Thursday, March 19, 2026 Last Updated 0 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 05.11 PM

ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല: ജോസ് കെ മാണി വിഷയത്തില്‍ രമേശ് ചെന്നിത്തല

udf, win, kerala, election

തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളില്‍ വ്യക്തമായ നിലപാട് രേഖപ്പെടുത്തി രമേശ് ചെന്നിത്തല. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി,. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ തുടരുമെന്നാണ് പറയുന്നത്, അവര്‍ മുന്നണി വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മാത്രമേ യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാര്‍ട്ടികളെ ചാക്കിട്ട് പിടിക്കാനല്ല, മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ ചെന്നിത്തല സ്വാഗതം ചെയ്തു. താന്‍ ചേര്‍ന്ന പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടിയെന്ന് അവര്‍ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപജയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധികാരമോഹം കൊണ്ടല്ല, മറിച്ച് പാര്‍ട്ടിയിലെ അവഗണനയും പ്രശ്‌നങ്ങളും കാരണമാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ ഇടതുപക്ഷം വിട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു,.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും, പഞ്ചായത്ത്പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കെപിസിസി വാങ്ങിയ ഭൂമി ആനത്താരയാണെന്ന ആരോപണം ചെന്നിത്തല തള്ളി. വയനാട്ടില്‍ വന്യമൃഗസാന്നിധ്യമില്ലാത്ത സ്ഥലങ്ങള്‍ കുറവാണെന്നും, പാര്‍ട്ടി വാങ്ങിയ സ്ഥലം വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും. സി.പി.എം നടത്തുന്ന നുണപ്രചരണങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 14 Jan 2026 05.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google