Thursday, March 19, 2026 Last Updated 24 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 12.37 PM

മൂന്നര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താം ; അതിവേഗ റെയില്‍പാത പ്രഖ്യാപനം ഉടന്‍

uploads/news/2026/01/822399/e-sreedharan.gif

മലപ്പുറം: അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. പതിനഞ്ചു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകുമെന്നും പറഞ്ഞു. പൊന്നാനിയില്‍ ഉടന്‍ ഓഫീസ് തുറക്കുമെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രണ്ടാം തീയതി ഓഫീസ് തുറക്കാനാണ് പദ്ധതി. 200 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ട്രെയിന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കുമെന്നും 3.15 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ കഴിയുമെന്നും പറഞ്ഞു. തിരുവനന്തപുരം-കൊച്ചി യാത്രക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. പാലം തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ല. മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും. ചെറിയ തുക വര്‍ഷം തോറും റെയില്‍വേക്ക് നല്‍കേണ്ടി വരും.

ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. 70 ശതമാനം എലിവേറ്റഡും 20 ശതമാനം ടണലായുമായിരിക്കും പാത. ആദ്യ പളാനില്‍ 14 സ്‌റ്റേഷന്‍ മാത്രമായിരിക്കും. അത് പിന്നീട് 22 ആക്കി ഉയര്‍ത്തും. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍.

തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ട്രെയിന്‍ ഉണ്ടാകും. നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ. ഇപ്പോള്‍ പത്ത് ആണെങ്കില്‍ അത് പതിനഞ്ചിലേക്ക് മാത്രമായിരിക്കും ഉയരുകയെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഒരു ലക്ഷം കോടി വരെ ഉയരാം. 51 ശതമാനം റെയില്‍വേ, 49 ശതമാനം സ്റ്റേറ്റ് എന്നിങ്ങനെയാകും മുടക്ക് മുതല്‍. 60,000 കോടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. 30,000 കേന്ദ്രം, 30,000 സംസ്ഥാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. അഞ്ച് കൊല്ലത്തേയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആറായിരം കോടി വീതം ഓരോ വര്‍ഷവും നല്‍കിയാല്‍ മതിയാകും. ഒരു കിലോമീറ്ററിന് 200 കോടി എന്ന നിലയിലാണ് ചെലവ് കണക്കാക്കുന്നത്.

എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരും. സ്ഥലം ഒരേ സമയം പ്രവര്‍ത്തി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നും പറഞ്ഞു.

Ads by Google
Saturday 24 Jan 2026 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google