ജ്ഞാനപീഠ പുരസ്കാരം നേടിയ ഗാനരചയിതാവ് വൈരമുത്തുവിനെ അഭിനന്ദിച്ച് നടൻ കമൽ ഹാസൻ. കാൽ നൂറ്റാണ്ടിന് ശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പുരസ്കാരമെത്തുന്നത് എന്ന് കമൽ ഹാസൻ എക്സിൽ കുറിച്ചു. 'കവികളിലെ ചക്രവർത്തി' എന്നാണ് കമൽ ഹാസൻ വൈരമുത്തുവിനെ വിശേഷിപ്പിച്ചത്.
‘തമിഴ് സാഹിത്യം, അതിന്റെ ദീർഘകാല പാരമ്പര്യത്തോടെ, അഭിമാനകരമായ ജ്ഞാനപീഠ പുരസ്കാരം മൂന്നാം തവണയും നേടിയിരിക്കുന്നു. ജയകാന്തനു ശേഷം, കാൽ നൂറ്റാണ്ടിനു ശേഷം, എൻ്റെ പ്രിയ സുഹൃത്തും കവി ചക്രവർത്തിയുമായ വൈരമുത്തു ഈ മഹത്തായ ബഹുമതി തമിഴിന് നേടി തന്നിരിക്കുന്നു.ആകാശം എനിക്കൊരു ബോധിവൃക്ഷമാണ്; എല്ലാ ദിവസവും എനിക്ക് നല്ല വാർത്തകൾ നൽകുന്നു. എന്ന എൻ്റെ കാതുകളിൽ പതിഞ്ഞ, ഹൃദയത്തിൽ പ്രവേശിച്ച, സൗഹൃദത്തിൽ ലയിച്ച കാവ്യാത്മകമായ വാക്കുകളോടെ, ഈ സുഹൃത്തിനെ അഭിനന്ദിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.’- കമൽ ഹാസൻ കുറിച്ചു.
நெடிய பரம்பரை கொண்ட தமிழிலக்கியத்துக்கு மூன்றாவது முறையாக உயரிய இலக்கிய விருதான ஞானபீடம் கிடைத்திருக்கிறது. ஜெயகாந்தன் பெற்ற முந்தைய ஞானபீடத்துக்குப் பிறகு, கால் நூற்றாண்டு கடந்து தமிழுக்கு இந்தப் பெரும்பெருமையைச் சேர்த்திருக்கிறார் என் ஆப்தர் கவிப்பேரரசு @Vairamuthu ‘வானம்…— Kamal Haasan (@ikamalhaasan) March 14, 2026
അതേസമയം സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. തമിഴിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. 50-ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.