ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് നടനും ടിവികെ നേതാവുമായ വിജയ്. മഹാബലിപുരത്തെ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറട്ടോണ്‍ ഹോട്ടലില്‍ വച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു വിരുന്നിലേക്ക് ക്ഷണം.ആയിരം പേരാണ് വിരുന്നില്‍ പങ്കെടുത്തത്. വെളള ഷര്‍ട്ടും ഇളംതവിട്ടുനിറത്തിലുളള പാന്റ്‌സും നിസ്‌കാരത്തൊപ്പിയും ധരിച്ചാണ് വിജയ് നോമ്പുതുറയില്‍ പങ്കെടുത്തത്.
ടിവികെ എന്‍ഡിഎ സഖ്യത്തില്‍ ചേരാനായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ വിജയ് നിഷേധിച്ചു. മതനിരപേക്ഷ നയത്തില്‍ വീട്ടുവീഴ്ചയില്ലെന്ന് വിജയ് വ്യക്തമാക്കി. സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സര്‍ക്കാര്‍ എന്നും വിജയ് വ്യക്തമാക്കി. വിശ്വാസികള്‍ക്ക് റംസാന്‍ ആശംസ നേര്‍ന്ന വിജയ് പതിവുപോലെ ' ആത്മവിശ്വാസത്തോടെയിരിക്കുക, നല്ലത് നടക്കും, വിജയം സുനിശ്ചിതം' എന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഞാന്‍ രാഷ്ട്രീയത്തിലേക്കു വന്ന കാലം മുതല്‍ കേട്ടു തുടങ്ങിയതാണ് അവരുമായി സഖ്യം ചേരാന്‍ പോകുന്നു, ഇവരുമായി സഖ്യം ചേരാന്‍ പോകുന്നു, ആ മുന്നണിയിലേക്ക് പോകുന്നു, ഈ മുന്നണിയിലേക്ക് പോകുന്നു എന്നൊക്കെ. വിജയ് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച് നടക്കുന്നവരാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നതെന്നും താരം പറഞ്ഞു.'വാര്‍ത്തകള്‍ കേട്ട് നിങ്ങള്‍ കുറച്ചൊക്കെ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകും. ഞങ്ങള്‍ എപ്പോഴും മതനിരപേക്ഷത എന്ന നയത്തില്‍, മതനിരപേക്ഷ സാമൂഹിക നീതി എന്ന ആ നിലപാടില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും വിജയ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ റോയല്‍പേട്ട വൈഎംസിഎ മൈതാനത്ത് വച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേര്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു.