Wednesday, March 18, 2026 Last Updated 17 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Thursday 15 Jan 2026 11.35 PM

കേരളാ കോണ്‍ഗ്രസ്‌(എം) മുന്നണി മാറുമോ? അണികളില്‍ ആശയക്കുഴപ്പം, പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം ഇന്ന്‌, യു.ഡി.എഫിലും അനിശ്ചിതത്വം

ഇടതുമുന്നണിയുടെ പരിപാടികളില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രതിനിധികളുടെ സാന്നിധ്യവും കുറഞ്ഞു. നാളെ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാലോ എന്നു കരുതി യു.ഡി.എഫ്‌ നേതാക്കളും പ്രവര്‍ത്തകരും പരമാവധി മൗനം പാലിക്കുകയാണ്‌
uploads/news/2026/01/821022/k3.jpg

കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണെന്നും മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും നേതൃത്വം ആവര്‍ത്തിക്കുമ്പോഴും അണികളില്‍ ആശയക്കുഴപ്പം.
അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ പരിപാടികളില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രതിനിധികളുടെ സാന്നിധ്യവും കുറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്‌ ഭരണസമിതികളില്‍ പോലും ഈ അനിശ്ചിതത്വം വ്യക്‌തമാണ്‌. യു.ഡി.എഫിലും ഇതേ സ്‌ഥിതിയാണ്‌. നാളെ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാലോ എന്നു കരുതി യു.ഡി.എഫ്‌ നേതാക്കളും പ്രവര്‍ത്തകരും പരമാവധി മൗനം പാലിക്കുകയാണ്‌.
മുന്നണി മാറ്റ ചര്‍ച്ചകളുടെ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം ഇന്ന്‌ കോട്ടയത്ത്‌ ചേരും. യോഗത്തില്‍ യുക്‌തമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ.മാണിയെ ചുമതലപ്പെടുത്തുമെന്നാണ്‌ അറിയുന്നത്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള മേഖലകളില്‍ ഇടതുമുന്നണിക്ക്‌ കനത്ത തിരിച്ചടി നേരിട്ടതോടെയാണ്‌ മുന്നണി മാറ്റ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായത്‌. കേരള കോണ്‍ഗ്രസി(എം)ന്റെ അടിസ്‌ഥാന വോട്ട്‌ ബാങ്കായ കത്തോലിക്കാ സഭയും പാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുു. എന്നാല്‍ കത്തോലിക്കാ സഭയാണ്‌ കേരളാ കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതില്‍ സഭാ നേതൃത്വം അതൃപ്‌തിയിലാണ്‌.

മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി പങ്കെടുക്കാതിരുന്നതോടെയാണ്‌ കേരള കോണ്‍ഗ്രസ്‌ എല്‍.ഡി.എഫ്‌. വിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്‌.ഇതിന്‌ പിന്നാലെ എല്‍.ഡി.എഫില്‍ തുടരുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിനും പ്രമോദ്‌ നാരായണന്‍ എം.എല്‍.എ.യും ഫെയ്‌സ്‌ബുക്കില്‍ കുറിച്ചുതോടെ പാര്‍ട്ടിയിലെ ഭിന്നതയും പുറത്തായി. മുന്നണി മാറുന്നത്‌ സംബന്ധിച്ച്‌ ഒരു നിലപാടും പ്രഖ്യാപിക്കാതിരിക്കേ ഫെയ്‌സ്‌ബുക്കിലൂടെ നടത്തിയ 'തുടരും' പരാമര്‍ശമാണ്‌ ഈ വിഷയം വഷളാക്കിയതെന്നാണ്‌ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നണി മാറ്റ ചര്‍ച്ചകള്‍ പുറത്തുവന്നതില്‍ ഏറെ ക്ഷീണം നേരിടേണ്ടി വന്നതും ജോസ്‌ കെ. മാണിയാണ്‌. മുന്നണി മാറ്റ ചര്‍ച്ചകള്‍ പുറത്തുവിട്ടത്‌ നഷ്‌കളങ്കമായി ചെയ്‌തതാണെന്ന്‌ ജോസ്‌ കെ.മാണിയോടൊപ്പമുള്ളവര്‍ കരുതുന്നില്ല. പാര്‍ട്ടിയിലെ അഞ്ച്‌ എം.എല്‍.എ.മാരും ഒറ്റക്കെട്ടായിരിക്കുമെന്നു ജോസ്‌ കെ.മാണി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മുന്നണി മാറ്റ ചര്‍ച്ചകള്‍ ഐക്യത്തില്‍ വിള്ളല്‍ വിഴ്‌ചത്തിയിട്ടുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
കേരളാ കോണ്‍ഗ്രസ്‌ (എം) കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ഇടതുപക്ഷത്താണെങ്കിലും അണികളുടെ മനസ്‌ ഇപ്പോഴും യു.ഡി.എഫിനൊപ്പമാണെന്ന്‌ പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നു. കേരളാ കോണ്‍ഗ്രസി(എം)ന്‌ സ്വധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെയും ഇതിന്‌ മുമ്പ്‌ നടന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലെയും വോട്ടിംഗ്‌ പാറ്റേണ്‍ നോക്കിയാല്‍ ഇത്‌ വ്യക്‌തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാ കോണ്‍ഗ്രസിന്‌ ശക്‌തമായ വേരോട്ടമുള്ള സ്‌ഥലങ്ങളില്‍ പോലും യു.ഡി.എഫാണ്‌ വിജയിച്ചത്‌.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google