Wednesday, March 18, 2026 Last Updated 8 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 28 Jan 2026 11.42 PM

റണ്‍വേ ദൃശ്യമാണോ എന്ന ചോദ്യത്തിന്‌ ആണെന്ന് പൈലറ്റ്‌, ക്ഷണനേരംകൊണ്ട്‌ വിമാനം നിലംപതിച്ചു; പവാറിന്റെ വിമാനം വീണത്‌ റണ്‍വേയില്‍നിന്ന്‌ 100 അടി അകലെ

uploads/news/2026/01/822936/Ajit-Pavar-1.jpg

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണത്‌ റണ്‍വേയില്‍നിന്ന്‌ 100 അടി അകലെ. ഇന്നലെ രാവിലെ 8.10 നു മുംബൈയില്‍നിന്ന്‌ പുറപ്പെട്ട ലിയര്‍ജെറ്റ്‌ 45 പ്രൈവറ്റ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഒരു മണിക്കൂറിനുള്ളില്‍ ബാരാമതിയില്‍ ലാന്‍ഡ്‌ ചെയ്യേണ്ടതായിരുന്നു വിമാനം.

സാധാരണ സാഹചര്യങ്ങളില്‍ ഈ രണ്ട്‌ വിമാനത്താവളങ്ങള്‍ക്കിടയിലുള്ള പറക്കല്‍ സമയം 45 മിനിറ്റാണ്‌. വിമാനം ബാരാമതി വിമാനത്താവളത്തിന്റെ റണ്‍വേയില്‍നിന്ന്‌ കേവലം 100 അടി അകലെ എത്തിയപ്പോഴാണ്‌ തകര്‍ന്നത്‌. അതിനും പന്ത്രണ്ട്‌ മിനിറ്റ്‌ മുമ്പ്‌ എ.ഡി.എസ്‌.- ബി റേഡിയോ സിഗ്‌നലുകളും വിമാനത്തിന്റെ വേഗതയും സ്‌ഥാനവും പരിശോധിക്കുന്ന പതിവ്‌ ട്രാന്‍സ്‌മിഷനുകളും തടസപ്പെട്ടിരുന്നു.

പൈലറ്റ്‌ 'ലാന്‍ഡിങ്‌ക്ലിയറന്‍സ്‌ റീഡ്‌ബാക്ക്‌' നല്‍കിയില്ലെന്ന്‌ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രസ്‌താവനയില്‍ പറയുന്നു. ലാന്‍ഡിങ്‌ അനുമതി ആവര്‍ത്തിക്കുന്ന സന്ദേശവും ഉണ്ടായില്ല. വിമാനം ലാന്‍ഡ്‌ ചെയ്യുമ്പോള്‍ 'റീഡ്‌ബാക്ക്‌' നിര്‍ണായകമാണ്‌.
ഏത്‌ റണ്‍വേയാണ്‌ ഉപയോഗിക്കുന്നതെന്നും കാലാവസ്‌ഥ എങ്ങനെയാണെന്നും വിമാനം ലാന്‍ഡ്‌ ചെയ്യുമ്പോള്‍ നിലത്തും തൊട്ടടുത്തും എന്തൊക്കെ ട്രാഫിക്‌ ഉണ്ടെന്നും പൈലറ്റും എയര്‍ട്രാഫിക്‌ കണ്‍ട്രോളും (എ.ടി.സി) തമ്മില്‍ നടത്തുന്ന ആശയവിനിമയമാണിത്‌. ഇതില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതോ പിഴവുണ്ടാകുന്നതോ വലിയ ദുരന്തത്തിനു വഴിവയ്‌ക്കാം.

വിമാനം പറപ്പിച്ച പൈലറ്റ്‌ ക്യാപ്‌റ്റന്‍ ശംഭവി പഥക്‌ ന്യൂസിലന്‍ഡിലെ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്ന്‌ കൊമേഷ്യല്‍ പൈലറ്റ്‌, ഫൈ്ലറ്റ്‌ ക്രൂ പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയ ആളാണ്‌. ജോര്‍ദാനിലെ സിമുലേഷന്‍ സെന്ററില്‍നിന്ന്‌ തുടര്‍ പരിശീലനവും നേടിയിരുന്നു. സുമിത്‌ കപൂര്‍ ആയിരുന്നു സഹപൈലറ്റ്‌. ലാന്‍ഡിങ്ങിനു മുമ്പ്‌ പൈലറ്റിന്‌ കാലാവസ്‌ഥാ മുന്നറിയിപ്പ്‌ നല്‍കി. യുക്‌തിപരമായി ലാന്‍ഡ്‌ ചെയ്യാനും നിര്‍ദേശിച്ചു.
കാറ്റിനെയും ദൃശ്യപരതയെയും കുറിച്ച്‌ പൈലറ്റ്‌ ചോദിച്ചു. ദൃശ്യപരത ഏകദേശം 3000 മീറ്റര്‍ അഥവാ മൂന്ന്‌ കിലോമീറ്റര്‍ ആണെന്നു മറുപടി നല്‍കി. ഇത്‌ 'സാമാന്യം നിലവാരമുള്ളതും ലാന്‍ഡിങ്ങിനു പര്യാപ്‌തവുമായ ഒന്നാണെന്ന്‌ വ്യോമയാന വിദഗ്‌ധര്‍ പറയുന്നു. തുടര്‍ന്ന്‌ വിമാനം റണ്‍വേ 11-ലേക്ക്‌ ലാന്‍ഡിങ്ങിന്‌ ശ്രമിച്ചു. ഉടന്‍ തന്നെ, ലാന്‍ഡിങ്‌ സ്‌ട്രിപ്പ്‌ കാണാനാകുന്നില്ലെന്ന്‌ പൈലറ്റ്‌ സൂചിപ്പിച്ചു. അപ്പോള്‍ 'ഗോ എറൗണ്ട്‌' നിര്‍ദേശം എ.ടി.സി. നല്‍കി. തുടര്‍ന്ന്‌ പൈലറ്റ്‌ ലാന്‍ഡിങ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

റണ്‍വേ ഇപ്പോള്‍ ദൃശ്യമാണോ എന്ന ചോദ്യത്തിന്‌ ആണെന്ന സ്‌ഥിരീകരണവും പൈലറ്റ്‌ നല്‍കി. ഇതോടെ ലാന്‍ഡിങ്ങിന്‌ അനുമതി നല്‍കിയെങ്കിലും വിമാനം ക്ഷണനേരംകൊണ്ട്‌ നിലംപതിക്കുകയായിരുന്നു. അപകടത്തില്‍ എയര്‍ക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം ഏറ്റെടുത്തു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google