Thursday, March 19, 2026 Last Updated 42 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 01.26 PM

വ്യാപാരകരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ; പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന

uploads/news/2026/01/822708/modi-and-eu.gif

ന്യൂഡല്‍ഹി: അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനിടയില്‍ യൂറോപ്യന്‍ യൂണിയനുമായി വ്യാപാരകരാറില്‍ കൈകോര്‍ക്കാന്‍ ഇന്ത്യ. ഈ കരാര്‍ ഇന്ന് പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിലെ ഒരു പുതിയ അധ്യായമായി അത് മാറും. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഉച്ചകോടിയില്‍ പങ്കുചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത താരിഫ് നയങ്ങളും, റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ആഗോള വിപണിയെ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ആറുമാസത്തെ സമയമാണ് കണക്കാക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാമെന്ന് കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 110 ശതമാനം തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും.

നിലവില്‍ ചരക്ക് വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2024-25 കാലയളവില്‍ ഇന്ത്യയും ഇയുവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യണ്‍ ഡോളറിലെത്തി. പ്രതിരോധം, സമുദ്ര സുരക്ഷ, ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണവും ഇതിലൂടെ വര്‍ദ്ധിക്കും.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികള്‍ക്കും ഇത് ഊര്‍ജ്ജം നല്‍കും. കരാറിലൂടെ 45 കോടി ഉപഭോക്താക്കളുള്ള യൂറോപ്യന്‍ വിപണിയിലേക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രവേശനം ലഭിക്കും. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്പില്‍ സാന്നിധ്യം ശക്തമാക്കാം.

പരിസ്ഥിതി നിയമങ്ങള്‍, തൊഴില്‍ മാനദണ്ഡങ്ങള്‍, ഡാറ്റാ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് മുന്‍പ് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, നിലവിലെ ആഗോള സാഹചര്യം ഇരുപക്ഷത്തെയും വിട്ടുവീഴ്ചകള്‍ക്ക് പ്രേരിപ്പിച്ചിരിക്കുകയാണ്. അതേസമയം ഈ കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയും രംഗത്ത് വന്നിട്ടുണ്ട്. കരാര്‍ റഷ്യ- യുക്രൈന്‍ യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുകയാണെന്നാണ് അമേരിക്കയുടെ വിമര്‍ശനം.

ഇന്ത്യയില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്ത റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില്‍ക്കുകയാണെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ആരോപണം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി വ്യാപാര കരാറിലൊപ്പുവയ്ക്കുകയാണെന്നും ബെസന്റ് പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണികള്‍ക്കിടയിലാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളില്‍ ഒന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വാതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ഇന്ന് നടക്കുന്ന ഉച്ചകോടിയിലായിരിക്കും പ്രഖ്യാപനം. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇരുരാജ്യങ്ങളും ഔപചാരികമായി കരാറില്‍ ഒപ്പിടും.

Ads by Google
Tuesday 27 Jan 2026 01.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google