Wednesday, March 18, 2026 Last Updated 2 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Tuesday 27 Jan 2026 11.30 PM

യു.ഡി.എഫിന്‌ ആശ്വാസം, എല്‍.ഡി.എഫിന്‌ ആശങ്ക; എന്‍.എസ്‌.എസ്‌.- എസ്‌.എന്‍.ഡി.പി. യോഗം ഐക്യം പൊളിഞ്ഞു, ബി.ഡി.ജെ.എസിനും തിരിച്ചടി

എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഒന്നടങ്കം ഐക്യത്തെ എതിര്‍ത്തതോടെയാണ്‌ എസ്‌.എന്‍.ഡി.പിയുമായി ഐക്യം വേണ്ടന്ന നിലപാടില്‍ എന്‍.എസ്‌.എസ്‌. നേതൃത്വം എത്തിച്ചേര്‍ന്നത്‌.
uploads/news/2026/01/822778/k3.jpg

കോട്ടയം; സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴിവച്ച എന്‍.എസ്‌.എസ്‌.- എസ്‌.എന്‍.ഡി.പി. യോഗം സഖ്യനീക്കം പൊളിഞ്ഞതോടെ യു.ഡി.എഫിന്‌ ആശ്വസം. എല്‍.ഡി.എഫിന്‌ ആശങ്ക. പുതിയ സഖ്യം ഭാവിയില്‍ രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ വഴിയൊരുക്കുമെന്ന്‌ പ്രതീക്ഷിച്ച ബി.ജെ.പി. മുന്നണിക്കും നിരാശ.

എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും തങ്ങള്‍ക്കനുകൂലമായി ഒന്നിച്ചാല്‍ ഗുണം കിട്ടുമെന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. അതിനായി അവര്‍ ഐക്യത്തിന്‌ പ്രോത്സാഹനവും നല്‍കി. എന്നാല്‍ എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഒന്നടങ്കം ഐക്യത്തെ എതിര്‍ത്തതോടെയാണ്‌ എസ്‌.എന്‍.ഡി.പിയുമായി ഐക്യം വേണ്ടന്ന നിലപാടില്‍ എന്‍.എസ്‌.എസ്‌. നേതൃത്വം എത്തിച്ചേര്‍ന്നത്‌. എസ്‌.എന്‍.ഡി.പി. നേതൃത്വത്തിന്‌ വ്യക്‌തമായ ഇടതുപക്ഷ അനുകൂല രാഷ്‌ട്രീയ നിലപാടുണ്ടെന്നും സഖ്യമുണ്ടായാല്‍ എന്‍.എസ്‌.എസ്‌. പുലര്‍ത്തിവരുന്ന സമദൂര നിലപാടിന്റെ പ്രസക്‌തി ഇല്ലാതാക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കാലങ്ങളായി പിന്തുടര്‍ന്ന്‌ വരുന്ന എന്‍.എസ്‌.എസിന്റെ മതേതര സ്വഭാവം സഖ്യത്തിലൂടെ നഷ്‌ടപ്പെടുമെന്ന്‌ ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ്‌ സഖ്യത്തിന്‌ പ്രസക്‌തിയില്ലെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്‌തമാക്കിയത്‌.
ശബരിമല സ്വര്‍ണക്കൊള്ളയിലടക്കം പ്രതിരോധത്തിലായ സംസ്‌ഥാന സര്‍ക്കാരിനും സി.പി.എമ്മിന്‌ എന്‍.എസ്‌.എസിന്റെയും എസ്‌.എന്‍.ഡി.പിയുടെയും പിന്തുണ മുതല്‍ക്കൂട്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുസമുദായങ്ങളുടെയും ഐക്യമെന്ന ആശയത്തിന്‌ പിന്നിലും സി.പി.എം. ബുദ്ധികേന്ദ്രങ്ങളായിരുന്നുവെന്ന സൂചനകളും പുറത്തുവന്നിരുന്നു.

ഈഴവ സമുദായാംഗങ്ങളില്‍ നല്ലൊരു വിഭാഗവും ഇടതുപക്ഷവുമായി ആഭിമുഖ്യം പുലര്‍ത്തിവരുന്നവരാണ്‌. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈഴവ മേഖലകളില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥികള്‍ നേടിയ വിജയം തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ടെന്ന ആശങ്കയിലായിരുന്നു സി.പി.എം. ഇത്‌ പരിഹരിക്കാന്‍ എന്‍.എസ്‌.എസ്‌-എസ്‌.എന്‍.ഡി.പി. ഐക്യത്തിലൂടെ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എന്‍.എസ്‌.എസ്‌. സഖ്യ നീക്കത്തില്‍ നിന്ന്‌ പിന്മാറിയതോടെ ആ പ്രതീക്ഷ പൊലിഞ്ഞു.

അതേ സമയം, സഖ്യം യാഥാര്‍ഥ്യമായാല്‍ പരമ്പരാഗതമായി ലഭിച്ചുവന്നിരുന്ന എന്‍.എസ്‌.എസ്‌. വോട്ടുകള്‍ നഷ്‌ടമാകുമോ എന്ന ആശങ്കയിലായിരുന്ന കോണ്‍ഗ്രസും യു.ഡി.എഫും ആശ്വാസത്തിലാണ്‌. എന്‍.എസ്‌.എസുമായി അടുപ്പമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ ഇടപെടലാണ്‌ ഐക്യ നീക്കത്തില്‍നിന്നും പിന്‍മാറുന്നതിന്‌ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.

സഖ്യം സി.പി.എമ്മിന്‌ വേണ്ടിയായിരുന്നെങ്കിലും ബി.ഡി.ജെ.എസ്‌. സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചതോടെ ബി.ഡി.ജെ.എസും രാഷ്‌ട്രീയ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു. എന്‍.ഡി.എയുടെ കണ്‍വീനറായ തുഷാറിന്‌ സഖ്യം വഴി ബി.ജെ.പി നേതൃത്വത്തെ തൃപ്‌തിപ്പെടുത്താനും കഴിയുമായിരുന്നു. സഖ്യം യാഥാര്‍ഥ്യമാകുന്നതോടെ ഇത്‌ പറഞ്ഞ്‌ സി.പി.എമ്മിനോടും ബി.ജെ.പിയോടും വിലപേശാമെന്നതായിരുന്നു ബി.ഡി.ജെ.എസ്‌. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ തന്ത്രവും സഖ്യം പൊളിഞ്ഞതോടെ പിഴച്ചു.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google