Wednesday, March 18, 2026 Last Updated 11 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 07.34 AM

യുഎസ് യുദ്ധവിമാനം ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടു; സംഘര്‍ഷങ്ങള്‍ക്കിടയിലും ചര്‍ച്ചകള്‍ക്ക് സാധ്യത

uploads/news/2026/02/823798/trump.gif

ന്യൂയോര്‍ക്ക് : സംഘര്‍ഷം മണക്കുന്ന മദ്ധ്യേഷ്യയില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കൊരുങ്ങുമ്പോള്‍ വിമാനവാഹിനിക്കപ്പലിന് സമീപമെത്തിയ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി അവകാശപ്പെട്ട് അമേരിക്ക. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് പതാകയേന്തിയ ടാങ്കര്‍ ഇറാനിയന്‍ സേന തടയാന്‍ ശ്രമിച്ചതിന് പിന്നാലെ, ഒരേ ദിവസം തന്നെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് പുതിയ സംഭവം.

എബ്രഹാം ലിങ്കണ്‍ എന്ന കപ്പലില്‍ നിന്നുള്ള എഫ്-35സി യുദ്ധവിമാനം സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു. ചര്‍ച്ചകളെക്കുറിച്ച് ഇരുനേതാക്കളും സംസാരിക്കുമ്പോഴും സമുദ്രത്തില്‍ സൈനിക നീക്കങ്ങള്‍ തുടരുകയായിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് യുഎസ് ടാങ്കറിനെ ഇറാനിയന്‍ ബോട്ടുകള്‍ തടയാന്‍ ശ്രമിച്ചു. രണ്ട് ഇറാനിയന്‍ ബോട്ടുകളും ഒരു ഡ്രോണും ടാങ്കറിനെ സമീപിച്ച് അതില്‍ കയറാന്‍ ശ്രമിച്ചു. ഒരു യുഎസ് ഡിസ്‌ട്രോയര്‍ വിമാനങ്ങളുടെ സഹായത്തോടെ ടാങ്കറിന് സുരക്ഷയൊരുക്കി. ടാങ്കര്‍ ഇറാനിയന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഒരു കപ്പല്‍ തങ്ങളുടെ ജലാതിര്‍ത്തി ലംഘിച്ചെന്നും മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഉടന്‍ പിന്മാറിയെന്നുമാണ് ഇറാന്‍ പറയുന്നത്.

ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും, യുഎസ് കപ്പലുകള്‍ക്കും താവളങ്ങള്‍ക്കും നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് സമ്മതിച്ചത്. സംഭവം നടന്നുവെങ്കിലും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച അവസാനം ഇറാനികളുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു.

വെള്ളിയാഴ്ച ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും സൈനിക നടപടിയുടെ സാധ്യത ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. ഭീഷണികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. ചര്‍ച്ചകള്‍ എവിടെയാണെന്ന വ്യക്തമാക്കിയിട്ടില്ലെങ്കിലും തുര്‍ക്കി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Ads by Google
Wednesday 04 Feb 2026 07.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google