Wednesday, March 18, 2026 Last Updated 10 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
പ്രത്യേക ലേഖകന്‍
Wednesday 18 Feb 2026 12.21 PM

പാലാ പിടിക്കാൻ നിഷ; ജോസിന് തടയിട്ട് റോഷി, സർപ്രൈസായി ഷോണ്‍ ജോര്‍ജ്: പാലായിൽ പ്രവചനാതീത പോര് വരുന്നു!

പാർട്ടിക്കുള്ളിലെ രണ്ടാമത്തെ പവർ സെന്ററായി മാറിക്കഴിഞ്ഞു റോഷി അഗസ്റ്റിൻ. ജോസ് തോറ്റാല്‍ ഉറപ്പായും പാർട്ടിയുടെ കടിഞ്ഞാൺ റോഷിയുടെ കൈകളിലേക്ക് മാറാനുള്ള സാധ്യത ജോസ് പക്ഷത്തെ അലട്ടുന്നുണ്ട്
kerala

കോട്ടയം: കെ എം മാണിയുടെ പാരമ്പര്യം പേറുന്ന പാലാ മണ്ഡലത്തില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ചൂടേറിയ പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും മത്സരിക്കുമെന്ന് ഉറപ്പായിരിക്കെ കേരള കോണ്‍ഗ്രസ് (എം) നിഷ ജോസ് കെ മാണിയെ കളത്തിലിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ തിരിച്ചു പിടിക്കാമെന്നാണ് കേരളാകോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇത് മുന്‍ നിര്‍ത്തി മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ. മാണി സജീവമാണ്. ഇതോടെ കേരളാകോണ്‍ഗ്രസ് (എം) നിഷയെ പരിഗണിച്ചേക്കും എന്ന അഭ്യൂഹം രാഷ്ട്രീയ മേഖലകളിലെ എല്ലാ കോണുകളിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സാന്നിധ്യമുണ്ട്.

പുലിയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ അടുത്തിടെ നിഷ പങ്കെടുത്തിരുന്നു. ഗാനമേളയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ പങ്കെടുക്കുന്നതും ഇതിന്റെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും പതിവായിട്ടുണ്ട്. ഇതെല്ലാം നിയമസഭയിലേക്കു മത്സരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് എതിര്‍വിഭാഗം വിലയിരുത്തുന്നത്. കാന്‍സറിനെതിരായ പോരാട്ടനാളുകളെക്കുറിച്ച് എഴുതിയ കൊച്ചുകുറിപ്പുകള്‍,'ഐ ഫ്‌ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്'-എ കാന്‍സര്‍ മെമ്മയര്‍' എന്ന പുസ്തകമാക്കിയിരുന്നു.

ഇത് ഏറെ ശ്രദ്ധയക്കപ്പെടുകയും ചെയ്തിരുന്നു. നിഷ പാലാ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത് തുടരുമ്പോള്‍ നഷ്ടമായ സീറ്റ് ഏതുവിധേനെയും തിരികെ കൊണ്ടുവരാനാണ് ജോസ് കെ മാണിയും അണിയറയില്‍ തന്ത്രം മെനയുന്നത്. സ്ത്രീ വോട്ടുകള്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍. അതേസമയം ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിലപാട്.

അടുത്ത ഡിസംബര്‍ വരെ രാജ്യസഭയില്‍ ജോസ് കെ മാണിക്ക് കാലാവധിയുണ്ട്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ പാലായിലെ ജനങ്ങള്‍ കൈവിട്ടാല്‍ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന സംശയവും നിലനില്‍ക്കുന്നു. നിഷ സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിന്‍ പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന് കരുതുന്നവരുണ്ട്.

നിഷ പാലായില്‍ സ്ഥാനാര്‍ഥിയാവുന്നത് റോഷി വിഭാഗം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധ്യതയില്ല. പാലായില്‍ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിലെ തന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു.

