Thursday, March 19, 2026 Last Updated 13 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
സി.ഒ.ടി. അസീസ്‌
Thursday 15 Jan 2026 12.19 AM

ഒരു സംസ്‌ഥാനത്ത്‌ ഒരു ആര്‍.എന്‍.യു. മതി, ആകാശവാണി കോഴിക്കോട്‌ ന്യൂസ്‌ യൂണിറ്റ്‌ നിര്‍ത്തലാക്കാന്‍ നീക്കം, തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതല്ല?

പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ജനതയുമായി ബന്ധപ്പെടാന്‍ റേഡിയോയിലെ മന്‍ കി ബാത്തിനെ ആശ്രയിക്കുന്ന വേളയിലാണ്‌ കോഴിക്കോട്ടെ ന്യൂസ്‌ യൂണിറ്റ്‌ ഇല്ലാതാകുന്നത്‌. ഈ തലതിരിഞ്ഞ തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതല്ലെന്നറിയുന്നു.
uploads/news/2026/01/820798/akashavani-calicut.jpg

കോഴിക്കോട്‌; ആറ്‌ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആകാശവാണി കോഴിക്കോട്‌ റീജിയണല്‍ ന്യൂസ്‌ യൂണിറ്റ്‌ (ആര്‍.എന്‍.യു) നിര്‍ത്തലാക്കാന്‍ ശക്‌തമായ നീക്കം. ഇതിനുമുമ്പും നിര്‍ത്തലാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു.

ഒരു സംസ്‌ഥാനത്ത്‌ ഒരു ആര്‍.എന്‍.യു. മതിയെന്ന നിലപാടാണ്‌ കോഴിക്കോട്‌ യൂണിറ്റിന്‌ തിരിച്ചടിയാകുന്നത്‌. കേരളത്തിലെ മറ്റൊരു യൂണിറ്റ്‌ തിരുവനന്തപുരത്താണ്‌. കോഴിക്കോട്‌ യൂണിറ്റ്‌ നേരത്തെ നിര്‍ത്തലാക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി, എം.കെ. രാഘവന്‍ എം.പി. എന്നിവരുടെ ഇടപെടലാണ്‌ തുണയായത്‌.

ന്യൂസ്‌ റീഡര്‍ തസ്‌തികയിലെ ഉദ്യോഗസ്‌ഥന്‍ ഈ വര്‍ഷം മേയ്‌ 31ന്‌ വിരമിക്കുന്നതോടെ യൂണിറ്റ്‌ ഇല്ലാതാവുമെന്നാണു സൂചന. മുമ്പ്‌ ഒരു ന്യൂസ്‌ റീഡര്‍ വിരമിച്ചപ്പോള്‍ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ്‌ എന്ന പേരില്‍ മലയാള പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്‌തിരുന്നയാളെ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുകയായിരുന്നു.

എഴുത്തു പരീക്ഷ, ശബ്‌ദപരിശോധന, അഭിമുഖം എന്നിവയ്‌ക്കു ശേഷമാണ്‌ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെടുന്നത്‌. ബിരുദം, ജേണലിസം പി.ജി, മാധ്യമ സ്‌ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ പരിഗണിച്ചാണ്‌ എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നത്‌. നിലവിലെ ന്യൂസ്‌ റീഡര്‍ വിരമിക്കുമ്പോള്‍ ഇതേ തസ്‌തികയിലേക്ക്‌ ഒരാളെ കൂടി നിയമിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാവും. അല്ലെങ്കില്‍ ഉദ്യോഗസ്‌ഥന്റെ സേവന കാലാവധി പ്രസാര്‍ ഭാരതി നീട്ടിയാലും മതി.

കോഴിക്കോട്‌ റേഡിയോ സ്‌റ്റേഷന്‍ വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ ന്യൂസ്‌ റീഡര്‍ കം ട്രാന്‍സ്‌ലേറ്റര്‍ പാനലില്‍ ഇരുപതിലേറെ പേര്‍ ഇപ്പോഴുണ്ട്‌. ഇവര്‍ക്ക്‌ പുറമേയാണ്‌ ജില്ലാ തലത്തിലുള്ള ലേഖകന്മാര്‍. ആര്‍.എന്‍.യു. ഇല്ലാതാകുന്നത്‌ ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കും.
രാവിലെ 6.45നും 12.30നുള്ള പത്തു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള രണ്ട്‌ ബുള്ളറ്റിനുകള്‍ക്ക്‌ പുറമേ രാവിലെ ആറിനും ഉച്ചയ്‌ക്ക് രണ്ടിനുമിടയില്‍ രണ്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഒമ്പത്‌ ബുള്ളറ്റിനുകളാണ്‌ കോഴിക്കോട്‌ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്‌.

