തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തിയും തര്‍ക്കങ്ങളും കടുക്കുന്നു. കൊച്ചി സീറ്റിനെച്ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മില്‍ വലിയ പോര് നടക്കുമ്പോള്‍ വിവിധ ജില്ലകളിലെ സീറ്റുകളില്‍ അനിശ്ചിതത്വം തുടരുകയാണ്. ആറ് ജില്ലകളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ നേതാക്കള്‍ പല തട്ടിലായി തിരിഞ്ഞാണ് പോരടിക്കുന്നത്. ബാക്കിയുള്ള 37 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. പ്രധാനമായും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണ് രണ്ടാം പട്ടിക പുറത്തിറക്കാന്‍ വൈകുന്നതെന്നാണ് വിവരം. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കീറാമുട്ടിയാകുന്നത്.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി സതീശന്‍ ശക്തമായി വാദിക്കുമ്പോള്‍, ദീപ്തി മേരി വര്‍ഗീസിനെ ഇറക്കാനാണ് കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ക്കിടെ അതൃപ്തി പ്രകടിപ്പിച്ച് സതീശന്‍ ഇറങ്ങിപ്പോയതായും സൂചനകളുണ്ട്. താന്‍ നിര്‍ദ്ദേശിക്കുന്ന നോമിനികളുടെ എണ്ണം കുറയുന്നതില്‍ വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയിലാണ്. വി.ഡി. സതീശന്റെ വിശ്വസ്തനാണ് മുഹമ്മദ് ഷിയാസ്. തൃപ്പൂണിത്തുറയില്‍ കെ. ബാബു സ്വയം പിന്മാറിയ സാഹചര്യത്തില്‍ ഇവിടെ ആര് വരുമെന്നത് സസ്‌പെന്‍സായി തുടരുകയാണ്.
കെ.സുധാകരനും അടൂര്‍പ്രകാശും അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂര്‍, കോന്നി സീറ്റുകള്‍ ഒഴിപ്പിച്ചിട്ടിരിക്കുകയാണ്. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കെ. സുധാകരന്‍ കടുത്ത നിലപാടിലേക്ക് പോയേക്കും. സുധാകരനുമായി അനുരഞ്ജനത്തില്‍ എത്തിയാല്‍ അടൂര്‍ സീറ്റിന്റെ കാര്യത്തിലും അവകാശവാദം ഉയര്‍ന്നേക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും പരിഗണിക്കുമോ അതോ പുതിയ സ്ഥാനാര്‍ത്ഥി വരുമോ എന്നതിലും വ്യക്തതയില്ല.
അമ്പലപ്പുഴയില്‍ ജി. സുധാകരനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവരും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നെടുമങ്ങാട് മീനാങ്കല്‍ കുമാറിനെ പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അരുവിക്കര സീറ്റിനായി വി.എസ്. ശിവകുമാറും ശബരീനാഥനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ചിറയന്‍കീഴ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയെന്ന് ആരോപണമുണ്ട്. രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് വിമര്‍ശനം.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും പരിഗണിക്കുമോ അതോ പുതിയ സ്ഥാനാര്‍ത്ഥി വരുമോ എന്നതിലും വ്യക്തതയില്ല. പയ്യന്നൂര്‍, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സിപിഐഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും യൂത്ത് കോണ്‍?ഗ്രസും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 37 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. ഇതിനായി ദില്ലിയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ തുടര്‍ന്നു വരികയാണ്.