Friday, March 20, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
രാജു പോള്‍
Sunday 01 Feb 2026 11.20 AM

മലബാര്‍ സിമെന്റ്‌സ്‌: മുന്‍ ചീഫ്‌ സെക്രട്ടറി ജോണ്‍ മത്തായിയും വിചാരണ നേരിടണം: സുപ്രീം കോടതി, നടപടികള്‍ വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കത്തിന്‌ തിരിച്ചടി

തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിനു പ്രതികള്‍ സൃഷ്‌ടിച്ച നിയമതടസങ്ങള്‍ സുപ്രീം കോടതി ഉത്തരവോടെ ഇല്ലാതായി. വിചാരണ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന്‌ അറിയുന്നു.
uploads/news/2026/02/823429/3.jpg

കൊച്ചി : മലബാര്‍ സിമെന്റ്‌സിലെ അഴിമതിക്കേസുകളുടെ വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കത്തിന്‌ തിരിച്ചടി. കേസില്‍ പ്രതിയായ മുന്‍ ചീഫ്‌ സെക്രട്ടറി ജോണ്‍ മത്തായിയും വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചു.
തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിനു പ്രതികള്‍ സൃഷ്‌ടിച്ച നിയമതടസങ്ങള്‍ സുപ്രീം കോടതി ഉത്തരവോടെ ഇല്ലാതായി. വിചാരണ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന്‌ അറിയുന്നു.
2010-11 ലാണ്‌ മലബാര്‍ സിമെന്റ്‌സില്‍ കോളിളക്കം സൃഷ്‌ടിച്ച കേസുകളുടെ കുറ്റപത്രം പാലക്കാട്‌ വിജിലന്‍സ്‌ ബ്യൂറോ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. അതില്‍ ശശീന്ദ്രന്‍ സാക്ഷിയായ മൂന്ന്‌ കേസുകളിലും കമ്പനിയുടെ സി.എം.ഡിയും വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ജോണ്‍ മത്തായി ഐ.എ.എസ്‌. പ്രതിയായിരുന്നു. കമ്പനിയുടെ ഇന്റേണല്‍ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി. ശശീന്ദ്രന്‍ മൂന്ന്‌ കേസുകളിലെയും മുഖ്യസാക്ഷിയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച്‌ മൂന്നാം നാള്‍ 2011 ജനുവരി 24 നാണ്‌ ശശീന്ദ്രനെയും രണ്ട്‌ മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
വിജിലന്‍സ്‌ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരുന്ന, ശശീന്ദ്രന്‍ സാക്ഷിയായ മൂന്ന്‌ കേസുകളുടെ പ്രതിപട്ടികയില്‍ നിന്ന്‌ ജോണ്‍ മത്തായി, എന്‍. കൃഷ്‌ണകുമാര്‍, ടി. പത്മനാഭന്‍നായര്‍ എന്നിവരെ ഒഴിവാക്കി 2012 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ്‌ മൂലം വിചാരണ കോടതി നടപടികള്‍ തടസപ്പെട്ടത്‌ ഒന്നര പതിറ്റാണ്ടാണ്‌. സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദ്‌ ചെയ്യുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിനും സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രവും ശശീന്ദ്രന്റെ കുടുംബവും ദീര്‍ഘകാലമായി നടത്തിയ നിയമനടപടികളുടെ അന്തിമഫലമാണ്‌ സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌.
ഇതോടെ കരാറുകാരന്‍ വി.എം. രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെ പ്രതികളായിട്ടുള്ളതും കുറ്റപത്രം സമര്‍പ്പിച്ചതുമായ എട്ട്‌ അഴിമതിക്കേസുകളുടെ വിചാരണ നടപടികളാണ്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ആരംഭിക്കുക. നാല്‍പതോളം പ്രതികളാണ്‌ ഇതിലുള്ളത്‌. ഉദ്യോഗസ്‌ഥരും ഇടനിലക്കാരും ഇതില്‍ ഉള്‍പ്പെടും.
2025 സെപ്‌റ്റംബറില്‍ നാല്‌ മാസത്തിനകം അഴിമതിക്കേസുകളുടെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ കോടതി നിയമനടപടി സ്വീകരിച്ചുവരവെയാണ്‌ ജോണ്‍ മത്തായി സുപ്രീം കോടതിയെ സമീപിച്ചത്‌. അതിനുമുമ്പേ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ്‌ കൈതാരം സുപ്രീം കോടതിയില്‍ അഡ്വ. ജോസ്‌ അബ്രഹാം വഴി തടസവാദ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നതിനാല്‍ അട്ടിമറി നീക്കം ഫലിച്ചില്ല.

Ads by Google
രാജു പോള്‍
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google