അവാര്‍ഡ് ദാന ചടങ്ങിനിടെ മിമിക്രി താരം കലാഭവന്‍ സരിഗയ്ക്ക് കൈ നല്‍കാന്‍ വിസമ്മതിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന്‍ ശങ്കര്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ ഭാഗം താരം വ്യക്തമാക്കിയത്. നടന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും സരിഗയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശങ്കര്‍ വീഡിയോയില്‍ പറയുന്നു.
കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ദേശീയ കലാസംസ്‌കൃതിയുടെ പുരസ്‌കാര ചടങ്ങിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സരിഗയ്ക്ക് അവാര്‍ഡ് കൈമാറുന്നതിനിടെ ശങ്കര്‍ ഹസ്തദാനം നിരസിച്ചു എന്ന രീതിയിലുളള ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ശങ്കര്‍ പറയുന്നു. സിനിമയില്‍ എത്തിയിട്ട് 45 വര്‍ഷത്തോളമായെന്നും ഇതുവരെയും ആരെയും ഇന്‍സള്‍ട്ട് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇന്നലെത്തന്നെ സരിഗയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
‘നമസ്‌കാരം, ഇന്നലെ ഉണ്ടയ ചെറിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാന ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്. രണ്ടു മൂന്നു ദിവസം മുന്‍പ് ചങ്ങമ്പുഴ പാര്‍ക്കില്‍ ഒരു പരിപാടി നടന്നു. അവിടെ വെച്ച് നടന്ന ചടങ്ങില്‍ എന്നിക്ക് ദ്രോണ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നെ കൂടാതെ നിരവധി കലാകാരന്മാര്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു. അതില്‍ കലാഭവന്‍ സരിഗയ്ക്കും ഒരു അവാര്‍ഡ് ഉണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അവര്‍ക്ക് കൈ കൊടുത്തില്ല എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ അതൊരു വലിയ തെറ്റിദ്ധാരണയാണ്. വിനയന്‍ സാര്‍ അവാര്‍ഡ് നല്‍കിയ ശേഷം സരിഗ എനിക്ക് കൈ തരാന്‍ തുടങ്ങിയിട്ട് എന്റെ കാല് തൊട്ട് നമസ്‌കരിക്കാന്‍ വരികയും അവര്‍ കാല് പിടിക്കാന്‍ ആഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാന്‍ ഉദ്ദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാന്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിനൊന്നും വരുന്നില്ല.
സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ പത്തു 45 വര്‍ഷത്തോളമായി. ഇതുവരെ ആരെയും ഇന്‍സള്‍ട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗര്‍ഭാഗ്യകരമായ പ്രചാരണമായിപ്പോയി. അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാന്‍ സരിഗയെ വിളിച്ചിരുന്നു. ഞങ്ങള്‍ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഞാന്‍ അവരോട് സോറിയും പറഞ്ഞു. എല്ലാവര്‍ക്കും നന്ദി’- ശങ്കര്‍ പറഞ്ഞു.
കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെ നടന്‍ ശങ്കറും കലാഭവന്‍ സരിഗയും തമ്മിലുണ്ടായ ഒരു വീഡിയോ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം സരിഗ കൈനീട്ടിയെങ്കിലും ശങ്കര്‍ അത് നിരസിച്ച് കൈകള്‍ പിന്‍വലിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം. പൊതുവേദിയില്‍ ഒരു സഹപ്രവര്‍ത്തകയോട് കാണിക്കേണ്ട മര്യാദ നടന്‍ കാണിച്ചില്ലെന്നും, സരിഗയെ ഇത് പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു വിമര്‍ശനം.