Thursday, March 19, 2026 Last Updated 46 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 21 Jan 2026 11.33 PM

മുന്നൂറിലധികം കുട്ടികള്‍ തട്ടിപ്പിന്‌ ഇരയായി, വിദ്യാഭ്യാസ സ്‌ഥാപനത്തിനെതിരേ പരാതിയുമായി നടി ഗായത്രി അരുണ്‍ , അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ച്‌ തട്ടിപ്പ്‌

ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പണം അടച്ചു മുന്നൂറിലധികം വിദ്യാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ചിത്രമാണു സ്‌ഥാപനം മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു.
uploads/news/2026/01/821972/Gayathri-Arun.jpg

കൊച്ചി: എറണാകുളത്ത്‌ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനത്തിനെതിരേ പരാതിയുമായി നടി ഗായത്രി അരുണ്‍. ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പണം അടച്ചു മുന്നൂറിലധികം വിദ്യാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ചിത്രമാണു സ്‌ഥാപനം മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു.

ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണു നടി വിദ്യാഭ്യാസത്തട്ടിപ്പിനെതിരേ മുന്നറിയിപ്പ്‌ നല്‍കിയത്‌. പറ്റിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും തട്ടിപ്പു നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി ആവശ്യപ്പെട്ടു. സ്‌ഥാപനത്തിന്റെ പേര്‌ വെളിപ്പെടുത്താതെയാണു നടി ഇക്കാര്യം പറഞ്ഞത്‌. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിനു സ്‌ഥാപനത്തിനു നോട്ടീസയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്‌തമാക്കി.

'2024 സെപ്‌റ്റംബര്‍ മൂന്നിന്‌ കൊച്ചിയിലുള്ള ഒരു ഓണ്‍ലൈന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ താന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു. മറ്റു പല പ്രമുഖരും അതിലുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി ഈ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെതിരേ നിരവധി പരാതികള്‍ വരുന്നുണ്ട്‌. പൈസ അടച്ചു പറ്റിക്കപ്പെട്ടു എന്നുപറഞ്ഞു കുട്ടികള്‍ സ്‌ക്രീന്‍ഷോട്ട്‌ ഉള്‍പ്പെടെ എനിക്ക്‌ അയക്കുകയാണ്‌. എന്റെ ഫോട്ടോയാണ്‌ അനുവാദമില്ലാതെ ഇവര്‍ ബിസിനസിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ എന്റെ അറിവോട്‌ കൂടിയല്ല. അതുകൊണ്ട്‌ നിയമപരമായി ഞാന്‍ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌. എനിക്കൊപ്പം അന്ന്‌ ഉദ്‌ഘാടനത്തില്‍ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്‌ട്രീയ നേതാവിനെയും വിവരം അറിയിച്ചിട്ടുണ്ട്‌. അദ്ദേഹവും നടപടികള്‍ എടുത്തോളാമെന്നു എനിക്ക്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌'- ഗായത്രി പറഞ്ഞു.

പി.ആര്‍. ഏജന്‍സികള്‍ വഴിയാണു പൊതുവേ ഉദ്‌ഘാടനങ്ങള്‍ വരികയെന്നും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അധികൃതരുമായി നേരിട്ട്‌ യാതൊരു ബന്ധവും തനിക്കില്ലെന്നും ഗായത്രി വ്യക്‌തമാക്കി. ഉദ്‌ഘാടനം വരുമ്പോള്‍ അത്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടാണെങ്കില്‍ അവര്‍ക്ക്‌ എല്ലാ സര്‍ട്ടിഫിക്കേഷനും ഉണ്ടോയെന്ന്‌ അന്വേഷിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളുമുണ്ടെന്ന അറിവോടെയാണ്‌ താനും ഉദ്‌ഘാടനത്തില്‍ പങ്കെടുത്തത്‌. ഉദ്‌ഘാടനത്തില്‍ പങ്കെടുക്കുന്നതിനു മുമ്പും ശേഷവും തനിക്ക്‌ ഈ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ആരുമായും നേരിട്ടു യാതൊരു തരത്തിലും ബന്ധമില്ല. വ്യക്‌തിപരമായി തനിക്കറിയില്ല. തന്റെ സമ്മതമില്ലാതെയാണ്‌ ഇവര്‍ അന്ന്‌ ഉദ്‌ഘാടനത്തിന്‌ എടുത്ത ഫോട്ടോ പബ്ലിസിറ്റിക്കായി ഉപയോഗിച്ചിരിക്കുന്നത്‌.

ഇതുകണ്ട്‌ പല കുഞ്ഞുങ്ങളും മാതാപിതാക്കളും നല്ല ഭാവി മുന്നില്‍കണ്ട്‌ പൈസ അടച്ചു. പിന്നെ ഇവരെ കോണ്‍ടാക്‌ട്‌ ചെയ്യുമ്പോള്‍ ഒരു വിവരവുമില്ല. ഇവരുടെ ഗൂഗിള്‍ അക്കൗണ്ട്‌ നോക്കിയപ്പോള്‍ നിരവധി പേര്‍ പറ്റിക്കപ്പെട്ട ഒരുപാട്‌ പേരുടെ റിവ്യൂ ഞാന്‍ കണ്ടു. മുന്നൂറിലധികം കുട്ടികളാണ്‌ ഇവരുടെ തട്ടിപ്പിന്‌ ഇരയായിരിക്കുന്നത്‌. കബളിപ്പിക്കപ്പെട്ടവര്‍ എത്രയും വേഗം നിയമപരമായി മുന്നോട്ടുപോകണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google