Wednesday, March 18, 2026 Last Updated 18 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 12.25 AM

ദീപക്കിന്റെ മരണം: യുവതിക്കെതിരെ കേസെടുത്ത് പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

മരിച്ച ദീപക്കിന്റെ മാതാവ്‌ കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌. തിങ്കളാഴ്‌ച കന്യക കോഴിക്കോട്‌ സിറ്റി ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിരുന്നു.
uploads/news/2026/01/821618/k1.jpg

കോഴിക്കോട്‌: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിനു പിന്നാലെ യുവാവ്‌ തൂങ്ങിമരിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്‌.
കോഴിക്കോട്‌ വടകരയില്‍ താമസിക്കുന്ന ഷിംജിത മുസ്‌തഫയ്‌ക്ക്‌(35) എതിരേയാണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസ്‌ എടുത്തത്‌. ആത്മഹത്യാ പ്രേരണ കുറ്റമാണ്‌ ചുമത്തിയത്‌. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്‌. കേസ്‌ നോര്‍ത്ത്‌ സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട്‌ ഒരാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്‌ നിര്‍ദേശം നല്‍കി.
മരിച്ച ദീപക്കിന്റെ മാതാവ്‌ കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌. തിങ്കളാഴ്‌ച കന്യക കോഴിക്കോട്‌ സിറ്റി ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിരുന്നു. യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാണ്‌ പരാതിയിലെ ആവശ്യം. പോലീസ്‌ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
സാമൂഹികമാധ്യമത്തില്‍ പ്രതിഷേധം വ്യാപിച്ചതോടെ ദീപക്കിനെതിരെ പരാതി ഉന്നയിച്ച യുവതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക്‌ ചെയ്‌തു. വടകര പോലീസ്‌ സ്‌റ്റേഷനില്‍ പരിചയമുള്ള ഒരാളോട്‌ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ വാസ്‌തവ വിരുദ്ധമാണെന്ന്‌ വടകര പൊലീസ്‌ വ്യക്‌തമാക്കി.
കേസ്‌ നടത്തിപ്പില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ ഓള്‍ കേരള മെന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വട്ടിയൂര്‍ക്കാവ്‌ അജിത്‌ കുമാര്‍ ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അറിയിച്ചു. ദീപക്കിന്റെ കുടുംബത്തിന്‌ അസോസിയേഷന്‍ ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന്‌ രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ബസില്‍ വച്ച്‌ ദീപക്‌ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ അരീക്കാട്‌ സ്വദേശിയായ യുവതി വീഡിയോ പ്രചരിപ്പിച്ചിരുന്നു. ദീപക്‌ ശരീരത്തില്‍ സ്‌പര്‍ശിച്ചെന്നാണ്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപിച്ചത്‌. ബസില്‍വച്ച്‌ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. ഇത്‌ അതിവേഗം 20 ലക്ഷത്തിലേറെ പേര്‍ കാണുകയും നിരവധിപേര്‍ പങ്കുവെക്കുകയും ചെയ്‌തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ്‌ ദീപക്‌ ജീവനൊടുക്കിയത്‌. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നെന്നും വീഡിയോ വ്യാപകമായതോടെ ദീപക്‌ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു.
ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വസ്‌ത്രവ്യാപാരിയായിരുന്ന ദീപക്‌ കോഴിക്കോടുനിന്ന്‌ കണ്ണൂരിലേക്കു പോകുമ്പോഴാണ്‌ യുവതി വീഡിയോ ചിത്രീകരിച്ചത്‌. കണ്ടന്റ്‌ ക്രിയേറ്ററായ യുവതി ഇതു പരസ്യമാക്കി. ഇതിനു പിന്നാലെ യുവാവ്‌ ആശങ്കാകുലനായെന്നും അതാണ്‌ ആത്മഹത്യയിലേക്കു നയിച്ചെന്നും കുടൂംബത്തിന്റെ പരാതിയിലുണ്ട്‌. അരീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ വെള്ളേരി വെസ്‌റ്റ്‌ വാര്‍ഡിലെ മുന്‍ യു.ഡി.എഫ്‌ മെമ്പറാണു യുവതി.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 12.25 AM
YOU MAY BE INTERESTED
Ads by Google
Ads by Google