Saturday, March 14, 2026 Last Updated 3 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 02.56 PM

‘സൂര്യ വച്ചാല്‍ ഞാനേതെങ്കിലും പെണ്ണിനെ ഓടിക്കുകയായിരിക്കും; കൈരളി വച്ചാല്‍ കുത്തേറ്റ് കരയുകയാകും; എന്റെ കൊച്ചിന്റെ വിചാരം തന്തപ്പടി പ്രശ്‌നമാണെന്നാണ്...’ ബാബുരാജ്

uploads/news/2026/03/828452/Untitled-3.jpg
Baburaj about his negative roles (Image Source: Instagram)

നായക​​നെ തല്ലുന്ന ഗുണ്ട, വെറുപ്പ് തോന്നുന്ന വില്ലന്‍ എന്നിങ്ങനെ പ്രേക്ഷകരുടെ മനസ്സില്‍ ക്രൂരതയുടെ മുഖമായി തെളിഞ്ഞു നിന്നിരുന്ന അഭിനേതാവായിരുന്നു ബാബുരാജ്. ഒരു സമയത്ത് ബാബുരാജിനെ കാണുന്നത് തന്നെ ആളുകള്‍ക്ക് ദേഷ്യവും വെറു​പ്പുമൊക്കെയായിരുന്നു. ബാബുരാജിന്റെ നെഗറ്റീവ് കഥാപാത്രങ്ങള്‍ അത്രത്തോളം മികച്ചതായിരുന്നു എന്നതാണ് അതിന്റെ കാരണം. 1993ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ആദ്യകാലങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ 2011 ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കുക്ക്ബാബു എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. അത്രയ്ക്കും തന്മയത്വത്തോടെ കോമഡി അവതരിപ്പിച്ചതിലൂടെ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക് ഭാഷകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം 2009 ല്‍ റിലീസ് ചെയ്ത ബ്ലാക്ക് ഡാലിയ എന്ന സിനിമയിലൂടെ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് മനുഷ്യമൃഗം, ബ്ലാക്ക് കോഫി എന്നീ സിനിമകളും താരം സംവിധാനം ചെയ്തു.
അഭിനേത്രിയായ വാണിവിശ്വനാഥിനെ വിവാഹം ചെയ്ത താരത്തിന് രണ്ട് മക്കളാണുള്ളത്. തുടക്കകാലത്തെ തന്റെ സിനിമകളിലെല്ലാം ബലാത്സംഗ സീനുകള്‍, അടിപിടികള്‍ ഉള്ളതു കൊണ്ട് പലപ്പോഴും കുടുംബമായിരുന്ന് അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ബാബുരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ആദ്യകാലത്തെ വില്ലന്‍ കഥാപാത്രങ്ങള്‍ കണ്ട് മക്കള്‍ മനസ്സില്‍ ചിന്തിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് താരം. തന്റെ സിനിമകള്‍ മകളെ കാണിക്കുന്നതിനെ കുറിച്ചാണ് ബാബുരാജ് മനസ്സ് തുറന്നത്.
‘‘എന്റെ മോള് ചെറുതായിരിക്കുമ്പോള്‍ വാണി ടിവി കാണിച്ചുകൊണ്ടായിരിക്കും ഭക്ഷണം കൊടുക്കുക. അപ്പോള്‍ സൂര്യ ടിവിയിലാണെങ്കില്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ ഓടിച്ചോണ്ടിരിക്കുകയായിരിക്കും, അത് കാണേണ്ടാ എന്ന് പറഞ്ഞ് ഇപ്പുറത്തേക്ക് മാറ്റുമ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് താഴെവീണ് അടി, അതുമാറ്റി കൈരളിയിലേക്ക് പോകുമ്പോള്‍ അവിടെ കുത്ത് കൊണ്ട് ആ... എന്ന് പറയുന്നുണ്ടാകും. ഇതൊക്കെ കാണുമ്പോള്‍ കൊച്ചിന്റെ വിചാരം തന്തപ്പടി ഇത്തിരി പ്രശ്‌നമാണ് എന്നാകും...” പൊട്ടിച്ചിരിയോടെ ബാബുരാജ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഐസിയു’വിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ബിബിൻ ജോർജിനെയും ബാബുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘ഐസിയു’ കഴിഞ്ഞ മാസം അവസാനമാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്‌പെൻസ് ത്രില്ലറാണിത്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Ads by Google
Wednesday 04 Mar 2026 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google