Wednesday, March 18, 2026 Last Updated 17 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 28 Jan 2026 11.42 PM

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചു: ഇനി തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റിന് സര്‍ക്കാര്‍

ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സില്‍വര്‍ ലൈനിനു ബദലായി അതിവേഗ റെയില്‍പാതയ്‌ക്കു ഡി.പി.ആര്‍. തയാറാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ സംസ്‌ഥാന സര്‍ക്കാരും പുതിയ സ്‌റ്റാന്‍ഡേഡ്‌ ഗേജ്‌ റെയില്‍ ലൈന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്‌.
uploads/news/2026/01/822949/k1.jpg

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ച്‌ സംസ്‌ഥാനത്തു പുതിയ അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ 583 കിലോമീറ്റര്‍ നീളത്തില്‍ റീജനല്‍ റാപിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്‌) പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സില്‍വര്‍ ലൈനിനു ബദലായി അതിവേഗ റെയില്‍പാതയ്‌ക്കു ഡി.പി.ആര്‍. തയാറാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ സംസ്‌ഥാന സര്‍ക്കാരും പുതിയ സ്‌റ്റാന്‍ഡേഡ്‌ ഗേജ്‌ റെയില്‍ ലൈന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്‌.
മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വരെ വേഗതയുള്ള പദ്ധതിയാണു വിഭാവനം ചെയ്യുന്നത്‌. ചര്‍ച്ചകള്‍ക്കായി ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ധാരണാ പത്രത്തില്‍ ഏര്‍പ്പെടും.
സംസ്‌ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്‌ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്‌, തൂണുകള്‍ വഴിയുള്ള മാതൃകയാണു സ്വീകരിക്കുന്നത്‌. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടിയാകും. ആവശ്യമുള്ള സ്‌ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്‌, ടണല്‍ വഴിയും.
ആര്‍.ആര്‍.ടി.എസ്‌. നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. നിലവിലുള്ള കൊച്ചി മെട്രോയുമായും ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട്‌ എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ്‌. സ്‌റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ കഴിയും. പദ്ധതിച്ചെലവിന്റെ 20% സംസ്‌ഥാന സര്‍ക്കാര്‍, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% രാജ്യാന്തര ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്‌പ എന്ന നിലയിലാകും നടപ്പാക്കുക.

ആദ്യഘട്ടം ട്രാവന്‍കൂര്‍ ലൈന്‍
ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഉള്ള ട്രാവന്‍കൂര്‍ ലൈന്‍ ആണ്‌ നടപ്പാക്കുക. 284 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2027 ല്‍ നിര്‍മാണം ആരംഭിച്ച്‌ 2033 ല്‍ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
രണ്ടാംഘട്ടമായി തൃശൂര്‍ മുതല്‍ കോഴിക്കോട്‌ വരെ മലബാര്‍ ലൈനും അതോടൊപ്പം കോഴിക്കോട്‌ മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട്‌ മുതല്‍ കണ്ണൂര്‍ വരെ കണ്ണൂര്‍ ലൈന്‍ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ്‌ ലൈനും പൂര്‍ത്തിയാക്കുന്നതിനുമാണ്‌ നിര്‍ദേശമുള്ളത്‌.
12 വര്‍ഷത്തിനുള്ളില്‍ സംസ്‌ഥാനത്തുടനീളമുള്ള സമ്പൂര്‍ണ എ.ആര്‍.ടി.എസ്‌ ശൃംഖല യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google