തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുമ്പോള്‍ അതിന് ആക്കം കൂട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തുന്നത് ദേശീയനേതാക്കളുടെ വന്‍ നിര. കേന്ദ്രസര്‍ക്കാരിലെ ഉന്നതന്മാര്‍ക്ക് പുറമേ സംഘടനയുടെ തലപ്പത്തുള്ളവരും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തില്‍ ബിജെപിയുടെ പ്രചരണത്തിനെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സംഘടനാദേശീയ പ്രസിഡന്റ് നിധിന്‍ നവീനും പല ഘട്ടങ്ങളിലായി സംസ്ഥാനത്ത് പ്രചരണത്തിനായി എത്തുന്നുണ്ട്. മൂന്ന് തവണയായി ഇവര്‍ കേരളത്തില്‍ എത്തും. എന്നാല്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മറ്റ് മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് വലിയ പ്രാധാന്യത്തോടെയാ്ണ ബിജെപി കാണുന്നത്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും മറ്റു സംസ്ഥാനങ്ങളിലും പരിപാടികളുണ്ട്.
ഇതിനൊപ്പം പ്രധാനപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പത്രികാ സമര്‍പ്പണത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും എത്തിക്കുന്ന പരിപാടി ഇവിടെയും നടക്കും. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികാസമര്‍പ്പണത്തിന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അവര്‍ക്കൊപ്പം എത്തി റോഡ്‌ഷോ ആയിട്ടാകും പത്രികാ സമര്‍പ്പണത്തിന് എത്തുക. മുന്ന് സുപ്രധാന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വരുന്നത്.
രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമത്തും വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടത്തും രാധാകൃഷ്ണന്‍ മത്സരിക്കുന്ന കാട്ടാക്കടയിലും പത്രികാസമര്‍പ്പണത്തിന് അശ്വനി വൈഷ്ണവ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പമുണ്ടാകും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തും കാസര്‍ഗോട്ടും ഡല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്തയാണ് പത്രികാസമര്‍പ്പണ സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടാകുക.
കോഴിക്കോട് ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ഉപമുഖ്യമന്ത്രിമാരും കണ്ണുരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയും ഷൊര്‍ണൂറിലും ചേലക്കരയിലും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും തൃശൂരില്‍ പത്മജാവേണുഗോപാലിനെപ്പം ഗുജറാത്ത് മുഖ്യമന്ത്രിയും പത്രികാസമര്‍പ്പണത്തിന് എത്തും. ഇനിയൂം പത്തോളം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
ആകെ 96 സീറ്റുകളിലാണ് ബിജെപി മത്സരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ത്ഥികള്‍ വരാനുള്ളത്. ഇന്നോ നാളയോ ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.