ഇന്റര്‍നെറ്റ്‌ വ്യാപകമായതോടെ ലോകത്തിന്റെ എല്ലാ ഭാഗത്തും കോഴിക്കോട്‌ ആകാശവാണിക്ക്‌ ശ്രോതാക്കളുണ്ട്‌. നിരവധി വാട്ട്‌ആപ്പ്‌ ഗ്രൂപ്പുകളിലൂടെയും ഗള്‍ഫ്‌ രാജ്യങ്ങളിലും ബുള്ളറ്റിനുകള്‍ പ്രവഹിക്കുന്നു.
1965 ഏപ്രില്‍ 14നാണ്‌ കോഴിക്കോട്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.
തിരുവനന്തപുരത്ത്‌ നിന്നുള്ള ബുള്ളറ്റിനുകളില്‍ വരുന്നതിലും പ്രാധാന്യത്തോടെ മലബാര്‍ പ്രദേശത്തെ വാര്‍ത്തകള്‍ ശ്രോതാക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇരു പ്രദേശങ്ങളിലേയും ഭാഷയും സംസ്‌കാരവും വ്യത്യസ്‌ഥമാണെന്നതു പരിഗണിച്ചാണ്‌ ആര്‍.എന്‍.യു. തുടങ്ങിയത്‌.
പ്രമുഖ സാഹിത്യകാരന്മായിരുന്ന മണ്‍മറഞ്ഞ എസ്‌.കെ പൊറ്റക്കാടും തിക്കോടിയനും യു.എ. ഖാദറുമെല്ലാം നിലയത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകിയിട്ടുണ്ട്‌. അവഗണിക്കപ്പെട്ട മലബാറിന്റെ ശബ്‌ദമായിരുന്നു കോഴിക്കോട്‌ നിലയം.
കോഴിക്കോട്‌ ആകാശവാണിയിലെ ലേഖകന്‍ എന്ന തസ്‌തിക 2017 മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ്‌. ലക്ഷദ്വീപുകാരനായ പി.എം. സഈദ്‌ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായ വേളയില്‍ ആരംഭിച്ച പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) ഓഫീസും അടച്ചു പൂട്ടിയതും കോഴിക്കോടിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിയുന്നതിന്റെ ഭാഗമായിട്ടാണ്‌.
പുതിയ പദവികള്‍ സൃഷ്‌ടിക്കരുത്‌, വിരമിച്ചവര്‍ക്ക്‌ പകരം ആളെ നിയമിക്കരുതെന്ന കേന്ദ്ര നയമാണ്‌ കോഴിക്കോട്‌ ആര്‍.എന്‍.യുവിനും തിരിച്ചടിയാകുന്നത്‌.
വേക്കന്‍സി വരുമ്പോള്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിച്ചാല്‍ മതിയെന്നതാണ്‌ നിലപാട്‌.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ജനതയുമായി ബന്ധപ്പെടാന്‍ റേഡിയോയിലെ മന്‍ കി ബാത്തിനെ ആശ്രയിക്കുന്ന വേളയിലാണ്‌ കോഴിക്കോട്ടെ ന്യൂസ്‌ യൂണിറ്റ്‌ ഇല്ലാതാകുന്നത്‌. ഈ തലതിരിഞ്ഞ തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതല്ലെന്നറിയുന്നു.
ചെലവ്‌ ചുരുക്കി മാതൃക കാണിച്ച്‌ നല്ല പിള്ള ചമയാനുള്ള തലസ്‌ഥാനത്തെ ചില ഉദ്യോഗസ്‌ഥ മേധാവികളുടെ ശ്രമമാണ്‌ നീക്കത്തിന്‌ പിന്നില്‍. എന്നാല്‍ ലേഖകരെ നിലനിര്‍ത്തുമ്പോള്‍ ചെലവൊട്ടും കുറയുന്നില്ലെന്നതാണ്‌ വസ്‌തുത.
യുനെസ്‌കോ സാഹിത്യപദവി കൈവരിച്ച കോഴിക്കോട്‌ നഗരത്തിനും വടക്കന്‍ കേരളത്തിനും തിരിച്ചടിയാകും യൂണിറ്റ്‌ അടച്ചുപൂട്ടല്‍.

സി.ഒ.ടി. അസീസ്‌

Ads by Google
സി.ഒ.ടി. അസീസ്‌
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google