ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട 2026-ലെ ട്രാഫിക് ഇൻഡക്സ് റിപ്പോർട്ടിലാണ് ഈ നേട്ടം. ദോഹ 135.1 എന്ന പോയിന്റോടെയാണ് പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്.
ഒമാന്റെ തലസ്ഥാനമായ മസ്‌കത്താണ് ഗൾഫ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരം. ഒമാന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഖത്തർ. അബൂദബി (യു.എ.ഇ), മനാമ (ബഹ്‌റൈൻ), കുവൈത്ത് സിറ്റി (കുവൈത്ത്), റിയാദ് (സൗദി അറേബ്യ) എന്നീ നഗരങ്ങളാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിലും ഒമാന് പിന്നിലായി ഖത്തർ രണ്ടാം സ്ഥാനത്താണ്.
ഖത്തറിന്‍റെ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഗതാഗത മേഖലയിൽ നടപ്പിലാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.