Wednesday, March 18, 2026 Last Updated 17 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 10.53 AM

വാജിവാഹനത്തിന്റെ അവകാശി ; ഊരാണ്മക്കാര്‍ക്ക് ഉടമസ്‌ഥാവകാശമില്ല, ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത; തന്ത്രിയെ തള്ളി സംസ്‌ഥാന ഉപാധ്യക്ഷന്‍

uploads/news/2026/01/821219/Vaji-vahana-2.jpg

ആലപ്പുഴ: തന്ത്രിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ടൂ ബി.ജെ.പി. നേതൃത്വത്തില്‍ ഭിന്നത. ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്‌ഠര്‌ രാജീവരാണെന്ന വാദം ശരിയല്ലെന്നും വാജിവാഹനം തന്ത്രിക്കു ദാനം ചെയ്‌ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്‌ചയാണെന്നും ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍ ഡോ.കെ.എസ്‌. രാധാകൃഷ്‌ണന്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്‌ അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. തന്ത്രിയുടെ അറസ്‌റ്റ്‌ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണോ എന്നായിരുന്നു തുടക്കത്തില്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറുടെ പ്രതികരണം. തന്ത്രിയെ സംരക്ഷിക്കില്ലെന്നു പിന്നീടു നിലപാടു വ്യക്‌തമാക്കിയ അദ്ദേഹം, തന്ത്രിയെ ജയിലിലിട്ടപ്പോള്‍ മന്ത്രി വീട്ടിലിരിക്കുന്നുവെന്നു കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.
കെ.എസ്‌. രാധാകൃഷ്‌ണന്‍ പറയുന്നതിങ്ങനെ:
തന്ത്ര സമുച്ചയം അനുസരിച്ചാണ്‌ വാജിവാഹനം തന്ത്രിക്കു സമര്‍പ്പിച്ചത്‌ എന്നാണ്‌ ആദ്യം കേട്ടത്‌. ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിയാണ്‌ തന്ത്ര സമുച്ചയം എഴുതിയത്‌. ക്ഷേത്ര നിര്‍മ്മാണം, മൂര്‍ത്തിയുടെ പ്രതിഷ്‌ഠാപനം, പരിഹാരക്രിയകള്‍ എന്നിവുമായി ബന്ധപ്പെട്ട അനുഷ്‌ഠാന ക്രിയകളാണ്‌ പുസ്‌തകത്തിലെ പ്രതിപാദ്യവിഷയം. അതിലൊരിടത്തും ക്ഷേത്രത്തിലെ വസ്‌തുവഹകളുടെ ഉടമസ്‌ഥാവകാശം തന്ത്രിക്ക്‌ ഉണ്ടെന്നു പറഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ വസ്‌തുവഹകളുടെ ഉടമസ്‌ഥാവകാശം ക്ഷേത്രത്തിന്റെ ഉടമകള്‍ക്കാണ്‌. അവരെയാണ്‌ കാരായ്‌മക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്‌.
പൂജ മുതലായ ക്രിയകള്‍ ചെയ്യുന്നവര്‍ ഊരാണ്മക്കാരാണ്‌. ഊരാണ്മക്കാര്‍ കാരായ്‌മക്കാരില്‍നിന്നും പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ്‌. ചിലപ്പോള്‍ അതിനെ ദക്ഷിണ എന്നും പറയാറുണ്ട്‌. തന്ത്രിയും ശാന്തിയും ഊരാണ്മക്കാരാണ്‌. അവര്‍ക്ക്‌ ക്ഷേത്രത്തിന്റെ വസ്‌തുവഹകളില്‍ ഉടമസ്‌ഥാവകാശമില്ല. അതുകൊണ്ട്‌, ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്‌ഠരര്‌ രാജീവരാണെന്ന വാദം ശരിയല്ല. ഇക്കാര്യം നന്നായി നിശ്‌ചയമുള്ള ഒരാള്‍ തന്ത്രിയാണ്‌.
കൊടിമരം പൊളിക്കാന്‍ തീരുമാനിച്ചത്‌ 2017 ഫെബ്രുവരിയിലാണ്‌. 2014, 2015, 2016 കൊടിമരം ജീര്‍ണിച്ചതായുള്ള പ്രചാരണം നടന്നിരുന്നു. ഒടുവില്‍ 2017 ഫെബ്രുവരി 19ന്‌ നിലവിലുണ്ടായിരുന്ന കൊടിമരം പൊളിച്ചു. പൊളിക്കാനുള്ള ക്രിയ നിര്‍വഹിച്ചത്‌ തന്ത്രി രാജീവരാണ്‌. സ്വര്‍ണ കൊടിമരമായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്നത്‌. ആ കൊടിമരം ചിതലെടുത്തതുകൊണ്ട്‌ ജീര്‍ണിച്ചു എന്ന വാദം ശരിയാണെന്ന്‌ ദേവപ്രശ്‌നത്തിലും കണ്ടെത്തി. കൊടിമരത്തിന്റെ ജീര്‍ണതയെക്കുറിച്ച്‌ ആദ്യം സംശയം തോന്നിയതും തന്ത്രിക്കായിരുന്നു. തന്ത്രിയുടെ തോന്നല്‍ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.
