Tuesday, March 17, 2026 Last Updated 2 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 23 Feb 2026 11.41 PM

മൂന്നുവര്‍ഷം സര്‍ക്കാര്‍ ഉറങ്ങി; 8 ഇ.എസ്‌.ഐ. ഡിസ്‌പെന്‍സറികള്‍ നഷ്‌ടം; ഇന്ന്‌ തിരക്കിട്ട ചര്‍ച്ച, തിരിച്ചുകിട്ടാന്‍ ബി.എം.എസ്. ഇടപെടല്‍

സ്‌ഥലം കണ്ടെത്തേണ്ട കാലയളവ്‌ ദീര്‍ഘിപ്പിച്ച്‌ ഡിസ്‌പന്‍സറികള്‍ നഷ്‌ടമാകാത്ത വിധം ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ബി.എം.എസ്‌. സംസ്‌ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളാകും ഇന്ന്‌ കേന്ദ്ര മന്ത്രിയും ഉദ്യോഗസ്‌ഥ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തുക.
uploads/news/2026/02/826899/ESI.jpg

തൃശൂര്‍; മൂന്ന്‌ വര്‍ഷമായിട്ടും സ്‌ഥലം കണ്ടെത്താനാവാതെ സംസ്‌ഥാനത്തിന്‌ അനുവദിക്കപ്പെട്ട എട്ട്‌ ഇ.എസ്‌.ഐ. ഡിസ്‌പന്‍സറികള്‍ക്ക്‌ അനുമതി നഷ്‌ടമായ സാഹചര്യം പുന:പരിശോധിക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ ഡല്‍ഹിയില്‍ ഉദ്യോഗസ്‌ഥ തല ചര്‍ച്ച നടത്തും. സ്‌ഥലം കണ്ടെത്തേണ്ട കാലയളവ്‌ ദീര്‍ഘിപ്പിച്ച്‌ ഡിസ്‌പന്‍സറികള്‍ നഷ്‌ടമാകാത്ത വിധം ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ബി.എം.എസ്‌. സംസ്‌ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളാകും ഇന്ന്‌ കേന്ദ്ര മന്ത്രിയും ഉദ്യോഗസ്‌ഥ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തുക. ഇ.എസ്‌.ഐ. ഫൗണ്ടേഷന്‍ ഡേയുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഡല്‍ഹിയില്‍ സംഘടപ്പിക്കുന്ന ചടങ്ങിനിടെയാണ്‌ ചര്‍ച്ചയ്‌ക്ക്‌ സമയം അനുവദിക്കപ്പെട്ടത്‌.
അനുവദിച്ച്‌ മൂന്ന്‌ വര്‍ഷം പിന്നിട്ടും കെട്ടിട നിര്‍മാണം നടത്താന്‍ ആവശ്യമായ സ്‌ഥലമോ വാടക കെട്ടിടങ്ങളോ കണ്ടെത്തി നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ സാധിക്കാതെ വന്നതോടെയാണ്‌ എട്ട്‌ ഡിസ്‌പന്‍സറികളും കേരളത്തിന്‌ നഷ്‌ടമായത്‌. ഡിസ്‌പന്‍സറികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം സംസ്‌ഥാനം ഏര്‍പ്പെടുത്തിയാല്‍ അതിനുള്ള ചെലവ്‌ ഇ.എസ്‌.ഐ. കോര്‍പ്പറേഷന്‍ വഹിക്കുന്ന തരത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
സര്‍ക്കാര്‍ സ്‌ഥലം കണ്ടെത്തി നല്‍കിയാല്‍ കോര്‍പ്പറേഷന്‍ പുതിയ കെട്ടിടം പണിത്‌ സര്‍ക്കാറിന്‌ കൈമാറും. സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ കെട്ടിടങ്ങള്‍ ഒഴിവുണ്ടെങ്കില്‍ ഡിസ്‌പന്‍സറിയായി പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളും കോര്‍പ്പറേഷന്‍ നല്‍കും. അതേസമയം സ്വകാര്യ ഉടമസ്‌ഥതയിലുള്ള കെട്ടിടമാണ്‌ ഏറ്റെടുത്ത്‌ നല്‍കുന്നതെങ്കില്‍ കോര്‍പ്പറേഷന്‍ നിശ്‌ചയിച്ച വാടകയാണ്‌ നല്‍കുക. ഇതടക്കമുള്ള കത്തിടപാടുകള്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഇ.എസ്‌.ഐ. കോര്‍പ്പറേഷന്‍ മൂന്നുവര്‍ഷക്കാലമായി നടത്തിയിട്ടും സംസ്‌ഥാന സര്‍ക്കാര്‍ പ്രതികരിക്കാതെ വന്നതോടെയാണ്‌ ആരോഗ്യമേഖലയില്‍ തൊഴിലാളികള്‍ക്ക്‌ ലഭ്യമാകേണ്ടിയിരുന്ന മികച്ച സേവനം നഷ്‌ടമായത്‌.
മൂന്നുവര്‍ഷം മുമ്പ്‌ വിവിധ സംസ്‌ഥാനങ്ങളിലായി അനുവദിക്കപ്പെട്ട 88 ഡിസ്‌പന്‍സറികളുടെ അനുമതിയാണ്‌ ഇത്തരം കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്‌. പാലക്കാട്‌ ജില്ലയിലെ കൂറ്റനാട്‌, തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്‌, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, കോഴിക്കോട്‌ ജില്ലയിലെ താമരശേരി, ബാലുശേരി എന്നിവിടങ്ങളിലും വയനാട്ടിലെ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലുമായാണ്‌ കേരളത്തിന്‌ എട്ട്‌ ഡിസ്‌പന്‍സറികള്‍ അനുവദിക്കപ്പെട്ടിരുന്നത്‌.

