Wednesday, March 18, 2026 Last Updated 13 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍/സുനില്‍ ജെ. സണ്ണി
Wednesday 28 Jan 2026 11.42 PM

തെരഞ്ഞെടുപ്പ് വരുന്നു; ക്ഷേമപെന്‍ഷന്‍ വര്‍ധന, ശമ്പള പരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി... വാരിക്കോരി എല്ലാം; ബജറ്റ്‌ ഇന്ന്‌

തുടര്‍ച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട്‌ അടുത്ത മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റാണ്‌ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്‌. ക്ഷേമപെന്‍ഷന്‍ വര്‍ധന, ശമ്പളപരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയാണ്‌ പ്രതീക്ഷിക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍.
uploads/news/2026/01/822939/K.N.--Balagopal-4.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന സംസ്‌ഥാന ബജറ്റ്‌ ഇന്ന്‌. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന്‌ രാവിലെ ഒമ്പതിന്‌ നിയമസഭയില്‍ അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റിനു മുന്‍പ്‌ സംസ്‌ഥാന ബജറ്റ്‌ അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്‌, മറ്റ്‌ കേന്ദ്രവിഹിതങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കുന്നുണ്ട്‌. അപ്പോഴും ജനങ്ങളെ കൈയിലെടുക്കാനുള്ള വന്‍ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. തുടര്‍ച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട്‌ അടുത്ത മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റാണ്‌ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്‌.
ക്ഷേമപെന്‍ഷന്‍ വര്‍ധന, ശമ്പളപരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയാണ്‌ പ്രതീക്ഷിക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍. ക്ഷേമപെന്‍ഷന്‍ 2500 രൂപയായി വര്‍ധിപ്പിക്കാന്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന്‌ മന്ത്രി സൂചിപ്പിക്കുന്നുണ്ടെങ്കിലും സമാശ്വാസകരമായ ഒരു വര്‍ധന ഉണ്ടായേക്കും.
സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം നിര്‍ത്താനായി കുടിശ്ശികയുള്ള ഡി.എയുടെ കാര്യത്തിലും ശമ്പള പരിഷ്‌കരണത്തിനുള്ള ഉദ്യോഗസ്‌ഥസമിതിയെ നിയമിക്കുന്നതിലും നിര്‍ണായക പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. പെന്‍ഷന്‍ പ്രായത്തില്‍ തീരുമാനം ഉണ്ടാകുമോ എന്നതും ശ്രദ്ധേയമായ ചോദ്യമാണ്‌. സാമ്പത്തികമായി കേന്ദ്രം സംസ്‌ഥാനത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിക്കുമ്പോഴും തനത്‌ വരുമാനത്തിലുണ്ടായ വളര്‍ച്ച സര്‍ക്കാരിന്‌ ആശ്വാസമാണ്‌.
റവന്യു വരുമാനത്തിന്റെ 75 ശതമാനവും കേരളം സ്വന്തമായി കണ്ടെത്തുന്നതാണെന്ന്‌ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന മാണി കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചാല്‍ അത്‌ രാഷ്‌ട്രീയമായും സര്‍ക്കാരിന്‌ കരുത്താകും. കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്‌ജനം, വയോജനങ്ങളുടെ ക്ഷേമം, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുപ്പ്‌ കാലമായതിനാല്‍ നികുതിനിരക്ക്‌ വര്‍ധിപ്പിച്ച്‌ ജനത്തെ പിണക്കാന്‍ സര്‍ക്കാര്‍ മുതിരില്ല. പകരം വിഭവസമാഹരണത്തിന്‌ പുതിയ മാര്‍ഗങ്ങള്‍ തേടാനാണ്‌ നീക്കം.
മദ്യത്തിന്‌ നികുതി വര്‍ധിപ്പിക്കാന്‍ തയാറായേക്കില്ലെന്നും സൂചനയുണ്ട്‌. രണ്ടാം പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന ബജറ്റ്‌ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണത്തിന്‌ കൂടിയാകും തുടക്കമാവുക. മൂലധന ചെലവുകള്‍ വര്‍ധിപ്പിച്ച്‌ വികസന പദ്ധതികള്‍ക്ക്‌ ഊര്‍ജം നല്‍കുമെന്നതാണ്‌ സര്‍ക്കാരിന്റെ അവകാശവാദം.

എസ്‌. നാരായണന്‍/സുനില്‍ ജെ. സണ്ണി

Ads by Google
എസ്‌. നാരായണന്‍/സുനില്‍ ജെ. സണ്ണി
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google