Sunday, March 15, 2026 Last Updated 22 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 09 Mar 2026 11.35 PM

സ്‌ഥാനാര്‍ഥി പട്ടികയില്‍ പുകഞ്ഞ്‌ സി.പി.ഐ. ; വീണ്ടും മത്സരിക്കുമെന്ന് മുകുന്ദന്‍, നാട്ടികയില്‍ പെയ്മന്റ് സീറ്റ് വിവാദം, ആലങ്കോട് ലീലാകൃഷ്ണന്റെ വരവില്‍ അമ്പരപ്പ്

uploads/news/2026/03/829311/k5.jpg

തൃശൂര്‍: എല്ലാ സീറ്റിലും ആദ്യഘട്ടത്തില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെങ്കിലും സി.പി.ഐ.യില്‍ പുകയുന്നത്‌ സമാനതകളില്ലാത്ത അമര്‍ഷം. പെയെ്‌മന്റ്‌ സീറ്റ്‌ വിവാദവും നിര്‍ണായക സീറ്റില്‍ സ്‌ഥാനാര്‍ഥിയെ കെട്ടിയിറക്കിയതുമടക്കം തൃശൂര്‍ ജില്ലാ ഘടകം പൊട്ടിത്തെറിയുടെ വക്കില്‍. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ ദളിത്‌ വിഭാഗത്തെ കറിവേപ്പിലയായി കാണുന്നുവെന്ന ആരോപണമുന്നയിച്ച്‌ മുന്‍ എം.എല്‍.എമാരായ കെ.അജിത്തും എസ്‌. രാജേന്ദ്രനുമടക്കം രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ തന്നെയാണ്‌ നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദനെ ഒഴിവാക്കിയത്‌.
സംവരണ സീറ്റില്‍ ഒറ്റ തവണ പൂര്‍ത്തിയാക്കിയ സിറ്റിങ്‌ എം.എല്‍.എ. കൂടിയായ സി.സി. മുകുന്ദന്‍ പരസ്യമായി രംഗത്ത്‌ വന്നതോടെ നേതൃത്വം വെട്ടിലായി. ഇതിനൊപ്പം സ്‌ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട്‌ ജില്ലാ, പ്രാദേശിക തലത്തില്‍ നേതാക്കള്‍ പലരും അമര്‍ഷത്തിലായതും നേതൃത്വത്തെ കുഴക്കുന്നു.
പാര്‍ട്ടി സീറ്റ്‌ നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന നിലപാടിലാണ്‌ മുകുന്ദന്‍. പാര്‍ട്ടിയോടുള്ള അതൃപ്‌തി പരസ്യമാക്കിയ മുകുന്ദനുമായി ആശയവിനിമയം നടത്തിയതായി കോണ്‍ഗ്രസ്‌ നേതൃത്വം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ജില്ലയില്‍ മന്ത്രി രാജനും വി.ആര്‍. സുനില്‍കുമാറിനും ടേം വ്യവസ്‌ഥയില്‍ ഇളവ്‌ ലഭിച്ചപ്പോള്‍ ആദ്യ ടേമില്‍തന്നെ സി.സി. മുകുന്ദനും ബാലചന്ദ്രനും ഒഴിവാക്കപ്പെട്ടു. പ്രാദേശിക നേതൃത്വവുമായി കുറച്ചുകാലമായി അസ്വാരസ്യത്തിലാണ്‌ മുകുന്ദന്‍. അതുകൊണ്ടുതന്നെ ചേര്‍പ്പ്‌ മണ്‌ഡലം കമ്മിറ്റി മുകുന്ദന്‍ മത്സരിക്കുന്നതിന്‌ എതിരായിരുന്നു.
പകരമായി മൂന്നാമത്‌ അവസരം നല്‍കിയ ഗീതാ ഗോപിക്കെതിരേ പരസ്യ നിലപാടുമായി ഇന്നലെ മുകുന്ദന്‍ രംഗത്തുവന്നു. പാര്‍ട്ടിക്ക്‌ പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല. ഗീത ഗോപിക്ക്‌ പിരിച്ചുനല്‍കാന്‍ കഴിവുണ്ട്‌. അവര്‍ക്ക്‌ സീറ്റ്‌ നല്‍കുന്നത്‌ സാമ്പത്തിക സ്വാധീനം മൂലമാണ്‌. മോശം പ്രകടനം നടത്തിയ അവരെ സ്‌ഥാനാര്‍ഥിയാക്കുന്നത്‌ ശരിയല്ല. പാര്‍ട്ടി സീറ്റ്‌ തന്നില്ലെങ്കിലും മല്‍സരിക്കും. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്‌. ഇത്‌ കാരണമാണ്‌ ഒഴിവാക്കപ്പെടുന്നത്‌.