ഇ.എസ്‌.ഐ. ഡിസ്‌പന്‍സറികളുടേയും ആശുപത്രികളുടേയും ഭൗതിക സാഹചര്യം ഒരുക്കുന്നത്‌ ഇ.എസ്‌.ഐ. കോര്‍പ്പറേഷനാണെങ്കിലും ജീവനക്കാരുടെ ശമ്പളം നല്‍കേണ്ടത്‌ സംസ്‌ഥാന സര്‍ക്കാറാണ്‌. സംസ്‌ഥാനത്തെ ആശുപത്രികളില്‍ കാലത്തിനൊത്ത്‌ ജീവനക്കാരുടെ വര്‍ധനവ്‌ ഉണ്ടാകാത്തതുപോലെ തന്നെ ഇ.എസ്‌്.ഐ. ആശുപത്രികളിലെ ഒഴിവു നികത്താനും പുതിയ നിയമനങ്ങള്‍ നടത്താനും സംസ്‌ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. അതിനാല്‍ന്നെ ഐ.സി.യു. അടക്കമുള്ള സംവിധാനങ്ങള്‍ പല ഇ.എസ്‌.ഐ. ആശുപത്രികളിലും നടപ്പാക്കിയിട്ടും പ്രവര്‍ത്തിക്കാനാവാതെ നോക്കുകുത്തിയായ അവസ്‌ഥയാണ്‌. ഇതിനൊപ്പം തന്നെയാണ്‌ പുതിയ ഡിസ്‌പന്‍സറികള്‍ ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തോടും സംസ്‌ഥാനം മുഖം തിരിച്ചുനില്‍ക്കുന്നത്‌.
മൂന്നുവര്‍ഷം നിരന്തരം കത്തിടപാടുകള്‍ നടത്തി പദ്ധതി നടപ്പാക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടും സംസ്‌ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനെ തുടര്‍ന്നാണ്‌ പദ്ധതി ഉപേക്ഷിച്ചതെന്ന്‌ ഇ.എസ്‌.ഐ. കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്‌തമാക്കുന്നു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
 ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google