Thursday, March 19, 2026 Last Updated 18 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 15 Jan 2026 12.19 AM

ആ കടുവ വ്യാജനോ? കമ്പളക്കാട്‌ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെന്ന മട്ടില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ എ.ഐ നിര്‍മിതം? നാട്ടുകാര്‍ ആശങ്കയില്‍

ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ വനംവകുപ്പ്‌ തെരച്ചില്‍ നടത്തുകയും പട്രോളിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. പോലീസും ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പിന്‌ പൂര്‍ണ പിന്തുണ നല്‍കി ഒപ്പംനിന്നു. ഒടുവില്‍ പ്രദേശത്ത്‌ കടുവസാന്നിധ്യം ഇല്ലെന്നു സ്‌ഥിരീകരിച്ചതോടെ ആശങ്കയകന്നു.
uploads/news/2026/01/820815/k6.jpg

മാനന്തവാടി: വയനാട്‌ കമ്പളക്കാട്‌ വണ്ടിയാമ്പറ്റയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെന്ന മട്ടില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ എ.ഐ നിര്‍മിതമാണോയെന്ന സംശയം ശക്‌തമാകുന്നു. കഴിഞ്ഞദിവസം രാത്രി കടുവയെ കണ്ടതായി കമ്പളക്കാട്‌ ടൗണിലെ ഓട്ടോഡ്രൈവറാണു നാട്ടുകാരെ അറിയിച്ചത്‌. ഇയാള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന കടുവയുടെ ചിത്രങ്ങള്‍ രാത്രിയില്‍ത്തന്നെ പോലീസിന്‌ കാണിച്ചുകൊടുത്തിരുന്നു. തുടര്‍ന്ന്‌ ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായിരുന്നു.

വിവരമറിഞ്ഞ്‌ കല്‍പ്പറ്റ ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആര്‍.ആര്‍.ടി ടീമും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ തൊഴിലാളികള്‍ ജോലിക്കു പോകുന്നത്‌ ഒഴിവാക്കി. പ്രദേശത്തെ മദ്രസകള്‍ക്ക്‌ അവധി നല്‍കുകയും ചെയ്‌തു.

ഇതിനിടെ ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ വനംവകുപ്പ്‌ തെരച്ചില്‍ നടത്തുകയും പട്രോളിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. പോലീസും ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പിന്‌ പൂര്‍ണ പിന്തുണ നല്‍കി ഒപ്പംനിന്നു. ഒടുവില്‍ പ്രദേശത്ത്‌ കടുവസാന്നിധ്യം ഇല്ലെന്നു സ്‌ഥിരീകരിച്ചതോടെ ആശങ്കയകന്നു. അതേസമയം ചിത്രങ്ങള്‍ വളരെ വേഗം പ്രചരിപ്പിച്ചതോടെ വനംവകുപ്പിനും പോലീസിനും ഇതിന്റെ ആധികാരികത സംബന്ധിച്ച്‌ സംശയം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ വായനശാലാ ഭാരവാഹികള്‍ ചിത്രത്തെക്കുറിച്ച്‌ അന്വേഷണമാവശ്യപ്പെട്ട്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
പോലീസ്‌ രഹസ്യാന്വേഷണ വിഭാഗവും ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുന്നുണ്ട്‌. വനംവകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത്തരം വ്യാജപ്രചരണങ്ങള്‍ സാരമായി ബാധിക്കുന്നുണ്ട്‌. കടുവയോടും പുലിയോടും ഏറെ സാമ്യമുള്ള പൂച്ചപ്പുലി, കാട്ടുപൂച്ച എന്നിവ രാത്രികാലങ്ങളില്‍ അതിവേഗം ഓടി മറയുന്നതും തെറ്റിദ്ധാരണകള്‍ക്ക്‌ ഇടയാക്കാറുണ്ട്‌. വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും ജില്ലയിലെ ഉദ്യോഗസ്‌ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വനംവകുപ്പ്‌ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Ads by Google
സ്വന്തം ലേഖകന്‍
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google