നടിയും ദുബായിയിലെ റോഡിയോ ജോക്കിയുമായ മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് തായ്‌ലന്‍ഡില്‍ കുടുങ്ങി. ഈ വര്‍ഷത്തിലെ തങ്ങളുടെ ആദ്യ അവധിക്കാലം ആഘോഷിക്കാനായി തായ്‌ലന്‍ഡിലെത്തിയ ഇരുവരും മടക്കയാത്രയ്ക്ക് തയാറെടുക്കുന്നതിനെടയാണ് അപ്രതീക്ഷിതമായി യുദ്ധവാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയുമായിരുന്നു.
ഈ ഘട്ടത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും തങ്ങളുടെ രണ്ടാം വീടായ യുഎഇയിലേക്ക് തിരികെ എത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മീര വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘എല്ലാവര്‍ക്കും നമസ്‌കാരം, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നിങ്ങളുടെ ആ കരുതല്‍ ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ്.
ഞങ്ജള്‍ ഇപ്പോള്‍ തായ്‌ലന്‍ഡിലാണുളളത്. എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് ശേഷം ശ്രീജുവും ഞാനും കൂടി എടുത്ത ഒരു ചെറിയ അവധിക്കാലമായിരുന്നു ഇത്. ഇത് 2026 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര, ഒപ്പം ആദ്യത്തെ തായ്‌ലന്‍ഡ് സന്ദര്‍ശദനവും. അതുകൊണ്ടുതന്നെ ഇതൊരു മികച്ച തീരുമാനമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഇവിടെ ഞങ്ങള്‍ വളരെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.
എന്നാല്‍ മടക്കയാത്രയ്ക്ക് തൊട്ടുമുമ്പാണ് ആ നിര്‍ഭാഗ്യകരമായ വാര്‍ത്ത ഞങ്ങള്‍ അറിഞ്ഞത്. അന്നുമുതല്‍ ഞങ്ങളുടെ ഏക ചിന്ത യുഎഇയിലേക്ക് എത്രയും വേഗം തിരികെ എത്തണമെന്നാണ്. പലരും വിളിച്ചു ചോദിക്കുന്നുണ്ട് ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന്, പക്ഷേ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനാണ് ഏറെ ആഗ്രഹം. ഒരു സ്ഥലം സ്വന്തം വീടെന്ന് തോന്നുമ്പോള്‍ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്.
എപ്പോഴാണ് തിരികെ പോകാന്‍ കഴിയുക എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല, തല്‍ക്കാലം ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നു. തിരികെ വീട്ടില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഇരിക്കുന്ന ഇടത്തെ ഒരു കൊച്ചു വീടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ പതിനൊന്നര വര്‍ഷമായി ഞാന്‍ യുഎഇയിലാണ് കളിയുന്നത്, ശ്രീജു വന്നിട്ട് ഒന്നര വര്‍ഷത്തോളമായി. ശ്രീജുവിന് പോലും തിരികെ പോകാന്‍ ഇത്രയധികം ആഗ്രഹമുണ്ടെങ്കില്‍ യുഎഇ നല്‍കുന്ന ആ സുരക്ഷിതബോധവും സ്‌നേഹവും എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
ഞങ്ങളുടെ വീടായി മാറിയതിന് നന്ദി, യുഎഇ. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ഇവിടം ഇത്ര സുന്ദരമാക്കുന്ന ജനങ്ങള്‍ക്കും നന്ദി. ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. തിരികെ എത്താന്‍ ഇനി ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല ’മീര നന്ദന്‍ കുറിച്ചു.