തിരുവനന്തപുരം: കോടികളുടെ നഷ്‌ടവുമായി തകര്‍ച്ചയുടെ വക്കിലുള്ള കേരള സ്‌റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡില്‍ 1084 താത്‌കാലികജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. നിയമവകുപ്പിന്റെയും സഹകരണ സെക്രട്ടറിയുടെയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കേ ഭരണസമിതി കൈക്കൊണ്ട തീരുമാനം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക് എത്തിച്ചതായാണു സൂചന.
സ്‌ഥാപനം സാമ്പത്തികനഷ്‌ടത്തിലാണെന്നും വന്‍തോതില്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതു കൂടുതല്‍ ബാധ്യതയുണ്ടാക്കുമെന്നുമാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. എന്നാല്‍, ഇത് വകവയ്‌ക്കാതെയാണ് 10 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന താത്‌കാലികക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നീക്കം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.