Thursday, March 19, 2026 Last Updated 2 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 08.30 AM

സമാധാനത്തിന് കിട്ടിയ നോബല്‍ മെഡല്‍ മച്ചാഡോ ട്രംപിന് കൊടുത്തു ; വൈറ്റ്ഹൗസിന് നടന്ന കൂടിക്കാഴ്ചയില്‍ കൈമാറി

uploads/news/2026/01/821042/nobal.jpg

ന്യൂയോര്‍ക്ക്: സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ അമേരിക്കന്‍ സന്ദര്‍ശന ത്തിനിടയില്‍ ഈ മെഡല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈറ്റ് ഹൗസിലെ സ്വകാര്യ കൂടിക്കാഴ്ചയില്‍ വെച്ചാണ് വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് നോബല്‍ സമ്മാന മെഡല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് നല്‍കിയത്.

അതേസമയം സമ്മാനം 'പങ്കിടുകയോ കൈമാറ്റം ചെയ്യുകയോ' ചെയ്യാന്‍ കഴിയില്ലെന്ന് ഈ ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നോബല്‍ പീസ് സെന്റര്‍ വ്യക്തമാക്കി. ''... ഒരു സത്യം അവശേഷിക്കുന്നു. നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പ്രസ്താവിക്കുന്നതുപോലെ: 'ഒരു നോബല്‍ സമ്മാനം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അത് പിന്‍വലിക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ല. തീരുമാനം അന്തിമവും എല്ലായ്പ്പോഴും നിലനില്‍ക്കുന്നതുമാണ്.'' എക്സിലെ ഒരു പോസ്റ്റില്‍ കമ്മിറ്റി എഴുതി.

ഈ മാസം ആദ്യം മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ യുഎസ് നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ഉള്‍പ്പെടെ വെനിസ്വേലയിലെ സമീപകാല സംഭവങ്ങളില്‍ ട്രംപിന്റെ ഇടപെടലിനുള്ള സമ്മാനമാണോ ഇതെന്ന് വ്യക്തമല്ല. ദീര്‍ഘകാല സ്വേച്ഛാധിപത്യ ഭരണത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും കീഴില്‍ പൊരുതുന്ന വെനിസ്വേലയില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാദിച്ചതിനാണ് 2025-ല്‍ മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. സമീപകാലത്ത് എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായും അതുകൊണ്ട് സമാധാനത്തിനുള്ള നോബല്‍ തനിക്കാണ് കിട്ടേണ്ടിയിരുന്നതെന്നും നേരത്തേ ട്രംപ് അവകാശപ്പെട്ടിരുന്നു.

മച്ചാഡോയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അവര്‍ തനിക്ക് മെഡല്‍ നല്‍കിയതിനെക്കുറിച്ചും ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. 'ഇന്ന് വെനിസ്വേലയിലെ മരിയ കൊറിന മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവര്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിച്ച ഒരു അത്ഭുതകരമായ സ്ത്രീയാണ്. ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തിന് മരിയ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സമ്മാനിച്ചു. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണിത്.'' ട്രംപ് കുറിച്ചു. മച്ചാഡോ മെഡല്‍ വൈറ്റ് ഹൗസില്‍ ഉപേക്ഷിച്ചു, അത് നിലവില്‍ പ്രസിഡന്റിന്റെ കൈവശമുണ്ടെന്ന് സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Ads by Google
Friday 16 Jan 2026 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google