Thursday, March 19, 2026 Last Updated 43 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 01.19 PM

കേന്ദ്രവും കേരളവും കളിക്കുന്നത് പരസ്പരം വിമര്‍ശിക്കാതെ ഒത്തുതീര്‍പ്പ് ; ഈ സര്‍ക്കാര്‍ ശരശയ്യയിലെന്ന് രമേശ്

uploads/news/2026/01/822899/ramesh-chennithala.jpg

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരുമായി കേരളസര്‍ക്കാര്‍ ഒത്തുതീര്‍പ്പിലാണെന്നും ഗവര്‍ണറും ഗവണ്‍മെന്റും തമ്മില്‍ യുദ്ധമാണെന്ന് നാട്ടുകാരെ ബോധിപ്പിക്കാനുള്ള പടുവേല കാണിച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിനെതിരായ ഇടതുപക്ഷ പ്രതിഷേധം ലോക് ഭവന് മുന്നില്‍ ചെയ്യാന്‍ ആര്‍ജ്ജവം ഇല്ലാത്തതുകൊണ്ടാണ് രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നടത്തുന്നതെന്നും പറഞ്ഞു.

ഗവര്‍ണറും ഇടതുപക്ഷവും തമ്മിലുള്ളത് ഗംഭീര ഒത്തുകളിയാണെന്ന് തങ്ങള്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി എന്നെങ്കിലും നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമര്‍ശിച്ചിട്ടുണ്ടോ, ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പല തവണ നിയമസഭയില്‍ വന്ന ആളാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം എന്താണ് ഇവിടെ നടന്നത്. ഗവര്‍ണര്‍ ഒരു പ്രസംഗം വായിക്കുന്നു. അദ്ദേഹത്തെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി വേറൊരു പ്രസംഗം വായിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പരസ്പരം പാലിക്കേണ്ട മര്യാദകള്‍ പോലും ഇവര്‍ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

വി സിമാരുടെ നിയമനത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് പങ്കിടല്‍ നടന്നു. അവിടെ മെറിറ്റ് അല്ല നോക്കിയത്. നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ക്ക് ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ക്ക് എന്ന രീതിയിലുള്ള വീതം വെപ്പായിരുന്നു. വി സി നിയമനവുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രയോഗം നടന്നു. എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും സംഘി ഗവര്‍ണര്‍ എന്നും പറഞ്ഞ് ഗവര്‍ണറെ തടഞ്ഞു. ഭാരതാംബയുടെ ചിത്രത്തിന്റെ പേരിലുണ്ടായ പ്രശ്നത്തില്‍ രജിസ്ട്രാറെ പുറത്താക്കി. കേരള രജിസ്ട്രാര്‍ അനില്‍കുമാര്‍ മാത്രമാണ് രക്തസാക്ഷിയായതെന്നും ആരോപിച്ചു.

കുരുക്ഷേത്ര യുദ്ധത്തില്‍ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സര്‍ക്കാരെന്നും ഉത്തരായനത്തില്‍ എത്തിയാല്‍ മരണം സംഭവിക്കുമെന്നത് യാഥാര്‍ത്ഥ്യമാണെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പോടെ ഈ സര്‍ക്കാരിന്റെ അന്ത്യംകുറിക്കുമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. നൂറ് സീറ്റുകള്‍ നേടി ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പറഞ്ഞു.

പരാജിതന്റെ കപട ആത്മവിശ്വാസമാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. അതിന് ജനം മറുപടി നല്‍കും. മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ രമേശ് ചെന്നിത്തല പരിഹസിച്ചു. ഈ രീതിയില്‍ സജി ചെറിയാന്‍ മൂന്നോ നാലോ പ്രസംഗം നടത്തിയാല്‍ തങ്ങളുടെ ജോലി എളുപ്പമാകുമെന്നായിരുന്നു പരിഹാസം.

രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകള്‍ക്കെതിരെ സംസാരിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുക്കുന്ന പാര്‍ട്ടി സ്വര്‍ണക്കൊള്ളയില്‍ ജയിലിന് അകത്തായ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പയ്യന്നൂരിലെ രക്തസാക്ഷിയുടെ വീട് താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബമാണ്. അവര്‍ക്കായി പിരിച്ച പണമാണ് മുക്കിയത്. അത് തുറന്നു പറഞ്ഞതിനാണ് വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തു. എത്ര ഗൃഹസന്ദര്‍ശനം നടത്തിയാലും നാട്ടുകാരോട് എത്ര കള്ളം പറഞ്ഞാലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Wednesday 28 Jan 2026 01.19 PM
YOU MAY BE INTERESTED
Ads by Google
Ads by Google