Saturday, March 14, 2026 Last Updated 12 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 02.19 PM

എന്റെ ആര്‍ത്തവം നാഷണല്‍ ജോക്കായി മാറി, പുരുഷന്മാരെ ശരിക്കും ബോധവത്കരിക്കേണ്ടതുണ്ട്; അയേഷ ഖാന്‍

ayesha-khan-
photo-www.instagram.com/ayeshaakhan_official/

കഴിഞ്ഞ വർഷത്തെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു രൺവീർ സിങ് നായകനായെത്തിയ 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 1300 കോടി നേടുകയും ചെയ്തു. ധുരന്ധറിലെ താരങ്ങളുടെ പെർഫോമൻസിനൊപ്പം തന്നെ ഷരാരത്ത് എന്ന പാട്ടും കയ്യടി നേടിയിരുന്നു. ക്രിസ്റ്റൽ ഡിസൂസയും അയേഷ ഖാനുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഈ ​ഗാനം ചിത്രീകരിക്കുന്നത് തന്റെ ആർത്തവ ദിനങ്ങളിലായിരുന്നുവെന്ന് അയേഷ ഖാൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസമെടുത്താണ് ​ഗാനരം​ഗം ചിത്രീകരിച്ചതെന്നും അന്ന് തന്റെ ആർത്തവ ദിനങ്ങളായിരുന്നുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശാരീരിക ബുദ്ധിമുട്ടികളില്ലായിരുന്നെങ്കിൽ തനിക്ക് അല്പം കൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയ രീതിയിൽ ട്രോളിന് ഇരയായെന്ന് പറയുകയാണ് അയേഷ ഇപ്പോൾ. താൻ വളരെ സാധാരണമായി പറഞ്ഞ ഒരു കാര്യത്തോട് ആളുകൾ നടത്തിയ പ്രതികരണങ്ങൾ കണ്ട് ശരിക്കും പേടിച്ചു പോയെന്ന് നടി പറഞ്ഞു.

തന്നെ ട്രോൾ ചെയ്തതിൽ അധികവും പുരുഷൻമാരാണെന്നും നടി കൂട്ടിച്ചേർത്തു. "ഇക്കാലത്ത് നിങ്ങൾ എന്ത് ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും ഡാർക്ക് ഹ്യൂമറും നേരമ്പോക്കുമൊക്കെയായി മാറുന്നത് വളരെ നിർഭാ​ഗ്യകരമാണ്. എല്ലാ കാര്യങ്ങളെയും ചിരിയോടെ സമീപിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ എല്ലാത്തിനെയും ഏത് നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല. അത് വളരെ നോർമൽ ആയ ഒരു അഭിമുഖമായിരുന്നു.

അത് പങ്കുവയ്ക്കുമ്പോൾ എനിക്ക് കാര്യം മനസിലായില്ല. കാരണം അതെനിക്ക് വലിയ കാര്യമല്ലായിരുന്നു. ഓരോ മാസവും നമ്മൾ ഈ ചക്രത്തിലൂടെ കടന്നു പോകുന്നുണ്ട്. ആർത്തവസമയത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.” - അയേഷ പറഞ്ഞു. മോജോ സ്റ്റോറിയുടെ വിമൻ ഓഫ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവേയാണ് അയേഷ ഇക്കാര്യങ്ങൾ പറഞ്ഞത്.

തന്റെ ആർത്തവം പെട്ടെന്നൊരു ദേശീയ തമാശയായി മാറിയെന്ന് അയേഷ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “നമ്മുടെ ആൺമക്കളേയും സഹോദരന്മാരേയും ശരിക്കും ബോധവത്കരിക്കേണ്ടതുണ്ട്. എനിക്കുറപ്പാണ് ഈ തമാശകളെല്ലാം പുരുഷന്മാരിൽ നിന്നാണ് വന്നത്. വളരെ മോശമായി തോന്നി. എന്നാൽ ഇത്തരം മോശം കമന്റുകൾ കണ്ടിട്ട് ഒരിക്കൽ പോലും എനിക്ക് ലജ്ജ തോന്നിയിട്ടില്ല.

അഭിമാനമുള്ള സ്ത്രീയാണ് ഞാൻ. ആർത്തവസമയത്ത് ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്കേറെ അഭിമാനമുണ്ട്. ആർത്തവിമില്ലാത്ത നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. ഞാൻ എന്റെ ആർത്തവ ദിനങ്ങളിൽ അത് ചെയ്തു.- അയേഷ വ്യക്തമാക്കി.

അതോടൊപ്പം ഈ മുറിയിൽ 100 സ്ത്രീകൾ ഉണ്ടെങ്കിൽ, അവരിൽ കുറഞ്ഞത് അഞ്ചോ രണ്ടോ പേർക്കെങ്കിലും ഇപ്പോൾ ആർത്തവമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം തിരിച്ചറിയുന്നില്ല, കാരണം അത് നാം വലിയൊരു കാര്യമാക്കുന്നില്ല. അത് വലിയ കാര്യമാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് സമാധാനിക്കാം,”- അയേഷ കൂട്ടിച്ചേർത്തു.

Ads by Google
Wednesday 04 Mar 2026 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google