2019-ൽ കെ.എം. മാണിയുടെ മരണത്തെത്തുടർന്ന് നടന്ന പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടി യു.ഡി.എഫിലായിരുന്നു. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാർത്ഥിയാകേണ്ടെന്നായിരുന്നു യുഡിഎഫിലെ പൊതു വികാരം. നിഷയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിലൂടെ കെ.എം മാണിയുടെ കുടുംബാധിപത്യം തുടരുകയാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നു.

കൗതുകകരമായ മറ്റൊരു കാര്യം അന്ന് എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) 15,000ത്തിലധികം വോട്ടുകൾക്ക് ജോസ് കെ. മാണി പരാജയപ്പെടുത്തിയ അതേ മാണി സി. കാപ്പന്‍. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലാ മണ്ഡലത്തിൽ ഉദ്‌ഘാടനം ചെയ്തത്.

എന്നാൽ അന്ന് ഒരുമിച്ചായിരുന്ന ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള രൂക്ഷമായ ഭിന്നത മൂലം നിഷ ജോസ് കെ മാണിയെ
ജോസഫ് വിഭാഗം അംഗീകരിച്ചില്ല. അനിശ്ചിതത്വത്തിനും അന്തര്‍നാടകങ്ങള്‍ക്കും ഒടുവിലാണ് കെ.എം. മാണിയുടെ വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കി. ഫലം, തുടര്‍ച്ചയായി 51 വര്‍ഷം വിജയിച്ച മാണിയുടെ പൊന്നാപുരംകോട്ടയായിരുന്ന പാലായില്‍ കോട്ട തകർത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ വിജയിച്ചു. യുഡിഎഫിന്റെ ജോസ് ടോമിനെ 2,943 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്

ഇത്തവണ പാലായില്‍ മത്സരിച്ച് പരാജയപ്പെട്ടാൽ ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിക്കും പാർട്ടി ചെയർമാൻ പദവിക്കും അത് വലിയ ഭീഷണിയാകും. ഈ അപകടം ഒഴിവാക്കാനാണ് നിഷ ജോസ് കെ. മാണിയെ മുൻനിർത്തിയുള്ള നീക്കത്തിന് പാർട്ടിയിലെ ഒരു വിഭാഗം ആലോചിക്കുന്നത്. കെ.എം. മാണിയുടെ മരുമകൾ, സാമൂഹിക പ്രവര്‍ത്തക തുടങ്ങിയ പ്രതിച്ഛായ വോട്ടർമാരിലെ മാണിസാറിനോടുള്ള വൈകാരികമായ സ്വാധീനം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഇവർ കരുതുന്നു.

പാലായിലെ സ്ഥാനാര്‍ത്ഥിയായി മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ച് ജോസ് കെ. മാണിയുടെ പേര് പ്രഖ്യാപിക്കുന്നത് ജോസിന് വലിയ സമ്മർദ്ദമാണ് നൽകുന്നത്. മന്ത്രിസ്ഥാനാവും അധികാരവും ഉള്ളതുകൊണ്ട് പാർട്ടിക്കുള്ളിലെ രണ്ടാമത്തെ പവർ സെന്ററായി മാറിക്കഴിഞ്ഞു റോഷി അഗസ്റ്റിൻ. ജോസ് തോറ്റാല്‍ ഉറപ്പായും പാർട്ടിയുടെ കടിഞ്ഞാൺ റോഷിയുടെ കൈകളിലേക്ക് മാറാനുള്ള സാധ്യത ജോസ് പക്ഷത്തിന് നന്നായറിയാം.

പാലാ തിരിച്ചുപിടിക്കുക എന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്. ജോസ് കെ. മാണിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ നിൽക്കുന്ന കാപ്പന് നിഷയാണ് എതിരാളിയെങ്കില്‍ പുതിയ പ്രതിരോധ തന്ത്രങ്ങള്‍ ഒരുക്കേണ്ടി വരും. എൻ.ഡി.എ. സ്ഥാനാര്‍ത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ പാലായിൽ കടുത്ത ത്രികോണ മത്സരം ഉറപ്പാണ്. ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിക്കുന്നത് ആർക്ക് ഗുണകരമാകും എന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയസാദ്ധ്യത നിര്‍ണയിക്കും.

Ads by Google
പ്രത്യേക ലേഖകന്‍
Wednesday 18 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google