്ടെന്ന് വരുത്താന്‍ ജയില്‍ ലൈബ്രറിയിലെ മനശ്ശാസ്ത്ര പുസ്തകങ്ങള്‍ പ്രതി നോക്കിയതായും പറഞ്ഞു.