Thursday, March 19, 2026 Last Updated 17 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 15 Jan 2026 12.19 AM

FIR മുതല്‍ അറസ്‌റ്റ് വരെയുള്ള നടപടികളില്‍ ഗുരുതര നിയമലംഘനം? എസ്‌.ഐ.ടി. മേധാവിക്കെതിരേ രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക്‌

ഈ കേസില്‍ പരാതിക്കാരി ഇന്ത്യയില്‍ എത്തിയിട്ടില്ല. അതിനാല്‍ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്ന വാദമാണ്‌ ഉയരുന്നത്‌.
uploads/news/2026/01/820817/k8.jpg

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ പീഡനക്കേസില്‍ പരാതിക്കാരി രാജ്യത്തില്ലെന്നും കാനഡയിലാണെന്നും എസ്‌.ഐ.ടി. വ്യക്‌തമാക്കുന്ന സാഹചര്യത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌ട്രേഷന്‍ മുതല്‍ അറസ്‌റ്റ് വരെയുള്ള നടപടികളില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന്‌ ആരോപണം.

നിയമപ്രകാരം ഇ-മെയില്‍ വഴി അയയ്‌ക്കുന്ന പരാതി പോലീസിന്‌ സ്വീകരിക്കാം. എന്നാല്‍, അത്‌ പ്രാഥമിക വിവരം മാത്രമാണ്‌. ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത അനുസരിച്ച്‌, പരാതിക്കാരി മൂന്ന്‌ ദിവസത്തിനകം ബന്ധപ്പെട്ട പോലീസ്‌ സ്‌റ്റേഷനില്‍ നേരിട്ട്‌ ഹാജരായി, സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറുടെ മുന്നില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒപ്പിടണം. ഇത്‌ പൂര്‍ത്തിയായാല്‍ മാത്രമേ കേസ്‌ നിയമപരമായി നിലനില്‍ക്കുകയുള്ളൂ. അതിന്റെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റും തുടര്‍നടപടികളും സാധുവാകുകയും ചെയ്യൂ. എന്നാല്‍ ഈ കേസില്‍ പരാതിക്കാരി ഇന്ത്യയില്‍ എത്തിയിട്ടില്ല. അതിനാല്‍ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്ന വാദമാണ്‌ ഉയരുന്നത്‌.

ഈ പശ്‌ചാത്തലത്തിലാണ്‌, അറസ്‌റ്റിന്‌ നേതൃത്വം നല്‍കിയ എസ്‌.ഐ.ടി. മേധാവി എസ്‌.പി പൂങ്കുഴലിക്കെതിരേ നാളെ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന്‌ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ശാസ്‌തമംഗലം എസ്‌. അജിത്‌ കുമാര്‍ 'മംഗളം' ദിനപത്രത്തോടു പറഞ്ഞു. ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ എസ്‌.ഐ.ടി. തീരുമാനിച്ചു. കാനഡയിലെ ഇന്ത്യന്‍ എംബസി വഴിയുള്ള വിഡിയോ കോണ്‍ഫറന്‍സിങ്‌ സംവിധാനത്തിലാണ്‌ മൊഴിയെടുക്കുക. ഇതിന്‌ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ അനുമതി തേടും. അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ രണ്ട്‌ മൊബൈല്‍ ഫോണുകളും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധിക്കാനാണ്‌ തീരുമാനം.

ഇതിന്‌ മുന്നോടിയായി, എസ്‌ഐടി മേല്‍നോട്ട ചുമതലയുള്ള എസ്‌.പി പൂങ്കുഴലി ഇന്നലെ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പാലച്ചല്ല രാഹുലിനെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google