Wednesday, March 18, 2026 Last Updated 2 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Feb 2026 12.25 AM

സ്വിഗ്ഗി തൊഴിലാളികള്‍ക്കൊപ്പം രാത്രിയാത്ര, വീട്ടമ്മമാര്‍ക്കൊപ്പം ഭക്ഷണം, നെല്‍കര്‍ഷകരുമായി സംവാദം ; അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കെ.സി. വേണുഗോപാല്‍

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണി കഴിഞ്ഞദിവസം പറഞ്ഞത് കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നാല്‍ കെ.സി. വേണുഗോപാല്‍ ആണെന്നായിരുന്നു. കെപിസിസി എന്നാല്‍ കെ.സി.വേണുഗോപാല്‍ എന്നാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ അടക്കം പറച്ചിലുണ്ട്
uploads/news/2026/02/826152/KC-Venugopal-Kitchen.jpg

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ ദേശീയവേദികളില്‍ നിന്നും പതിയെ സംസ്ഥാന വേദികളില്‍ സജീവമായിരിക്കുന്ന കെ.സി. പാര്‍ട്ടിയോഗങ്ങളിലും പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പിടിമുറുക്കിയിരിക്കുകയാണ്.

സാധാരണക്കാരുടെ വീട്ടകങ്ങളിലും സ്വിഗ്ഗി ജീവനക്കാര്‍ക്കൊപ്പം സഞ്ചരിച്ചും യുവ നെല്‍ക്കര്‍ഷകരുമായി സംവദിച്ചുമെല്ലാം ഗ്രൗണ്ടില്‍ ഇറങ്ങി വര്‍ക്ക് ചെയ്യുന്ന കെ.സി. മുഖ്യമന്ത്രി പദത്തിലേക്കുള്ള നിലമൊരുക്കുന്നതായി കോണ്‍ഗ്രസിലെ അതൃപ്തര്‍ തന്നെ സംസാരിക്കുന്ന സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം വീഡിയോകള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അത് വലിയ രീതിയില്‍ ട്രോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇടയാകുകയും ചെയ്തിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സി. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണെങ്കിലും കോണ്‍ഗ്രസ് അടുത്ത തവണ അധികാരത്തില്‍ വരുമെന്നത് ഉറപ്പിച്ചാണ് ഓരോ നേതാക്കളും നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കെ.സി. അനുകൂലികള്‍ സജീവമാണ്.

പാര്‍ട്ടികാര്യങ്ങളില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അദ്ധ്യക്ഷനും മുകളിലാണ് പലപ്പോഴും കെ.സി.യുടെ ഇടപെടല്‍. പാര്‍ട്ടിയുടെ അഭിപ്രായം പലപ്പോഴും ആധികാരികമായി നടത്തുന്നതും കെ.സി.യാണ്. ദേശീയ നേതാവാണെങ്കിലും ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യം വരുമ്പോഴുള്ള തയ്യാറെടുപ്പാണ് അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന വിമര്‍ശനവും ശക്തമാണ്.

വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളായ സാധാരണക്കാരുടെ വീടുകളില്‍ കെ.സി. എത്തുന്നതിന്റെയും ആഹാരം കഴിക്കുന്നതിന്റെയും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തേ തിരുവനന്തപുരത്ത് ടാക്‌സി സ്വിഗ്ഗി തൊഴിലാളികളുടെ പ്രശ്‌നം പഠിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കൊപ്പം യാത്ര ചെയ്യുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കായി ഒരു തൊഴില്‍ നിയമം തന്നെ കൊണ്ടുവരുമെന്ന് വാഗ്ദാനം കൂടി നല്‍കി. നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനായി പാലക്കാട്ടെ യുവ നെല്‍ക്കര്‍ഷകരുമായും കൂടിക്കാഴ്ച നടത്തി.

ജനസമ്പര്‍ക്ക പരിപാടിയുമായി കളം പിടിക്കുന്നതിനൊപ്പം പാര്‍ട്ടി പരിപാടികളിലും കെ.സി. നിറസാന്നിദ്ധ്യമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണി കഴിഞ്ഞദിവസം പറഞ്ഞത് കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നാല്‍ കെ.സി. വേണുഗോപാല്‍ ആണെന്നായിരുന്നു. കെപിസിസി എന്നാല്‍ കെ.സി.വേണുഗോപാല്‍ എന്നാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ അടക്കം പറച്ചിലുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോരുത്തരും അവരുടെ പാത വെട്ടി നീങ്ങുകയാണ്.

Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Feb 2026 12.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google