Monday, March 16, 2026 Last Updated 3 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 09 Feb 2026 11.37 PM

പിണറായി 3.0 ദോഷം ചെയ്യും; സച്ചിദാനന്ദനെ പിന്തുണച്ച്‌ സാറാജോസഫ്‌; 'തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കുന്നവർ'-വിമര്‍ശനവുമായി അശോകന്‍ ചെരുവില്‍

uploads/news/2026/02/824744/k5.jpg

തൃശൂര്‍: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന കവി സച്ചിദാനന്ദന്റെ നിലപാടിനെ പിന്തുണച്ച്‌ പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്‌.
പിണറായി 3.0 എന്ന ബ്രാന്‍ഡിങ്‌ ദോഷം ചെയ്യുമെന്നും വ്യക്‌തികേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്കു ഭരണം മാറുന്നത്‌ നാശത്തിനു വഴിവയ്‌ക്കുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കി.

ഭരണാധികാരത്തില്‍ വന്ന ഇടതുപക്ഷം അടിസ്‌ഥാന വര്‍ഗത്തിനുവേണ്ടി എന്തു ചെയ്‌തുവെന്നാണു വിലയിരുത്തേണ്ടത്‌. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിന്റെ കൂടെയും കൂട്ടുകൂടുന്ന പാരമ്പര്യമാണ്‌ ഇടതുപക്ഷത്തിനുള്ളത്‌. ജനാധിപത്യത്തേക്കാള്‍ അധികരത്തിനാണ്‌ അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും സാറാ ജോസഫ്‌ കുറ്റപ്പെടുത്തി.

വികസനത്തിന്റെ പേരില്‍ റോഡുകള്‍ പണിയുന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ചോദ്യം ചോദിക്കാനോ തിരുത്താനോ കഴിയാത്ത അവസ്‌ഥയാണു രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നത്‌. ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങളുടെ വായടപ്പിക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്‌. ജനാധിപത്യം നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശക്‌തമായ ഒരു പ്രതിപക്ഷമുണ്ടാവുക എന്നതും ഭരണമാറ്റം സംഭവിക്കുകയെന്നതും അനിവാര്യമാണെന്നും സാറാ ജോസഫ്‌ പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന ഇടത് സഹയാത്രികരായ സാഹിത്യകാരന്മാരുടെ അഭിപ്രായ പ്രകടനത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. 'തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കാൻ ശ്രമിക്കുന്നവർ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അശോകന്‍ ചെരുവില്‍ വിമര്‍ശകരെ വിശേഷിപ്പിച്ചത്.

"സി.പി.ഐ.എമ്മിനേയും കോൺഗ്രസ്സിനേയും ഒന്നിച്ചു രക്ഷിക്കാൻ" ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന വാദഗതി ആദ്യം മുന്നോട്ടു വെച്ച പണ്ഡിതൻ ശ്രീ.എം.എൻ.കാരശ്ശേരിയാണെന്ന് അശോകന്‍ ചെരുവില്‍ പറഞ്ഞു. തുടർച്ചയായ അധികാരം കൊണ്ട് സി.പി.എം. തകരും എന്നാണ് അദ്ദേഹത്തിൻ്റെ "ഭയം". യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരേണ്ടതിൻ്റെ കാരണമായി അദ്ദേഹം പറയുന്നത് "ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ്സുകാർ ഒന്നാകെ ബി.ജെ.പി.യിൽ ചേരും" എന്നുള്ളതാണ്. ഓർക്കേണ്ട ഒരു സംഗതി കാരശ്ശേരി മാഷ് ഈ വാദം 2021ലും ഉന്നയിച്ചിരുന്നു എന്നതാണ്. എന്നാൽ വോട്ടർമാർ സി.പി.എമ്മിനോട് അദ്ദേഹത്തിനുള്ളത്ര "സ്നേഹം" പ്രകടിപ്പിച്ചില്ല. ആ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് "നശിപ്പിക്കാനും" അങ്ങനെ നാടിനെ രക്ഷിക്കാനുമാണ് അവർ തീരുമാനിച്ചതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google