Saturday, March 14, 2026 Last Updated 0 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 01.06 PM

മകളുടെ ജനനം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായി; വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളെക്കുറിച്ച് നടി പ്രിയങ്ക ചോപ്ര

priyanka-chopra

മകള്‍ മാള്‍ട്ടി മേരിയുടെ ജനനത്തെത്തുടര്‍ന്ന് നേരിടേണ്ടി വന്ന വൈകാരികവും പ്രയാസകരവുമായ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. മകള്‍ എന്‍ഐസിയുവില്‍ കഴിഞ്ഞിരുന്ന സമയത്ത് മാധ്യമങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദം മൂലം അവളുടെ ജനനവിവരം ലോകത്തെ അറിയിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിലായിരുന്നു നടി തന്റെ അനുഭവം പങ്കുവെച്ചത്.

2022 ല്‍ മാസം തികയാതെയായിരുന്നു മാള്‍ട്ടിയുടെ ജനനം. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് കാര്യങ്ങള്‍ രഹസ്യമായി വെക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുവെന്നും മൂന്ന് മണിക്കൂറിനുളളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് വിവരം പരസ്യമാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മകളുടെ ആരോഗ്യകാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്ന സമയത്ത് വാര്‍ത്ത പുറത്തുവിടാന്‍ തങ്ങള്‍ തയാറായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് മാസക്കാലം തങ്ങള്‍ എല്ലാം മാറ്റിവെച്ച് മകള്‍ക്കൊപ്പമായിരുന്നുവെന്ന് പ്രിയങ്ക ഓര്‍ത്തെടുത്തു. കുഞ്ഞിന്റെ തൊട്ടിലിനടുത്ത് താന്‍ ഐപോഡിലൂടെ മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും നിരന്തരം കേള്‍പ്പിക്കുമായിരുന്നു. നിക്ക് ജോനാസ് മകള്‍ക്കായി ഗിറ്റാര്‍ വായിച്ച് പാട്ടുകള്‍ പാടുമായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്- പ്രിയങ്ക പറഞ്ഞു.

2018 ലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. മാള്‍ട്ടി മേരി ചോപ്ര എന്നാണ് മകളുടെ പേര്.

Ads by Google
Friday 27 Feb 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google