ചേര്‍പ്പ്‌ മണ്‌ഡലം കമ്മിറ്റി തന്റെ പേര്‍ നിര്‍ദേശിക്കാത്തതിന്‌ പിന്നില്‍ ഈ വിഭാഗീയതയാണ്‌. തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലന്നുമാണ്‌ സി.സി. മുകുന്ദന്‍ എം.എല്‍.എ. മാധ്യമങ്ങളോട്‌ പറഞ്ഞത്‌.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വങ്ങളെ മറികടന്ന്‌ സംസ്‌ഥാന നേതൃത്വം നടത്തിയ കാര്യമായ ഇടപെടലുകളാണ്‌ പൊട്ടിത്തെറിയിലേക്ക്‌ നയിച്ചത്‌.
ഓരോ സീറ്റും വിലപ്പെട്ടതാണെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങുന്ന സി.പി.എമ്മും സി.പി.ഐയുടെ സ്‌ഥാനാര്‍ഥി പട്ടികയില്‍ അതൃപ്‌തരാണ്‌. ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ പേര്‌ തൃശൂര്‍ മണ്‌ഡലത്തില്‍ ഉള്‍പ്പെട്ടത്‌ ജില്ലയിലെ പാര്‍ട്ടി നേതാക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
നിലവിലെ എം.എല്‍.എ: പി. ബാലചന്ദ്രനെ ഒഴിവാക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പകരമായി പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌ മറ്റ്‌ ചില പേരുകളാണ്‌.
കടുത്ത ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ മണ്‌ഡലത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന ചെറിയ ഭിന്നതകള്‍ പോലും ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്ക ജില്ലാ നേതാക്കള്‍ രഹസ്യമായി പങ്കുവെക്കുന്നുണ്ട്‌. തൃശൂരില്‍ ഷീല വിജയകുമാര്‍, വി.എസ്‌. പ്രിന്‍സ്‌, സാറാമ്മ റോബ്‌സണ്‍ എന്നീ പേരുകളാണ്‌ ജില്ലാ നേതൃത്വം മുന്നോട്ട്‌ വെച്ചിരുന്നത്‌.
ജില്ലയില്‍ ഒരു വനിതാ സ്‌ഥാനാര്‍ഥി ഉണ്ടാകുമെന്നും അതു തൃശൂരില്‍ ആയിരിക്കുമെന്നുമായിരുന്നു അണികളുടെ പ്രതീക്ഷ. ഇതു മാറിമറിഞ്ഞ്‌ എഴുത്തുകാരനായ ആലങ്കോട്‌ എങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ള ആശങ്ക മാറിയ സാഹചര്യത്തില്‍ ശക്‌തമാകുന്നുണ്ട്‌.
കയ്‌പമംഗലത്തുനിന്ന്‌ പറവൂരിലേക്ക്‌ മാറ്റപ്പെട്ട ഇ.ടി. ടൈസണും അതൃപ്‌തിയിലാണ്‌. എറണാകുളം ജില്ലയില്‍ സി.പി.ഐയില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയത നിലനില്‍ക്കുന്ന മണ്‌ഡലമാണ്‌ പറവൂര്‍. തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ വിജയിക്കുന്ന മണ്‌ഡലവുമാണിത്‌.
ഈ മണ്‌ഡലം ഏറ്റെടുത്ത്‌ സതീശന്‌ കടുത്ത മത്സരം നല്‍കണമെന്ന ആഗ്രഹം സി.പി.എമ്മിന്‌ ഉണ്ടായിരുന്നു. എന്നാല്‍, സി.പി.ഐ. ഇതിനോട്‌ യോജിച്ചില്ല. കമലാ സദാനന്ദനടക്കം ചിലരുടെ പേരാണ്‌ തുടര്‍ന്ന്‌ സി.പി.ഐ. ജില്ലാ നേതൃത്വം മുന്നോട്ടുവച്ചത്‌. ഇതെല്ലാം തള്ളിയാണ്‌ ഇ.ടി. ടൈസണെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. പ്രാദേശിക നേതൃത്വം ഇതിനെ എങ്ങനെ പരിഗണിക്കും എന്നതിലും ആശങ്ക പ്രകടമാണ്‌.

Ads by Google
സ്വന്തം ലേഖകന്‍
Monday 09 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google