മലയാളത്തില്‍ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിന്‍. അസിനും ഭര്‍ത്താവ് മൈക്രോമാകസ് സഹസ്ഥാപകനുമായ രാഹുല്‍ ശര്‍മയും തങ്ങളുടെ പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അസിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭര്‍ത്താവ് പങ്കുവെച്ച ട്വീറ്റ് വൈറലാവുകയാണ്. അസിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആശംസ.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളുടെയെല്ലാം ഇന്‍ക്രെഡിബിള്‍ കോ-ഫൗണ്ടര്‍ അസിനാണെന്നാണ് രാഹുല്‍ കുറിപ്പില്‍ പറയുന്നത്. ‘ഈ നായികയുടെ ജീവിതത്തിലെ നായകനാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.10 സന്തോഷകരമായ വര്‍ഷങ്ങള്‍.. നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും ഹൈ-ഗ്രോത്ത് സ്റ്റാര്‍ട്ടപ്പ് പോലെ നീ നയിക്കട്ടെ, നിന്റെ ജീവിതത്തിന്റെ സെറ്റില്‍ എല്ലാദിവസവും ഞാന്‍ ഹാജരാകാം ’എന്നായിരുന്നു രാഹുലിന്റെ ഹൃദ്യമായ കുറിപ്പ്.
10 blissful years...She’s the incredible co-founder of everything that matters in my life, and I’m fortunate to be cast as a co-star in hers! Happy 10th anniversary, my love. May you run our home and my heart like a high-growth startup, and I show up on the set of your life… pic.twitter.com/rOIyXtyoyF— Rahul Sharma (@rahulsharma) January 19, 2026
സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും വലിയ ആരാധകരാണ് അസിനുളളത്. 2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയണ് അസിന്‍ സിനിമാരംഗത്തെത്തിയത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മയിലൂടെ തമിഴിലും അസിന്‍ ചുവടുറപ്പിച്ചു. കമല്‍ ഹാസന്‍, വിജയ്, സൂര്യ, പ്രഭാസ്, രവിതേജ, നാഗാര്‍ജുന, പവന്‍ കല്യാണ്‍ , ആമിര്‍ ഖാന്‍ തുടങ്ങി തമിഴിലേയും തെലുങ്കിലെയും, ഹിന്ദിയിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അസിന്‍ അഭിനയിച്ചു.
2016 ലായിരുന്നു രാഹുല്‍ ശര്‍മയുമായുളള അസിന്റെ പ്രണയ വിവാഹം. ക്രിസ്ത്യന്‍-ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. 2017 ല്‍ ഇവര്‍ക്ക് ആരിന്‍ എന്ന മകള്‍ ജനിച്ചു. വിവാഹശേഷം ക്യാമറക്കണ്ണുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറി കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുകയാണ് താരം.