എന്നാല്‍ ഇവര്‍ ചിതലെടുത്തു എന്നു പറഞ്ഞ കൊടിമര ഭാഗം കോണ്‍ക്രീറ്റില്‍ തീര്‍ത്തതായിരുന്നു എന്നത്‌ പൊളിച്ചു കഴിഞ്ഞപ്പോഴാണ്‌ ബോധ്യമായത്‌. അക്കാര്യം ദേവപ്രശ്‌നത്തിലും കണ്ടെത്തിയില്ല. കോണ്‍ക്രീറ്റ്‌ ചിതലെടുക്കുന്നു എന്നു കണ്ടെത്തിയതിന്റെ മഹത്വവും തന്ത്രിക്കും പരിവാരങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. കൊടിമര സ്‌ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി ഒരു വക്കീല്‍ കമ്മിഷനെയും നിയമിച്ചു. അവരെല്ലാവരും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ സഹായത്തോടെ പുതിയ കൊടിമര സ്‌ഥാപനത്തിന്റെ
ചെലവ്‌ വഹിക്കാന്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്തി. ചെലവ്‌ വഹിച്ചതു സ്‌പോണ്‍സറായതുകൊണ്ട്‌ ഓഡിറ്റും ഒഴിവായി. തന്ത്രവിധി അനുസരിച്ചു പഴയ കൊടിമരം ജഡമായി മാറുന്നതുകൊണ്ട്‌ അതു സംസ്‌കരിക്കണം എന്നാണ്‌ വ്യവസ്‌ഥ. മരമാണെങ്കില്‍ ചിതയൊരുക്കി ദഹിപ്പിക്കണം. ലോഹമാണെങ്കില്‍ ഉരുക്കണം. കോണ്‍ക്രീറ്റാണെങ്കില്‍ പൊടിച്ചുകളയണം. കൊടിമരം മൊത്തം ജഡമായി മാറുമ്പോള്‍ കൊടിമരം പൊതിയുന്ന പറകളും കൊടിമരത്തിന്റെ മുകളില്‍ സ്‌ഥിതിചെയ്യുന്ന വാജിവാഹനവും കൊടിമരത്തിന്റെ അടിത്തറയില്‍ കാവല്‍ നില്‍ക്കുന്ന അഷ്‌ടദിക്‌പാലക വിഗ്രഹങ്ങളും ചൈതന്യം നശിച്ച്‌ ജഡമായി മാറും.
സ്വാഭാവികമായും ഈ വസ്‌തുവഹകള്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌റ്റോക്ക്‌ രജിസ്‌റ്ററില്‍ ചട്ടം അനുശാസിക്കും വിധം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. വാജിവാഹനം ദേവസ്വം മുതലായത്‌ കൊണ്ട്‌ അത്‌ ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും അനര്‍ഹമായ വസ്‌തു ദാനമായി സ്വീകരിക്കാന്‍ തന്ത്രിക്കും അവകാശമില്ല. അതുകൊണ്ട്‌ വാജിവാഹനം തന്ത്രിക്ക്‌ ദാനം ചെയ്‌ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്‌ചയാണ്‌. ദേവസ്വത്തിന്റെ സ്വത്ത്‌ കവര്‍ന്നെടുത്തു ഇഷ്‌ടക്കാര്‍ക്ക്‌ കൊടുത്തതിന്‌ അവര്‍ക്ക്‌ നടപടികള്‍ നേരിടേണ്ടിവരും. അനര്‍ഹമായ മുതല്‍ ദാനമായി സ്വീകരിക്കുന്നത്‌ മോഷണമാണ്‌. വേദം പഠിച്ചു എന്ന്‌ അവകാശപ്പെടുന്ന തന്ത്രി അത്‌ അറിയേണ്ടതാണ്‌. ഇല്ലാത്ത അവകാശം ഉണ്ടെന്നു വരുത്തി വാജി വാഹനം കൈവശപ്പെടുത്തി സൂക്ഷിച്ച തന്ത്രി അതിന്‌ സമാധാനം പറയേണ്ടി വരും. ദേവസ്വം സ്‌ട്രോങ്‌ റൂമില്‍ സൂക്ഷിക്കേണ്ട വാജിവാഹനം അനര്‍ഹമായ സ്‌ഥലത്ത്‌ ഇരുന്നതുകൊണ്ടാണ്‌ കളവുമുതല്‍ കണ്ടെടുക്കുന്നത്‌ പോലെ അത്‌ കണ്ടുകെട്ടി കോടതിയില്‍ എസ്‌.ഐ.ടി. ഹാജരാക്കിയത്‌.
ഇത്രയേറെ വസ്‌തുവഹകള്‍ സ്വന്തമായി ഉണ്ടായിട്ടും കുറ്റമറ്റ രീതിയില്‍ സ്‌റ്റോക്ക്‌ രജിസ്‌റ്റര്‍ സൂക്ഷിക്കുന്ന സമ്പ്രദായം ശബരിമലയില്‍ ഇല്ല എന്നാണ്‌ അറിയുന്നത്‌. കുറ്റമറ്റ രീതിയില്‍ സ്‌റ്റോക്ക്‌ രജിസ്‌റ്റര്‍ ഇല്ലാത്തത്‌ വസ്‌തുവഹകള്‍ അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ സൗകര്യപ്രദമായിരിക്കും. കൊടിമരത്തിന്റെ പറകളും അഷ്‌ടദിക്‌പാലക വിഗ്രഹങ്ങളും അനുബന്ധ വസ്‌തുവഹകളും സ്‌ട്രോങ്‌ റൂമില്‍ ഇല്ല എന്നാണ്‌ കേള്‍ക്കുന്നത്‌. അവയെല്ലാം നാടുകടത്തപ്പെട്ടു എന്നും കേള്‍ക്കുന്നു. അതും അന്വേഷിക്കുകതന്നെ വേണം. അക്കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാന്‍ എസ്‌.ഐ.ടിക്കു കഴിയുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ട്‌ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും രാധാകൃഷ്‌ണന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED
Ads by Google
Ads by Google